ജില്ലയിൽ വന്യമൃഗശല്യം ദിനംപ്രതി രൂക്ഷമാകുമ്പോഴും ‘ഇതൊക്കെ സാധാരണമല്ലേ’ എന്ന മട്ടാണ് അധികൃതർക്ക്. തുരത്തി, കാടുകയറ്റി എന്നൊക്കെ പ്രഖ്യാപിച്ച് വനം വകുപ്പ് കൈകഴുകുന്നതിനു തൊട്ടു പിന്നാലെ ആനകൾ കൃഷിയിടം ചവിട്ടി നശിപ്പിക്കുന്നതും വളർത്തു മൃഗങ്ങളെ വന്യമൃഗങ്ങൾ കടിച്ചു കൊല്ലുന്നതും ഒപ്പമുണ്ടായിരുന്നവർ കാട്ടാനക്കലിയിൽ ഇല്ലാതാകുന്നതും നിസ്സഹായരായി നോക്കി നിൽക്കേണ്ട അവസ്ഥയാണ് ജനങ്ങൾക്ക്.
ഏതു സമയത്തും ഉണ്ടായേക്കാവുന്ന ആക്രമണം ടൂറിസം മേഖലയെയും ബാധിച്ചു തുടങ്ങി. മറയൂരിൽ ജനങ്ങൾ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണുള്ളത്.
ജില്ലയുടെ സ്ഥിതി അധികൃതർ ഇനിയെങ്കിലും മനസ്സിലാക്കണം.
ജില്ലാ ആസ്ഥാനം: നാട് വെളുപ്പിച്ച് കാട്ടുപന്നിക്കൂട്ടം
ജില്ലാ ആസ്ഥാനത്ത് വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ജനവാസ മേഖലയോടു ചേർന്ന ചെറുകാടുകളിലും ചതുപ്പു നിലങ്ങളിലും തമ്പടിക്കുന്ന ഇവ രാത്രി നേരങ്ങളിൽ പറ്റമായി കൃഷിയിടങ്ങളിൽ ഇറങ്ങും.
കണ്ണിൽ കണ്ടതെല്ലാം കുത്തിയിളക്കി തിന്നും നിരത്തിയും നാമാവശേഷമാക്കുന്ന ഇവ ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ പ്രദേശം വെളുപ്പിക്കുമെന്നു കർഷകർ പറയുന്നു.
ഇവയെ പേടിച്ച് ഈ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ തന്നാണ്ട് വിളകളൊന്നും കൃഷിയിറക്കുന്നില്ല. മരിയാപുരത്തും കഞ്ഞിക്കുഴിയിലും വാഴത്തോപ്പിലും ചില പ്രദേശങ്ങളിൽ കുരങ്ങുകൾ കർഷകർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
മൂന്നാർ, ദേവികുളം: കടിച്ചു കീറുന്നത് ജീവിതം
മൂന്നാറും ദേവികുളവുമുൾപ്പെടുന്ന തോട്ടം മേഖലയിൽ ആന, പുലി, കടുവ, കാട്ടുപോത്ത് തുടങ്ങിയവയുടെ ശല്യമാണ് ഏറ്റവുമധികമുള്ളത്.
തോട്ടം തൊഴിലാളികൾ അധികവരുമാനത്തിനായി നടത്തുന്ന പഴം, പച്ചക്കറി കൃഷികളും കന്നുകാലികളുമാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നശിക്കുന്നത്.
കടുവ, പുലി എന്നിവയുടെ ആക്രമണത്തിൽ ഒട്ടേറെ വളർത്തുമൃഗങ്ങളാണ് ദിവസവും മേഖലയിൽ കൊല്ലപ്പെടുന്നത്. 2024 ൽ 33 ഉം ഈ വർഷം ഇതുവരെ 21ഉം കന്നുകാലികളെയാണ് കടുവകൾ കൊന്നത്.
50,000 മുതൽ 1.5 ലക്ഷം രൂപ വരെ വിലമതിക്കുന്ന കന്നുകാലികളാണ് കൊല്ലപ്പെട്ടത്. കന്നുകാലികൾ നഷ്ടപ്പെട്ട
ഭൂരിഭാഗം പേർക്കും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
ചിന്നക്കനാൽ, ശാന്തൻപാറ: ആനകളുടെ വിളയാട്ടം
ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. ചിന്നക്കനാൽ പഞ്ചായത്തിലെ 301 കോളനി, എൺപതേക്കർ, ബിഎൽ റാം, സിങ്കുകണ്ടം എന്നിവിടങ്ങളിലാണ് സ്ഥിരമായി കാട്ടാനകളെത്തുന്നത്.
ഏഴിന്റെ ആനക്കൂട്ടവും ഒറ്റയാനുമാണ് ഇവിടങ്ങളിൽ പ്രധാനമായും കൃഷി നശിപ്പിക്കുന്നത്. ശാന്തൻപാറ പഞ്ചായത്തിലെ ശങ്കരപാണ്ഡ്യമെട്ട്, ആനയിറങ്കൽ, മൂലത്തുറ, തലക്കുളം, പന്നിയാർ മേഖലകളിലാണ് കാട്ടാന ശല്യമുള്ളത്.
