
ജിത്തിന്റെ ന്യൂജെൻ ഏദൻതോട്ടം; അടുക്കളത്തോട്ടം നിറയെ വ്യത്യസ്തവും അപൂർവവുമായ പഴവർഗങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടുക്കളത്തോട്ടം നിറയെ വ്യത്യസ്തവും അപൂർവവുമായ പഴവർഗങ്ങൾ കൃഷി ചെയ്ത് കട്ടപ്പന കുടവനപ്പാട്ട് ജിത്ത് ജോസഫും കുടുംബവും. അതിമധുരവും രുചിയിൽ ലിച്ചിപ്പഴത്തോട് സാമ്യവുമുള്ള മരമുന്തിരി ഇപ്പോൾ കായ്ച്ചുനിൽക്കുകയാണ്. സബാറ എന്ന ഇനം മരമുന്തിരിയാണ് പഴുത്തുനിൽക്കുന്നത്. കൂടാതെ റെഡ് ഹൈബ്രിഡ്, സ്കാർലെറ്റ് എന്നീ ഇനങ്ങളും ഈ തോട്ടത്തിലുണ്ട്.
ആത്തയോടു സാമ്യമുള്ള റൊളിനിയയാണ് മറ്റൊരു പഴവർഗം. ഗ്രൂമി ചാമ്പ, അബിയു, മിറക്കിൾ ഫ്രൂട്ട്, കൊളമ്പ് മാവ് തുടങ്ങിയവയെല്ലാം ഇവിടെ കായ്ച്ചു നിൽക്കുന്നുണ്ട്. മധുരവും പുളിയും കലർന്ന അർസാബോയ് പഴങ്ങളുടെ മരവും ഇവിടെയുണ്ട്. കൂടാതെ പീനട്ട് ബട്ടർ ഫ്രൂട്ട്, ഒലൊസോപോ, ബറാബ, സ്ട്രോബറി പേര, റംബുട്ടാൻ ഫിലോസാൻ, ലിച്ചി, മാങ്കോസ്റ്റിൻ, മിൽക്ക് ഫ്രൂട്ട്, മുസംബി, ഡ്രാഗൺ ഫ്രൂട്ട്, സേലം മാവ്, മാതളം, ആപ്പിൾ, ലോങ്ങൻ, വൈറ്റ് ഞാവൽ, ഓറഞ്ച്, സ്റ്റാർ ഫ്രൂട്ട്, വിയറ്റ്നാം പേര തുടങ്ങിയ പഴവർഗങ്ങളാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്.
ജിത്തിനൊപ്പം ഭാര്യ നീതു ഈപ്പൻ, അമ്മ സ്മോനി, മക്കളായ റോഹൻ, ഇഷ എന്നിവരുടെ കൃത്യമായ പരിചരണമാണ് പഴവർഗക്കൃഷി സമൃദ്ധമാക്കുന്നത്. മീൻകൃഷിക്കായി പ്രത്യേക സംഭരണി നിർമിച്ചിട്ടുണ്ട്. അതിൽനിന്നുള്ള വെള്ളമാണ് പഴവർഗങ്ങൾക്കു നൽകുന്നത്. ചെറുതേനീച്ച, വൻതേനീച്ച എന്നിവയുടെ കൃഷിയുമുണ്ട്. വീടിന്റെ മട്ടുപ്പാവിൽ പന്തലൊരുക്കി കൃഷി ചെയ്തിരുന്ന മുന്തിരി, പാഷൻഫ്രൂട്ട് എന്നിവ നശിച്ചതിനാൽ വീണ്ടും കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് ഇവർ. പുളിയൻമലയിലെ ഏലത്തോട്ടത്തിലെ കൃഷിക്കൊപ്പമാണ് അടുക്കളത്തോട്ടത്തിലെ പഴവർഗക്കൃഷിയും മുന്നോട്ടുകൊണ്ടുപോകുന്നത്.