
ചെടികളിൽ അജ്ഞാതരോഗം: വട്ടവടയിൽ സ്ട്രോബറി വിലയിടിഞ്ഞു; മുന്നൂറിൽ താഴെയെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ∙ ചെടികളിൽ അജ്ഞാതരോഗം ബാധിച്ചതിനെ തുടർന്ന് വട്ടവടയിലെ സ്ട്രോബറി വില ഇടിഞ്ഞു. ഒരു മാസം മുൻപ് കിലോയ്ക്ക് 600 രൂപ വില ലഭിച്ചിരുന്ന സ്ട്രോബറി പഴത്തിന്റെ വില മുന്നൂറിൽ താഴെയെത്തി. വട്ടവട പഞ്ചായത്തിലെ സ്ട്രോബറി പഴങ്ങളുടെ വിളവെടുപ്പ് ആരംഭിച്ച അവസരത്തിലാണ് ചെടികൾക്ക് രോഗബാധ ബാധിച്ചത്. ഇലകളും തണ്ടും ചുരുണ്ട് അഴുകിപ്പോകുന്ന രോഗമാണ് ബാധിച്ചത്. തണ്ട് അഴുകുന്നതോടൊപ്പം പഴങ്ങൾക്കും അഴുകൽ ബാധിക്കാനാരംഭിച്ചതോടെയാണ് പഴത്തിന് ഡിമാൻഡില്ലാതായത്. വട്ടവട പഞ്ചായത്തിലെ കോവിലൂർ, വട്ടവട, പഴത്തോട്ടം, ചിലന്തിയാർ, എന്നിവിടങ്ങളിലായി ഏക്കറുകണക്കിന് സ്ഥലത്താണ് ഇത്തവണ കർഷകർ സ്ട്രോബറി കൃഷി ചെയ്തിരുന്നത്.
മുൻവർഷങ്ങളിൽ ഓഗസ്റ്റ് മാസത്തിൽ കൃഷി ചെയ്ത് നവംബർ, ഡിസംബർ മാസങ്ങളിലായിരുന്നു വിളവെടുപ്പ് നടന്നിരുന്നത്. എന്നാൽ ഇത്തവണ കാലാവസ്ഥ വ്യതിയാനം മൂലം നവംബർ മാസത്തിലാണ് കർഷകർക്ക് കൃഷി ചെയ്യാൻ കഴിഞ്ഞത്. പുണെയിൽ നിന്നെത്തിച്ച അത്യുൽപാദന ശേഷിയുള്ള വിന്റർ ഡോൺ, സ്വീറ്റ് ചാർളി, കാമറോസ് എന്നീ ഇനങ്ങളിൽ പെട്ട ചെടികളാണ് ഇത്തവണ നട്ടത്. വിളവെടുപ്പ് സീസണിൽ ചെടികൾക്ക് രോഗം ബാധിച്ച് പഴത്തിന്റെ വിലയിടിഞ്ഞതോടെ വലിയ സാമ്പത്തിക നഷ്ടമാണ് കർഷകർ നേരിടുന്നത്.