ഏക്കറു കണക്കിനാണ് ഏലം നശിക്കുന്നത്.
വലഞ്ഞ് വണ്ടിപ്പരിയാർ
കടുവ, പുലി, കാട്ടാന, മുള്ളൻപന്നി, ചെന്നായ്, കാട്ടുപോത്ത്, കുരങ്ങ് തുടങ്ങി വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ജനങ്ങളുടെ ജീവിതത്തിന് ദുരിതം വിതയ്ക്കാൻ വന്യമൃഗങ്ങൾ കൂട്ടത്തോടെയുണ്ട്. വള്ളക്കടവ്, പശുമല, തങ്കമല, ഗ്രാമ്പി, അരണക്കൽ, വാളാടി, മൂങ്കലാർ, ഡൈമുക്ക് തുടങ്ങി പകുതിയിലേറെ വാർഡുകളിലും വന്യമൃഗങ്ങൾ പ്രദേശവാസികൾക്കും ഇവരുടെ വളർത്തു മൃഗങ്ങൾക്കും കടുത്ത ഭീഷണിയാണ്.
മാട്ടുപ്പെട്ടി മൂലക്കയത്ത് പ്രദേശവാസിയായ അമീൻ അലിയാറിന്റെ മൂരിയെ തിങ്കളാഴ്ച പകൽ മേയാൻ അഴിച്ചു വിട്ടപ്പോൾ കടുവ ആക്രമിച്ചു.
മൂരിയുടെ പുറത്തും കാലുകളിലും പരുക്കേറ്റിട്ടുണ്ട്. വനപാലകർ സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ കടുവയുടെ നഖം കൊണ്ടു ആഴമേറിയ മുറിവ് ഉണ്ടായതായി കണ്ടെത്തി.
പീരുമേട്: ഇവിടെ ‘എല്ലാ’മുണ്ട്
പീരുമേട്ടിൽ പ്ലാക്കത്തടം, കല്ലാർ പുതുവൽ , തോട്ടപ്പുര ,റാണി കോവിൽ, തോട്ടാപ്പുര, തട്ടാത്തിക്കാനം, കുട്ടിക്കാനം, സർക്കാർ അതിഥി മന്ദിരം റോഡ്, കച്ചേരിക്കുന്ന്, ലാഡ്രം, എന്നിവിടങ്ങളിൽ എല്ലാം തന്നെ കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിൽ പതിവായി ഇറങ്ങുന്നു.
പരുന്തുംപാറ മേഖലയിൽ പുലി, കടുവ, കാട്ടുപോത്ത്, കുറുക്കൻ, ഇവയെല്ലാം പതിവായി പ്രത്യക്ഷപ്പെടുന്നുണ്ട്. വളർത്തു നായ്ക്കൾ മുതൽ കന്നുകാലിയെ വരെ വക വരുത്തുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു.
കീരിക്കര, റാണികോവിൽ പുതുവൽ, കുരിശുമൊട്ട എന്നിവിടങ്ങളിൽ കുരങ്ങ് കൂട്ടമായി എത്തി വിളകൾ നശിപ്പിക്കുന്നു.
ജീവൻ പോയാലും തിരിഞ്ഞു നോക്കില്ല
മുള്ളരിങ്ങാട് മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിട്ട് വർഷങ്ങളായെങ്കിലും നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ ഒന്നും ഉണ്ടാകുന്നില്ല.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇവിടെ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത്. ഇതിനു ശേഷവും കാട്ടാനകൾ കൂട്ടമായി നാട്ടിലിറങ്ങി കൃഷികൾ നശിപ്പിക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
പലപ്പോഴും നാട്ടുകാർ കാട്ടാനകളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടാണ്. ഉടുമ്പന്നൂർ പഞ്ചായത്തിലെ വേളൂർ ഭാഗത്തും കാട്ടാന ശല്യം രൂക്ഷമാണ്.
അടിമാലിക്കും ദുരിതം
അടിമാലി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കാട്ടുപന്നി ശല്യമുണ്ട്.
കർഷകർ പലരും കപ്പ, വാഴ ഉൾപ്പെടെയുള്ള കൃഷികൾ ഉപേക്ഷിച്ചു. കാഞ്ഞിരവേലി, കമ്പിലൈൻ വാളറ, കുളമാൻകുഴി, പാട്ടയിടുമ്പ്, ഒഴുവത്തടം, പഴമ്പിള്ളിച്ചാൽ, മാങ്കുളം പഞ്ചായത്തിൽ കവിതക്കാട്, തൊണ്ണൂറ്റാറ്, അമ്പതാംമൈൽ, പാമ്പുംകയം, കോഴിയളക്കുടി, പെരുമ്പൻകുത്ത്, കമ്പനിക്കുടി തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]