
അടിമാലി ∙ മന്ത്രിയും, എംപിയും, ജില്ലാ പഞ്ചായത്ത് അധികൃതരും അറിയാൻ: 2018ലെ പ്രളയത്തിൽ തകർന്ന ഇഞ്ചപ്പതാൽ– പൊന്മുടി റോഡ് പുനർനിർമാണത്തിന് നടപടി സ്വീകരിക്കണമെന്ന അഭ്യർഥനയുമായി നാട്ടുകാർ. ഇടുക്കി പാക്കേജിൽപെടുത്തി നിർമിച്ച ഇഞ്ചപ്പതാൽ– വട്ടക്കണ്ണിപ്പാറ റോഡിന്റെ ഭാഗമായുള്ള ഇഞ്ചപ്പതാൽ മുതൽ പൊന്മുടി വരെയുള്ള ദൂരമാണ് തകർന്നു കിടക്കുന്നത്.
ഇതോടെ ഇതുവഴിയുള്ള ഗതാഗതവും കാൽനട യാത്രയും ദുരിതമായി.
പി.ടി.തോമസ് എംപി ആയിരിക്കുമ്പോഴാണ് ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി റോഡ് നിർമാണത്തിന് നടപടി സ്വീകരിച്ചത്.
ഇഞ്ചപ്പതാലിൽ നിന്ന് ആരംഭിച്ച് വട്ടക്കണ്ണിപ്പാറ വരെയുള്ള ദൂരമാണ് നിർമാണത്തിനായി ഏറ്റെടുത്തിരുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ 7 കോടി മുടക്കി ഇഞ്ചപ്പതാലിൽ നിന്ന് പൊന്മുടി വരെയുള്ള ദൂരമാണ് നിർമാണം നടത്തിയത്.പിന്നീടു വന്ന സർക്കാരും ജനപ്രതിനിധികളും റോഡു നിർമാണം പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കാതെ വന്നതോടെ റോഡിന്റെ പണി മുടങ്ങി.
ഇതിനിടെയാണ് 2018ലെ പ്രളയത്തിൽ നിർമാണം നടത്തിയ റോഡിൽ പല ഭാഗങ്ങളും തകർന്നു തരിപ്പണമായത്.
ഇതോടെ ഇതുവഴിയുള്ള കാൽനട യാത്ര പോലും ദുരിതമായി മാറി. മന്ത്രി റോഷി അഗസ്റ്റിന്റെ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന കൊന്നത്തടി പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നാണിത്.
എന്നാൽ റോഡിന്റെ അറ്റകുറ്റപ്പണികൾക്കു പോലും പണം അനുവദിക്കാൻ മന്ത്രി കൂട്ടാക്കിയിട്ടില്ലെന്ന നാട്ടുകാർ പറയുന്നു. ഇതോടൊപ്പം ഡീൻ കുര്യാക്കോസ് എംപിക്കും ജില്ല പഞ്ചായത്ത് അധികൃതർക്കും റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ഇഞ്ചപ്പതാലിൽ നിന്ന് കുറഞ്ഞ ദൂരത്തിൽ പൊന്മുടി, രാജാക്കാട്, കുത്തുങ്കൽ, മുനിയറ, നെടുങ്കണ്ടം പ്രദേശങ്ങളിലേക്ക് കുറഞ്ഞ ദൂരത്തിൽ എത്താൻ കഴിയുന്ന റോഡാണിത്.
തികച്ചും കാർഷിക മേഖലയിലൂടെ റോഡ് കടന്നു പോകുന്നത്. കല്ലാർകുട്ടിയിൽ നിന്ന് വെള്ളത്തൂവൽ വഴി പൊന്മുടിയിൽ എത്തുന്നതിലും കുറഞ്ഞ ദൂരത്തിൽ റോഡ് വഴി പൊന്മുടിയിൽ എത്താൻ കഴിയും.
പൊതുമരാമത്തിന്റെ കല്ലാർകുട്ടി– പാക്കാലപ്പടി, കൊന്നത്തടി– വെള്ളത്തൂവൽ റോഡുകളെ മുറിച്ചു കടന്നാണ് ഇഞ്ചപ്പതാലിൽ നിന്ന് പാക്കേജ് റോഡ് പൊന്മുടിയിൽ എത്തുന്നത്. റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് ജനപ്രതിനിധികൾ അടിയന്തരമായി ഇടപെട്ട് നവീകരണ ജോലികൾ നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]