
തൊടുപുഴയിലെ ക്വട്ടേഷൻ കൊലപാതകം: കിട്ടാനുണ്ടായിരുന്നത് 60 ലക്ഷം; ക്വട്ടേഷന് പ്രതിഫലം 6 ലക്ഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙പതിവായി പുലർച്ചെ ടൗണിലേക്കു പോകുന്ന സമയത്തായിരുന്നു ബിജുവിനെ തട്ടിക്കൊണ്ടുപോയത്. അതിനാൽത്തന്നെ കരുതിക്കൂട്ടിയ കൊലപാതകമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ജോമോനും ക്വട്ടേഷൻ സംഘവും കുറച്ചുദിവസങ്ങളായി ബിജുവിനെ നിരീക്ഷിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു.ബിജുവിനെ കൊലപ്പെടുത്താൻ പദ്ധതിയില്ലായിരുന്നു; 60 ലക്ഷം രൂപ വാങ്ങിയെടുക്കുയായിരുന്നു ലക്ഷ്യം. ഇതിൽ 6 ലക്ഷം രൂപ ക്വട്ടേഷൻ തുകയായി നൽകാം എന്നും ധാരണയായിരുന്നു’ – ജോമോൻ പൊലീസിനോടു പറഞ്ഞു. 12,000 രൂപ അഡ്വാൻസ് തുകയായി വാങ്ങിയതായി മറ്റു പ്രതികളും മൊഴി നൽകി.മൂന്നാം തവണയാണു ബിജുവിനെതിരെ ജോമോൻ ക്വട്ടേഷൻ കൊടുക്കുന്നത്. കഴിഞ്ഞ രണ്ടുതവണയും പൊളിഞ്ഞു. തുടർന്ന് തന്റെ ഡ്രൈവർ വഴി എറണാകുളത്തെ ക്വട്ടേഷൻ സംഘത്തെ സമീപിച്ചു. തട്ടിക്കൊണ്ടുവന്നു ഗോഡൗണിലെത്തിച്ചപ്പോഴേക്കും ബിജു കൊല്ലപ്പെട്ടെന്നാണു മൊഴിയെന്നും പൊലീസ് പറഞ്ഞു.
പുലർച്ചെ വാഹനത്തിൽനിന്നു നിലവിളി കേട്ടെന്ന സമീപവാസികളുടെ മൊഴിയെത്തുടർന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു മുഖ്യപ്രതി ജോമോനാണെന്നു പൊലീസ് കണ്ടെത്തിയത്. കടന്നുകളയാനുള്ള ശ്രമത്തിനിടെ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നാണു ജോമോനെ പിടികൂടിയത്.ജോമോന്റെ പേരിൽ നേരത്തേയും പൊലീസ് കേസുകൾ ഉണ്ടായിട്ടുണ്ട്. കോവിഡ് സമയത്ത് ഇതേ ഗോഡൗണിൽ ചാരായം വാറ്റിയതിനു റിമാൻഡിലായിട്ടുണ്ട്. മറ്റു 3 പ്രതികളും ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ് പറഞ്ഞു.ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, എസ്എച്ച്ഒമാരായ വി.സി.വിഷ്ണുകുമാർ, ഇ.കെ.സോൾജിമോൻ, എസ്ഐ എൻ.എസ്.റോയി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ കൊടുത്ത് കൊന്നു; കേറ്ററിങ് സ്ഥാപന ഉടമയും കൂട്ടാളികളും പിടിയിൽ
തൊടുപുഴ ∙ കലയന്താനിക്കു സമീപം ചെത്തിമറ്റത്ത് സാമ്പത്തിക തർക്കത്തെത്തുടർന്നു ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തി. തൊടുപുഴ കോലാനി മുളയിങ്കൽ ബിജു ജോസഫ് (50) ആണു കൊല്ലപ്പെട്ടത്. ബിജുവിന്റെ ബിസിനസ് പങ്കാളിയായ ദേവമാതാ കേറ്ററിങ് ഉടമ കലയന്താനി തേക്കുംകാട്ടിൽ ജോമോൻ ജോസഫ് (51) ആണു മുഖ്യപ്രതി. ക്വട്ടേഷൻ സംഘാംഗങ്ങളായ എറണാകുളം എടവനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം (36), കണ്ണൂർ ചെറുപുഴ കളരിക്കൽ ജോമിൻ കുര്യൻ (25), എറണാകുളം പറവൂർ സ്വദേശി ആഷിക് ജോൺസൺ (27) എന്നിവരും പിടിയിലായി.
കേറ്ററിങ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാലിന്യക്കുഴിയിലേക്കുള്ള മാൻഹോളിൽ കുഴിച്ചിട്ട ബിജുവിന്റെ മൃതദേഹം പൊലീസ് ഇന്നലെ പുറത്തെടുത്തു. കാപ്പ കേസ് പ്രതിയായ ആഷിക്കിനെ വ്യാഴാഴ്ച പറവൂർ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കൊലപാതക വിവരം അറിഞ്ഞിരുന്നില്ല. ഒന്നിച്ചു ചെയ്തിരുന്ന ബിസിനസിൽനിന്നു പിൻമാറിയതോടെ അർഹമായ ഷെയർ തനിക്കു ലഭിച്ചില്ലെന്നു ജോമോനു പരാതി ഉണ്ടായിരുന്നു. പൊലീസ് സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ജോമോനു പണം നൽകാമെന്നു ബിജു കരാർ വച്ചിരുന്നു. കരാർ ബിജു ലംഘിച്ചെന്നാണു ജോമോന്റെ മൊഴി.
തന്റെ ഡ്രൈവറായ ജോമിൻ വഴി ജോമോൻ ക്വട്ടേഷൻ സംഘത്തെ ബന്ധപ്പെട്ടു. ബൈക്കിൽ പോവുകയായിരുന്ന ബിജുവിനെ വ്യാഴാഴ്ച പുലർച്ചെ കോലാനി പഞ്ചവടിപ്പാലത്തിനു സമീപം സംഘം വാനിൽ തട്ടിക്കൊണ്ടുപോയി. വാനിൽവച്ചു മർദിക്കുകയും ശബ്ദം പുറത്തുവരാതിരിക്കാൻ മുഖത്തു ചവിട്ടിപ്പിടിക്കുകയും ചെയ്തു. ഗോഡൗണിലെത്തിച്ചപ്പോഴേക്കും ബിജു കൊല്ലപ്പെട്ടിരുന്നു. തുടർന്നു മാൻഹോളിലൂടെ മാലിന്യക്കുഴിയിലേക്കു തള്ളുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ബിജുവിന്റെ സംസ്കാരം നാളെ ചുങ്കം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മഞ്ജു. മക്കൾ: അലീന, ആഷ്ലി, ആൻ ട്രീസ.