
നെടുങ്കണ്ടം ∙ ഓണക്കാല വൈബിന് നല്ലൊരിടം; തൂവലരുവി എന്നറിയപ്പെടുന്ന തൂവൽ വെള്ളച്ചാട്ടം. സുരക്ഷിതമായി തൂവൽ വെള്ളച്ചാട്ടം കണ്ടുവരാൻ മുൻകരുതലുകൾ ആവശ്യമാണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പന്ത്രണ്ടു പേരാണ് തൂവലരുവിയിലെ ആഴങ്ങളിൽ മരിച്ചത്. മുകളിൽനിന്ന് ആസ്വദിക്കാവുന്ന ജില്ലയിലെ ഏക വെള്ളച്ചാട്ടമാണ് തൂവൽ. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ ഗ്രാമീണ ടൂറിസം പദ്ധതി പ്രകാരം വെള്ളച്ചാട്ടത്തിന് മുകളിലെ പാറകളെ കൂട്ടിയിണക്കി ചെറു പാലങ്ങൾ നിർമിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് പാലങ്ങളിൽ കയറിനിന്ന് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം.
എന്നാൽ പാലത്തിന്റെ കൈവരികൾ സുരക്ഷിതമല്ലാത്ത അകലത്തിലാണ്.
കൈവരികൾക്കിടയിലൂടെ ചെറിയ കുട്ടികൾ താഴേക്ക് വീഴാനും ഇടയുണ്ട്. വെള്ളച്ചാട്ടത്തിന് അരികിലെത്താൻ സുരക്ഷിതമായ നടപ്പ് വഴി പോലും ഒരുക്കിയിട്ടില്ല.
താരതമ്യേന ഒറ്റപ്പെട്ട സ്ഥലമായതിനാൽ ഇവിടെയെത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.
അപകടമാണ് അതിസാഹസികത
വെള്ളച്ചാട്ടത്തിന് താഴെ പ്രവേശനം വിലക്കിയിട്ടുണ്ടെങ്കിലും മുന്നറിയിപ്പുകൾ അവഗണിച്ച് സഞ്ചാരികൾ താഴെ എത്താറുണ്ട്.
വെള്ളച്ചാട്ടത്തിന്റെ താഴെയെത്താൻ പ്രധാനമായും രണ്ടു വഴികളാണുള്ളത്. വെള്ളച്ചാട്ടത്തിന്റെ മുകളിലെ പാലം കടന്ന് കുത്തനെയുള്ള നടപ്പുവഴി ഇറങ്ങിയാൽ താഴെയെത്താം. ഏറെ അപകടം പിടിച്ച വഴിയാണിത്.
ഇവിടെനിന്ന് അരുവി മുറിച്ചുകടന്ന് മറുവശത്തെത്തിയാണ് പലപ്പോഴും വെള്ളച്ചാട്ടത്തിന്റെ ഭംഗി സഞ്ചാരികൾ ആസ്വദിക്കുന്നത്. കുത്തൊഴുക്കും വഴുക്കലുമുള്ള അരുവി മുറിച്ചു കടക്കുന്നതിനിടയാണ് ഭൂരിഭാഗം അപകടങ്ങളുമുണ്ടാകുന്നതും.
സ്വകാര്യ വ്യക്തികളുടെ ഭൂമി ഉൾപ്പെടുന്ന വഴിയിലൂടെ സാഹസികമായാണ് വെള്ളച്ചാട്ടത്തിനു താഴെയുള്ള അരുവിയിൽ എത്താൻ കഴിയുന്ന രണ്ടാമത്തെ വഴി.
ഇവിടെനിന്നു പിന്നെയും 300 മീറ്ററോളം സഞ്ചരിച്ചു വേണം വെള്ളച്ചാട്ടത്തിന്റെ താഴെയത്താൻ. വഴുക്കലുള്ള വലിയ പാറകളും നീരൊഴുക്കും താണ്ടി വെള്ളച്ചാട്ടത്തിന് അരികിലെത്തുന്നതുപോലും അപകടകരമാണ്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചു വേണം തൂവൽ വെള്ളച്ചാട്ടം ആസ്വദിക്കാൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]