അടിമാലി ∙ കനത്ത മഴയിൽ കല്ലാർകുട്ടി വെള്ളത്തൂവൽ റോഡിൽ മൂന്നിടത്ത് മണ്ണിടിച്ചിൽ. വെള്ളത്തൂവൽ പ്ലസ്ടു സ്കൂളിനു സമീപവും, ഇഞ്ചത്തൊട്ടി പനംകുട്ടി റോഡിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
വെള്ളത്തൂവൽ യാക്കോബായ പള്ളിക്ക് സമീപവും പൊലീസ് സ്റ്റേഷനു സമീപം കല്ലുറോഡിലും ശല്യാംപാറ പണ്ടാരംപടിക്കു സമീപവുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്.വെള്ളത്തൂവൽ– ആനച്ചാൽ റോഡിൽ പ്ലസ്ടു സ്കൂൾപടിക്ക് സമീപം മണ്ണിടിഞ്ഞു ഇല്ലിത്തുറു നിരിങ്ങിയെത്തി റോഡിലേക്ക് പതിച്ചു. പൊതുമരാമത്തു വകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ തടസ്സങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനരാരംഭിച്ചു.
കൊന്നത്തടി പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി– പനംകുട്ടി റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
കട്ടിങ് സൈഡിൽ നിന്നിരുന്ന മരങ്ങളും കടപുഴകി റോഡിലേക്ക് പതിക്കുകയായിരുന്നു. കനത്ത മഴയിൽ ദേവിയാർ പുഴ പലയിടങ്ങളിലും കരകവിഞ്ഞൊഴുകി. ദേവിയാർ പുഴയുടെ ഭാഗമായ അടിമാലി തോട് പലയിടങ്ങളിലും കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.വാളറയ്ക്ക് സമീപവും കെടിഡിസി പടിയിലും മണ്ണിടിച്ചിലുണ്ടായി.
ഇവിടെയും ദേശീയപാതയുടെ നവീകരണ ജോലികൾ തടസ്സപ്പെട്ടു കിടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്.
കമ്പിളിക്കണ്ടം– പാറത്തോട് റോഡിൽ കണ്ണാടിപ്പാറ ഉമാ മഹേശ്വര ക്ഷേത്രം ജംക്ഷനിൽ മൺതിട്ട ഇടിഞ്ഞ് ക്ഷേത്രത്തിന്റെ ഭണ്ഡാരം തകർന്നു. മൺതിട്ടയ്ക്ക് മുകൾ ഭാഗത്തായുള്ള കല്ലത്ത് ജോയിയുടെ വീട് അപകട
ഭീഷണിയിലായി. വെള്ളത്തൂവൽ– കൊന്നത്തടി റോഡിൽ പൈപ്പ് ലൈനിനു സമീപവും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.
മൂന്നാർ പൊലീസ് സ്റ്റേഷന് മുൻപിൽ മണ്ണിടിഞ്ഞു
മൂന്നാർ ∙ കനത്ത മഴയെ തുടർന്ന് മൂന്നാർ പൊലീസ് സ്റ്റേഷന് മുൻപിൽ മണ്ണിടിഞ്ഞു വീണു.
മണ്ണിടിച്ചിലിനെ തുടർന്ന് ഡിവൈഎസ്പി ഓഫിസ്, ക്വാർട്ടേഴ്സുകൾ എന്നിവ കൂടുതൽ അപകടാവസ്ഥയിലായി. വെള്ളിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലാണ് പൊലീസ് സ്റ്റേഷനു സമീപമുള്ള ഡിവൈഎസ്പി മുൻപിൽ മണ്ണിടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചത്.
കൊച്ചി-ധനുഷ്കോടി ദേശീയപാത വികസനത്തിന്റെ ഭാഗമായി ഈ ഭാഗത്തെ മൺതിട്ടയിൽനിന്നു വൻതോതിൽ മണ്ണ് നീക്കം ചെയ്തെങ്കിലും സംരക്ഷണ ഭിത്തി നിർമിക്കാത്തതിനാലാണ് ഈ ഭാഗത്ത് മണ്ണിടിച്ചിൽ പതിവായത്. മഴക്കാലമായതോടെ പൊലീസ് സ്റ്റേഷൻ, ഡിവൈഎസ്പി ഓഫിസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ ജീവൻ പണയം വച്ചാണ് ഓഫിസുകളിലും ക്വാർട്ടേഴ്സുകളിലും കഴിയുന്നത്.
2018ലെ പ്രളയത്തിലും 2020, 21 വർഷങ്ങളിലെ മഴക്കാലത്തും ഈ ഭാഗത്ത് വൻതോതിൽ മണ്ണിടിച്ചിലുകളുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]