
ചെറുതോണി ∙ കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വയോധികയ്ക്കു ചികിത്സ നിഷേധിച്ചതായി പരാതി. പാലിയേറ്റീവ് പരിചരണത്തിനും ചികിത്സയ്ക്കുമായി ബന്ധുക്കൾ കൊണ്ടുവന്ന കഞ്ഞിക്കുഴി ആൽപാറ കൊരട്ടിപ്പറമ്പിൽ ഏലിക്കുട്ടി സെബാസ്റ്റ്യനാണ്(77) മണിക്കൂറുകളോളം ആശുപത്രി വരാന്തയിൽ ആംബുലൻസിൽ കഴിയേണ്ടി വന്നത്.
ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ഈ സമയം മെഡിക്കൽ ഓഫിസറോ മറ്റു ഡോക്ടർമാരോ ആരും തന്നെ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ആശുപത്രിയുടെ മേൽനോട്ട
ചുമതലയുള്ള ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അംഗം ബിനോയി വർക്കി ഉൾപ്പെടെയുള്ളവർ ഇടപെട്ടിട്ടും അധികൃതർ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തയാറാവാത്തത് പ്രതിസന്ധി സൃഷ്ടിച്ചു.
ബിനോയി വർക്കി മെഡിക്കൽ ഓഫിസറുമായി ഫോണിൽ സംസാരിച്ചെങ്കിലും തിങ്കളാഴ്ചയെ തിരിച്ചെത്തുകയുള്ളൂ എന്നും അന്ന് അഡ്മിറ്റ് ചെയ്യാമെന്നുമായിരുന്നു മറുപടി. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്റെ നേതൃത്വത്തിൽ ഗേറ്റ് തുറന്ന് ബലമായി രോഗിയെ ആശുപത്രിയുടെ ഉള്ളിലേക്ക് എത്തിച്ചു. പിന്നീട് മണിക്കൂറുകൾ നീണ്ട
സമ്മർദങ്ങൾക്കൊടുവിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാർ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇന്നലെയും ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനം ലഭ്യമായിട്ടില്ലെന്നു ബിനോയി വർക്കി പറഞ്ഞു.
കിടത്തിച്ചികിത്സ തുടങ്ങിയെങ്കിലും?
കാലിന് മുറിവും പരുക്കുമേറ്റു ചികിത്സയിലായിരുന്ന ഏലിക്കുട്ടി സെബാസ്റ്റ്യനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഒരാഴ്ച മുൻപ് തിരികെ വീട്ടിലേക്ക് അയച്ചിരുന്നു. പിന്നീട് രോഗി അവശതയിലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബന്ധുക്കൾ ഇവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ പാലിയേറ്റീവ് പരിചരണത്തിനു നിർദേശിച്ച ഡോക്ടർമാർ, കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു പരിശോധന കൂടി നടത്താൻ നിർദേശിച്ചു.
ഇതനുസരിച്ച് അവിടെ എത്തിച്ചെങ്കിലും പരിശോധന നടത്തിയ ഡോക്ടർമാർ പാലിയേറ്റീവ് പരിചരണം മാത്രമാണ് പരിഹാരമെന്നും വീടിനു സമീപത്തുള്ള സർക്കാർ ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകാൻ നിർദേശിക്കുകയുമായിരുന്നു. ഇതനുസരിച്ചാണ് കളമശേരി മെഡിക്കൽ കോളജിൽനിന്നു ബന്ധുക്കൾ രോഗിയുമായി കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്.
സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിച്ചതായും 24 മണിക്കൂർ സേവനം ലഭിക്കുമെന്നും കഴിഞ്ഞ ദിവസം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പ്രഖ്യാപിച്ചിരുന്നു.
ഏറെ നാളായി കിടത്തിച്ചികിത്സ നിലച്ച സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ സുഗമമായ നടത്തിപ്പിനും പുതിയ ഡോക്ടർമാരുടെ നിയമനത്തിനുമായി ബ്ലോക്ക് പഞ്ചായത്ത് 69 ലക്ഷം രൂപ അനുവദിച്ചത് അടുത്തനാളിലാണ്.
വിശദീകരണവുമായി കെജിഎംഒഎ
കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ശനിയാഴ്ച രാത്രി 9ന് കളമശേരി മെഡിക്കൽ കോളജിൽ നിന്നു കാലിൽ രക്തയോട്ടം കുറഞ്ഞു മുറിവ് വ്രണമായ 77 വയസ്സുള്ള രോഗിയെ കൊണ്ടുവരുകയും രാത്രി കിടത്തണമെന്ന് പറഞ്ഞു ബഹളം വയ്ക്കുകയും ചെയ്തു. എത്രയും വേഗം ചികിത്സ കൊടുത്തില്ലെങ്കിൽ രക്തക്കുഴലുകളിൽ എമ്പോളിസം (രക്തം കട്ടപിടിച്ചു) വന്നു ജീവന് ഭീഷണിയാകാൻ സാധ്യതയുള്ളത് കൊണ്ട് വാസ്കുലർ സർജനെ റഫർ ചെയ്തു കളമശേരി മെഡിക്കൽ കോളജിൽനിന്നു വിട്ട
രോഗിയെയാണ് എത്തിച്ചത്.
സൂപ്പർ സ്പെഷൽറ്റി ഡോക്ടർ തന്നെ ചികിത്സ കൊടുക്കേണ്ട രോഗി ആണെന്നും എത്രയും വേഗം ചികിത്സ കൊടുക്കാൻ കൊണ്ടുപോകണമെന്നും സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അറിയിച്ചു.
കാര്യങ്ങൾ മനസ്സിലാക്കിയ കൂടെയുള്ളവർ വിദഗ്ധ ചികിത്സ കൊടുക്കാൻ തയാറായിരുന്നെങ്കിലും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി മെംബർ കൂടെയായ ബ്ലോക്ക് പഞ്ചായത്ത് മെംബർ അവരെ തെറ്റിദ്ധരിപ്പിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി അവരെ ആ സമയത്തു അവിടെ പ്രവേശിപ്പിക്കണമെന്ന് നിർബന്ധം പിടിക്കുക ആയിരുന്നു. ഇത്തരം പ്രവൃത്തികൾ തികച്ചും അപലപനീയമാണെന്ന് കെജിഎംഒഎ അറിയിച്ചു.
വിദഗ്ധ ചികിത്സയ്ക്കുള്ള രോഗിയുടെ അവകാശം നിഷേധിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തി അവരുടെ മനുഷ്യാവകാശം പോലും പരിഗണിക്കാതെ ജോലി ചെയ്യിക്കാൻ ശ്രമിക്കുകയും ചെയ്ത ഈ ജനപ്രതിനിധിക്കെതിരെ പരാതി കൊടുക്കുമെന്നും ശക്തമായ പ്രതിഷേധ പരിപാടിയുമായി മുന്നോട്ടു പോകുമെന്നും കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ.
അൻസൽ നബി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]