മൂന്നാർ ∙ മൂന്നാർ എന്നു കേട്ടാൽ തണുക്കുമോ ? ഇല്ല എന്നാണുത്തരം. മൂന്നാറിലെത്തിയാൽ തണുക്കുമോ? അതിരാവിലെ എത്തിയാൽ തണുക്കും.
കിടുകിടാ വിറയ്ക്കും. ചെടികളിൽ പറ്റിയിരിക്കുന്ന മഞ്ഞുകണങ്ങളും കാണാം. ക്രിസ്മസ്, പുതുവത്സര അവധികൾ ആഘോഷിക്കാൻ മൂന്നാറിലെത്തുന്നവരെ കാത്തിരിക്കുന്നത് കിടിലൻ തണുപ്പാണ്.
വൈകിട്ട് അഞ്ചായാൽ തണുപ്പ് തുടങ്ങും. രാത്രി തുടരുന്ന ശൈത്യം പുലർച്ചെ 7 വരെ നീണ്ടു നിൽക്കും.
മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ ശൈത്യം കൂടുതലാണ്.
നാലു ദിവസം തുടർച്ചയായി മൈനസ് ഒന്നിൽ താപനിലയെത്തിയിരുന്നു. നിരയായുള്ള മൂന്നാർ മലനിരകളിൽ എവിടെയാണ് സുരക്ഷിതമായി തണുപ്പാസ്വദിക്കാമെന്നത് സഞ്ചാരികൾ സ്ഥിരമായി ഉയർത്തുന്ന ചോദ്യമാണ്.
മൂന്നാറിലെ എല്ലാ സ്ഥലങ്ങളിലേക്കും വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല. യാത്ര നിയന്ത്രണമുള്ള സ്ഥലങ്ങളുമുണ്ട്. അതിരാവിലെ സുരക്ഷിതമായി എത്തിപ്പെടാനും മഞ്ഞുകാണാനും കഴിയുന്ന സ്ഥലങ്ങൾ പരിചയപ്പെടാം.
ചിൽഡ് സ്പോട്ട്@ മൂന്നാർ
∙ കന്നിമല പുൽമേട്: കാക്കക്കട
പുൽമേട് എന്നും അറിയപ്പെടുന്നു. മൂന്നാർ–മറയൂർ റൂട്ടിൽ രാജമലയ്ക്ക് സമീപം കന്നിമല കാക്കക്കട.
മൂന്നാറിൽ നിന്ന് മൂന്ന് കിലോ മീറ്റർ ദൂരം. കന്നിമല ഫാക്ടറിക്ക് സമീപമുള്ള പുൽമേടാണ് ആകർഷണം.
പുല്ലുമേട്ടിൽ മഞ്ഞു വീണിരിക്കുന്നത് കാണാം. ആസ്വദിക്കാം. ∙ ഗ്യാപ് റോഡ്: ദേശീയപാത വഴി ദേവികുളം കഴിഞ്ഞ് 13 കി.മീ.
മനോഹരമായ റോഡിലൂടെ സഞ്ചരിക്കാം. ഗ്യാപ് റോഡിലെ പുലർക്കാല ദൃശ്യങ്ങൾ കുളിരണിയിക്കും. ∙ ലാക്കാട് എസ്റ്റേറ്റ്: ഏറ്റവും കൂടുതൽ തണുപ്പുള്ള പ്രദേശം.
കൊച്ചി–ധനുഷ്കോടി ദേശീയ പാതയിലുടെ സഞ്ചരിച്ചു തന്നെ മഞ്ഞ് കാണാം, അനുഭവിക്കാം. ∙ ചൊക്കനാട്: പഴയമൂന്നാർ ഹെഡ് വർക്സ് ഡാമിൽ നിന്ന് ഒന്നര കിലോമീറ്റർ പോയാൽ ചൊക്കനാട്ടിലേക്ക് എത്താം.
സഞ്ചാരികൾ ശൈത്യകാലത്ത് കൂടുതലായി എത്തുന്ന പ്രദേശം. വന്യമൃഗ ശല്യമുള്ള മേഖലയാണ്.
പുലർച്ചയെത്തുമ്പോൾ ശ്രദ്ധ വേണം. ∙ മാട്ടുപ്പെട്ടി: മൂന്നാറിൽ നിന്ന് 13 കി.മീ. പോകുന്ന വഴിയെല്ലാം ദൃശ്യമനോഹരം.
സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്നയിടം. വട്ടവടയിലേക്കും പോകുന്നത് ഇതുവഴി. ∙ പാമ്പാടുംഷോല: മൂന്നാറിൽനിന്ന് 36 കിലോമീറ്റർ സഞ്ചരിച്ചാൽ തമിഴ്നാടിന്റെ ഭാഗമായ കേരളത്തോട് അതിരിടുന്ന ടോപ്സ്റ്റേഷനിൽ എത്തും.
അവിടെനിന്ന് വട്ടവടയിലേക്ക് പോകുന്ന വഴിയിലാണ് മഞ്ഞിറങ്ങുന്ന സ്ഥലം. വട്ടവടയിലേക്ക് പോകാനെത്തുന്ന വിനോദസഞ്ചാരികൾ പാമ്പാടുംചോല ദേശീയോദ്യാനത്തിന്റെ ചെക്പോസ്റ്റിൽ പേരു നൽകിയാൽ ലഭിക്കുന്ന കർശന അറിയിപ്പ് വനത്തിനുള്ളിലെ 5 കിലോമീറ്ററിൽ വാഹനം നിർത്തരുത് എന്നാണ്.
അവിടെയാണ് അതിരാവിലത്തെ അതിശൈത്യത്തിൽ അതിശയിപ്പിക്കുന്ന മഞ്ഞു വീഴുന്നത്. ഇവിടെ വനംവകുപ്പ് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
നേരത്തെ ബുക്ക് ചെയ്ത് എത്തി തണുപ്പ് ആസ്വദിക്കാം. ∙ ലക്ഷ്മി: പഴയ മൂന്നാറിൽ നിന്നും മാങ്കുളം റൂട്ടിൽ 8 കി.മീ. കൂടൂതൽ സഞ്ചാരികൾ അതിശൈത്യം ആസ്വദിക്കാൻ സഞ്ചാരികൾ എത്തുന്ന പ്രദേശം.
വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്തു ആസ്വദിക്കാം. ∙ സെവൻവല: പഴയ മൂന്നാറിൽ നിന്നും മാങ്കുളം റൂട്ടിൽ 5 കി.മീ.
തോട്ടംമേഖല. തേയിലക്കാടിന്റെ ദൃശ്യമനോഹാരിതയിൽ ചെറിയ അരുവികളും പുൽമെത്തയും കണ്ടു മഞ്ഞ് ആസ്വദിക്കാം. ∙ പോതമേട് വ്യൂ പോയിന്റ്: മൂടൽമഞ്ഞ് കൂടുതലിറങ്ങുന്ന പ്രദേശം.
മൂന്നാറിൽ നിന്ന് 1.5 കീ.മി. ദൂരം.
തണുപ്പ് ആസ്വദിക്കാൻ രാവിലെ എത്തണം. ∙ പ്രവേശനത്തിന് നിയന്ത്രണമുള്ള സ്ഥലങ്ങൾ: ഓൾഡ് ദേവികുളം, ചെണ്ടുവര, തെന്മല.
ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്ന സ്ഥലങ്ങൾ കൂടിയാണിത്.
സഞ്ചാരികൾ ശ്രദ്ധിക്കാൻ
∙ സന്ദർശന നിയന്ത്രണങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ എത്തിപ്പെടാൻ ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നത് ഉചിതം. മറ്റു വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനുള്ള സൗകര്യം കുറവാണ്.
∙ തണുപ്പാസ്വദിക്കാൻ ഏറ്റവും യോജ്യമായ സമയം പുലർച്ചെ നാലു മുതൽ രാവിലെ ഏഴു മണി വരെയാണ്. പകൽ മൂന്നാറിൽ 22 ഡിഗ്രി സെൽഷ്യസ് വരെ താപനില. ∙ താപനില പൂജ്യത്തിലും മൈനസിലുമെത്തിയാൽ മാത്രമാണ് പുൽമേടുകളിൽ മഞ്ഞു പുതഞ്ഞ ദൃശ്യം കാണാൻ കഴിയൂ. സൂര്യപ്രകാശമേൽക്കുന്നതോടെ പുല്ലുകളിലും ചെടികളിലും പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങൾ ഉരുകിത്തീരും.
∙ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ മാലിന്യം തള്ളാതെ ശ്രദ്ധിക്കണം. ∙ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

