
തിരുവനന്തപുരം ∙ ഭൂപതിവ് നിയമ ഭേദഗതിയിലെ ചട്ടങ്ങൾക്കു അംഗീകാരം നൽകിയത് ഇടുക്കിയിലെ ജനങ്ങൾ അടക്കം മലയോര ജനതയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ ഓണ സമ്മാനമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നിയമസഭാംഗമെന്ന എന്ന നിലയിൽ കാൽ നൂറ്റാണ്ടോളം നീണ്ട
പ്രവർത്തനകാലത്ത് ഏറ്റവും ചാരിതാർഥ്യം തോന്നിയ നിമിഷമാണിതെന്നും മന്ത്രി പറഞ്ഞു. ഭൂപതിവ് നിയമവുമായി ബന്ധപ്പെട്ട് വർഷങ്ങളായി ജനങ്ങൾക്കുണ്ടായിരുന്ന എല്ലാവിധത്തിലുള്ള ആശങ്കകൾക്കും ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ അറുതിയാവുമെന്നും മന്ത്രി പറഞ്ഞു.
ഇടതുപക്ഷ മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് ഇതോടെ പാലിക്കപ്പെടുന്നത്.
സബ്ജക്ട് കമ്മിറ്റിയുടെ കൂടി അനുമതി ലഭിക്കുന്നതോടെ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും. ജനങ്ങൾക്ക് ഭൂമി ക്രമവത്കരിക്കുന്നതിന് ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനും സർക്കാർ ശ്രമിച്ചിട്ടുണ്ട്.
എല്ലാവർക്കും സ്വീകാര്യമായ ചട്ടങ്ങളാണ് സർക്കാർ കൊണ്ടുവന്നതെന്നതാണ് എടുത്തു പറയേണ്ടത്. 63 വർഷമായി ഹൈറേഞ്ചിലെ കർഷകരെ അലട്ടിയിരുന്ന പട്ടയ പ്രശ്നങ്ങൾക്കാണ് പരിഹാരമായിരിക്കുന്നത്.
ചട്ടങ്ങൾ തയാറാക്കുന്ന ഘട്ടത്തിൽ ഇടുക്കിയിലെ ജനത മാത്രമായി നേരിടുന്ന പ്രശ്നങ്ങൾ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയനെയും റവന്യൂ മന്ത്രി കെ. രാജനെയും പലകുറി നേരിൽ കണ്ടു ചർച്ച നടത്തിയിരുന്നു.
വീടുകൾ വലിപ്പം നോക്കാതെ ക്രമപ്പെടുത്തണമെന്നതടക്കം മുന്നോട്ടു വച്ച നിർദേശങ്ങൾ സ്വീകരിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തിയാണ് അന്തിമ ചട്ടങ്ങൾ തയാറാക്കിയിരിക്കുന്നത്.
1964യെ ഭൂപതിവ്, 1993ലെ പ്രത്യേക ഭൂപതിവ് ചട്ടങ്ങളിൽ കാർഷികേതര പ്രവർത്തനങ്ങൾ കൂടി നടത്താൻ സാഹചര്യമൊരുക്കുന്നത് മലയോര ജനതയുടെ ജീവിതം മാറ്റിമറിക്കും. ഇവിടേക്ക് കൂടുതൽ പദ്ധതികൾ വരാൻ സാഹചര്യമൊരുക്കും.
ടൂറിസം രംഗത്ത് അടക്കം മലയോര മേഖലയുടെ പുത്തനുണർവിന് പുതിയ ചട്ടങ്ങൾ സാഹചര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]