ഗോത്ര കലാരൂപമായ മലപ്പുലയാട്ടത്തിൽ മറയൂരിന്റെ വീരവിജയം. മൂന്നാർ ഗവ.
മോഡൽ റസിഡൻഷ്യൽ സ്കൂളിലെ മലയപ്പുലയ വിഭാഗത്തിൽപെടുന്ന കുട്ടികളാണ് എച്ച്എസ് വിഭാഗം മലപ്പുലയാട്ടത്തിൽ ഒന്നാമതെത്തിയത്. എം.മധുവർണൻ, ആർ.രാഗേഷ്, ജി.കേശവ്, അനന്ദു അനിൽ, എൻ.കാർത്തിക്, എസ്.അഭിഷേക്, ജി.ആദിത്യ, എം.നന്ദുകുട്ടൻ, യു.അഭിനാദ്, വി.വിനോദ് എന്നിവർ അരങ്ങിൽ നിറഞ്ഞാടിയപ്പോൾ എസ്.നിതീഷ്, കെ.ഹൃതിക് റോഷൻ എന്നിവർ വാദ്യമേളങ്ങളുടെ അകമ്പടിയേകി.
നാട്ടുകാരും പരമ്പരാഗത കലാകാരന്മാരുമായ ഗണേശൻ, കണ്ണൻ, അനിക്കുട്ടൻ എന്നിവരായിരുന്നു പരിശീലകർ.
ജില്ലയിലെ മറയൂർ, കാന്തല്ലൂർ മേഖലകളിലെ മലയപ്പുലയ ഗോത്ര വിഭാഗം മാരിയമ്മൻ, കാളിയമ്മൻ, കറുപ്പുസ്വാമി എന്നീ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ ആടുന്ന ആട്ടമാണ് മലപ്പുലയാട്ടം. പാട്ട് ഇല്ലാത്ത കലാരൂപമാണ്.
തമ്പോളം, കിടിമുട്ടി എന്നീ ഉപകരണങ്ങളുടെ താളത്തിൽ ചുവടുവയ്ക്കുന്നതാണ് രീതി. ബനിയനും വെള്ളമുണ്ടും തോർത്തുമണിഞ്ഞ കലാകാരന്മാരുടെ കൈയിലെ ചെണ്ടക്കോലിനു സമാനമായ വടി കൊട്ടിക്കൊണ്ടാണ് നൃത്തം.
ഒറ്റ പോയിന്റിൽ അട്ടിമറി
മുരിക്കാശേരി∙ ആവേശം മലയേറിയ കലോത്സവത്തിൽ കഴിഞ്ഞവർഷത്തെ ചാംപ്യന്മാരായ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് എച്ച്എസ്എസിനെ ഒറ്റ പോയിന്റിന് അട്ടിമറിച്ചു കുമാരമംഗലം എംകെഎൻഎംഎച്ച്എസിന് ഓവറോൾ കിരീടം.
ഇന്നലെ 7.45നു അവസാനിച്ച എച്ച്എസ്എസ് പെൺകുട്ടികളുടെ കേരളനടനത്തിൽ ഒന്നാംസ്ഥാനം നേടിയാണ് അവസാനനിമിഷം ജേതാക്കളായത്. പോയിന്റ് നില: കുമാരമംഗലം–245, കൂമ്പൻപാറ–244.
യുപി, എച്ച്എസ് വിഭാഗത്തിൽ കുമാരമംഗലം എംകെഎൻഎംഎച്ച്എസ് ഓവറോൾ നേടി. എച്ച്എസ്എസ് വിഭാഗത്തിൽ കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് എച്ച്എസ്എസാണ് ജേതാക്കൾ.
മധുരം നിറഞ്ഞ മുരിക്കാശേരിയിലെ ചോ‘കലേറ്റ്’ കലോത്സവം ആരവത്തോടെ കൊട്ടിയിറങ്ങി.
