മറയൂർ ∙ ആദിവാസികളും തോട്ടം തൊഴിലാളികളും ഉൾപ്പെടുന്ന മറയൂരിൽ ചികിത്സാ സൗകര്യങ്ങൾക്കായി സാമൂഹികാരോഗ്യ കേന്ദ്രം ഉണ്ടെങ്കിലും വൈകുന്നേരമായാൽ അടച്ചുപൂട്ടുന്ന അവസ്ഥ. ജില്ലയിലെ ഹെൽത്ത് ബ്ലോക്കുകളിലെ ആരോഗ്യ കേന്ദ്രങ്ങളെ തദ്ദേശഭരണ വകുപ്പിനു കീഴിലെ റവന്യു ബ്ലോക്ക് അടിസ്ഥാനത്തിൽ പുനർവിന്യസിച്ചതോടെ കാര്യങ്ങൾ താളം തെറ്റിയെന്നാണ് പരാതി.
മറയൂരിൽ കിടത്തിച്ചികിത്സയ്ക്ക് ആവശ്യമായ കിടക്കകളും മുറികളും ഉണ്ടെങ്കിലും ചികിത്സ മാത്രം നടക്കാറില്ല.
4 ഡോക്ടർമാർ ആവശ്യമുള്ള ആശുപത്രിയിൽ നിലവിൽ രണ്ട് പേരാണുള്ളത്. മിക്ക ദിവസങ്ങളിലും ഇവരിൽ ഒരാൾ മാത്രമേ ഡ്യൂട്ടിയിൽ ഉണ്ടാകൂ.
മാത്രമല്ല കാന്തല്ലൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമാക്കി മാറ്റിയതോടെ ഇവിടേക്ക് നിയമിക്കപ്പെട്ട ഡോക്ടർ അവധിയെടുക്കുമ്പോൾ മറയൂരിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നു.
ഇതുമൂലം മറയൂരിലെ ആശുപത്രിയിൽ രോഗികൾക്ക് ഡോക്ടർമാരുടെ സേവനം ലഭിക്കാറില്ലെന്നാണു പരാതി.
മാത്രമല്ല മറ്റു ജീവനക്കാരും ഇവിടെ കുറവാണ്. കിടത്തിച്ചികിത്സ വേണമെന്ന ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം നടപ്പിലാക്കാൻ ഇതുവരെ അധികൃതർക്കായിട്ടില്ല.
ഇതിനെതിരെ ഒട്ടേറെ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ടെങ്കിലും നടപടിയില്ല.
ആദിവാസികളും തോട്ടം തൊഴിലാളികളും ഉൾപ്പെടെ 50,000 പേർ ഈ ആശുപത്രിയെ ആണ് ആശ്രയിക്കുന്നത്.
എന്നാൽ രാവിലെ 9ന് തുറക്കുന്ന ആശുപത്രി ഉച്ചയ്ക്ക് 2ന് പൂട്ടുന്ന അവസ്ഥയാണ്. ചികിത്സ ലഭിക്കാതെ വന്നാൽ 70 – 200 കിലോമീറ്റർ വരെ ദൂരെയുള്ള തമിഴ്നാട്ടിലെയോ കേരളത്തിലെയോ ആശുപത്രികളെ ആശ്രയിക്കേണ്ട
അവസ്ഥയാണ് ഇവിടെയുള്ളവർക്ക്. ജില്ലയിലെ ആശുപത്രികളെ കുറിച്ച് ലീഗൽ സർവീസ് അതോറിറ്റി തയാറാക്കിയ റിപ്പോർട്ടിൽ ഇവിടെ സെക്യൂരിറ്റി, സ്പൈറോമീറ്റർ, സ്റ്റാഫ് ക്വാർട്ടേഴ്സ്, ഇരുനില കെട്ടിടം, മെഡിക്കൽസ് റെക്കോർഡ് ലൈബ്രറി, ഓഡിയോളജി മൈക്രോ ബയോളജി പോസ്റ്റ് എന്നിവയുടെ കുറവുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതിഷേധവുമായി ബിജെപി രംഗത്ത്
തോട്ടം തൊഴിലാളികളും ആദിവാസികളും പിന്നാക്ക വിഭാഗക്കാരും തിങ്ങിപ്പാർക്കുന്ന മറയൂരിലെ ആശുപത്രിയിൽ മികച്ച സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത്.
ഇവിടെ ഉള്ളവരിൽ ഭൂരിഭാഗം പേരും കൂലിപ്പണിക്കാരാണ്. ഉച്ചയ്ക്കു 2ന് ആശുപത്രി അടയ്ക്കുന്നതിനാൽ രോഗികൾക്ക് ചികിത്സ കിട്ടാതെ മരണത്തിനുവരെ കാരണമാകുന്നു. അതിനാൽ അടിയന്തരമായി ആശുപത്രിയിൽ കിടത്തിച്ചികിത്സയും കൂടുതൽ സേവനവും ലഭ്യമാക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് എ.രാജ്കുമാർ, കാന്തല്ലൂർ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പാണ്ടിമണി എന്നിവർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

