രാജകുമാരി∙ ലോക്കൽ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചു വിജയിച്ച മുതിർന്ന നേതാവിനെതിരെ സിപിഎം നടപടി. സിപിഎം രാജാക്കാട് ഏരിയ കമ്മിറ്റിയംഗം എ.പി.രവീന്ദ്രനെയാണ് രാജകുമാരി സൗത്ത് ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്.
എന്നാൽ നടപടി അംഗീകരിക്കില്ലെന്നും അംഗത്വത്തിൽനിന്ന് ഒഴിവാക്കണമെന്നും എ.പി.രവീന്ദ്രൻ ഏരിയ കമ്മിറ്റിയെ അറിയിച്ചെന്നാണ് വിവരം. തുടർച്ചയായി 2 തവണ സിപിഎം രാജകുമാരി നോർത്ത് ലോക്കൽ സെക്രട്ടറിയായിരുന്നു എ.പി.രവീന്ദ്രൻ. കഴിഞ്ഞ സമ്മേളനത്തിലും രവീന്ദ്രനെ സെക്രട്ടറിയാക്കണമെന്ന് കൂടുതൽ അംഗങ്ങൾ ആവശ്യപ്പെട്ടു.
എന്നാൽ മറ്റാെരാളെ സെക്രട്ടറിയാക്കാനായിരുന്നു പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ നീക്കം.
തുടർന്ന് മത്സരം നടത്തി. 15 അംഗ ലോക്കൽ കമ്മിറ്റിയിൽ രവീന്ദ്രന് 13 പേരുടെയും എതിരെ മത്സരിച്ചയാൾക്ക് 2 പേരുടെയും പിന്തുണ ലഭിച്ചു.
രവീന്ദ്രൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും തുടർച്ചയായി 3 തവണ സെക്രട്ടറി സ്ഥാനത്ത് ഒരാൾക്ക് തുടരാനാകില്ലെന്ന കാരണം പറഞ്ഞ് പാർട്ടി നേതൃത്വം രവീന്ദ്രനെ 24 മണിക്കൂറിനകം ഒഴിവാക്കി.
രവീന്ദ്രന് കൂടി സ്വീകാര്യനായ മറ്റാെരാളെ സെക്രട്ടറിയാക്കി. പിന്നീട് എ.പി.രവീന്ദ്രനെ ഏരിയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.
പക്ഷേ ലോക്കൽ സമ്മേളനത്തിൽ വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് രവീന്ദ്രനെതിരെ ഒരു വിഭാഗം രംഗത്തു വന്നു. ഏരിയ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ കമ്മിഷൻ ഇതു സ്ഥിരീകരിച്ചതോടെയാണ് രവീന്ദ്രനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്.
എന്നാൽ ഇൗ അന്വേഷണം പ്രഹസനമായിരുന്നു എന്ന് രവീന്ദ്രനെ അനുകൂലിക്കുന്നവർ പറയുന്നു. ഒരു ഏരിയ കമ്മിറ്റിയംഗം പാർട്ടിയറിയാതെ 14 ഏക്കറോളം ഏലത്തോട്ടം വാങ്ങിയതും ചില അംഗങ്ങളുടെ റിയൽ എസ്റ്റേറ്റ്, സാമ്പത്തിക ഇടപാടുകൾ പാർട്ടിയിൽ ചോദ്യം ചെയ്തതതുമാണ് രവീന്ദ്രനെതിരെയുള്ള നടപടിക്ക് കാരണമെന്നാണ് ഇദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.
കുടുംബശ്രീ ഫണ്ട് വകമാറ്റി ഉപയോഗിച്ചതിനെ എതിർത്തതും പാർട്ടി നേതാക്കളുടെ സംഘടനാ വിരുദ്ധ നടപടികൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്നതുമാണ് രവീന്ദ്രനെതിരെ നടപടിക്ക് നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നും ഇവർ പറയുന്നു.
കാർഷിക മേഖലയിൽ നിർണായക സ്വാധീനമുള്ള രവീന്ദ്രൻ പാർട്ടിയംഗത്വം ഉപേക്ഷിക്കാൻ തീരുമാനിച്ചാൽ തദ്ദേശ തിരഞ്ഞെടുപ്പിലുൾപ്പെടെ തിരിച്ചടിയാകുമെന്ന് പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]