പൊന്നു വിളയുന്ന മുരിക്കാശേരി മലഞ്ചെരുവിലെ സെന്റ് മേരീസ് എച്ച്എസ്എസിൽ നടന്ന 36–ാമത് ജില്ലാ കലോത്സവത്തിൽ തൊടുപുഴ സബ് ജില്ല ഓവറോൾ ജേതാക്കളായി. ഇടുക്കിയുടെ കുടിയേറ്റ ഗ്രാമത്തിലേക്ക് എത്തിയ കലോത്സവം നാട്ടുകാർ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു.
സമാപന സമ്മേളനം എഡിഎം ഷൈജു പി.ജേക്കബ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ പി.സി.ഗീത അധ്യക്ഷയായി.
ഓൾ സെറ്റ് സംഘാടനം
കലോത്സവത്തിന്റെ നാലു ദിവസവും ആയിരങ്ങൾക്ക് പായസം സഹിതം ഭക്ഷണം വിളമ്പുന്നതിലും ഗുരുതര പരാതിയില്ലാതെ മത്സരങ്ങൾ നടത്തുന്നതിലും മുരിക്കാശേരിയിലെ സംഘാടകർ വിജയിച്ചു.
നാടിന്റെ ഉത്സവമായി മാറിയ കലോത്സവത്തിന്റെ സമാപനം ഗാനമേളയോടെയായിരുന്നു. നാടാകെ കലോത്സവ വേദിയിലേക്ക് ഒഴുകിയെത്തി.
കെപിഎസ്ടിഎക്ക് ആയിരുന്നു ഭക്ഷണച്ചുമതല. മത്സരങ്ങളുടെ നടത്തിപ്പ് കെഎസ്ടിഎക്കും.
അവസാനം പ്രതിഷേധദിനം
കലോത്സവത്തിൽ കഴിഞ്ഞ വ്യാഴം രാത്രി സംഘനൃത്ത വേദിക്കരികിൽ നൃത്താധ്യാപകർ തമ്മിലടിച്ചു.
രാത്രി ഒൻപതരയോടെ പ്രധാന വേദിയിൽ എച്ച്എസ് വിഭാഗം സംഘനൃത്തം നടക്കുന്നതിനിടെയാണു സംഭവം. തുടർന്ന് പൊലീസിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്.
ഇതിനു പിന്നാലെ ഇന്നലെ പുലർച്ചെ 3ന് ഇതേ മത്സരയിനത്തിന്റെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മത്സരാർഥികൾ വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
രാവിലെ പ്രധാന വേദിക്കരികിലെ ഗ്രൗണ്ടിൽ ആരംഭിച്ച ബാൻഡ് മേളത്തിലും വിധിനിർണയത്തിൽ പ്രതിഷേധമുണ്ടായി. എച്ച്എസ് വിഭാഗത്തിലായിരുന്നു പ്രതിഷേധം.
വിധികർത്താക്കൾ പക്ഷപാതപരമായി ഇടപെട്ടെന്നു കൂമ്പൻപാറ എഫ്എംജിഎച്ച്എസ്എസിലെ മത്സരാർഥികൾ ആരോപിച്ചു. മത്സരശേഷം ഉച്ചയ്ക്ക് മടങ്ങാൻ തുടങ്ങിയ വിധികർത്താക്കളെ ‘എന്തുകൊണ്ട് ഒഴിവാക്കിയെന്ന് അറിയിക്കണമെന്ന്’ ആവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ചേർന്നു തടഞ്ഞു.
തുടർന്ന് മുരിക്കാശേരി പൊലീസിന്റെയും ഡിഡിഇയുടെയും നേതൃത്വത്തിൽ കുട്ടികളുടെ പ്രതിനിധിയുമായി ചർച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. കുട്ടികളുടെ ആക്ഷേപം അനുഭാവപൂർവം പരിശോധിക്കുമെന്നും അപ്പീൽ നൽകണമെന്നും ഡിഡിഇ ആവശ്യപ്പെട്ടു.
കുട്ടികൾ അംഗീകരിച്ചു. തുടർന്നാണ് വിധികർത്താക്കൾക്ക് വേദിവിടാനായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

