
മൂന്നാർ∙ ശമ്പളം, ബോണസ് എന്നിവ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാറിലെ വനിതാ തോട്ടം തൊഴിലാളികൾ നടത്തിയ പെമ്പിളൈ ഒരുമൈ സമരത്തിൽ വിഎസ് എത്തി കുത്തിയിരുന്നത് ചരിത്ര സംഭവമായിരുന്നു. അയ്യായിരത്തിലധികം സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തിൽ 2015 ഓഗസ്റ്റ് 5നാണ് മൂന്നാർ ടൗണിനു സമീപം ദേശീയ പാതയിൽ കുത്തിയിരിപ്പ് സമരമാരംഭിച്ചത്. ട്രേഡ് യൂണിയനുകളെ തള്ളി ആരുടെയും പിന്തുണയില്ലാതായിരുന്നു സമരം.
കമ്പനികൾ വാഗ്ദാനം ചെയ്ത ബോണസും ശമ്പളവും വർധിപ്പിക്കാനായി സമരത്തിനിടയിൽ പലവട്ടം ചർച്ചകൾ നടന്നെങ്കിലും മികച്ച വർധനവ് ലഭിക്കാത്തതിനെ തുടർന്നു സമരം ആഴ്ചകളോളം തുടർന്നു. തൊഴിലാളി ചരിത്രത്തിൽ ഇടം നേടിയ സമരത്തിനിടയിൽ 2015 സെപ്റ്റംബർ 13നാണ് വിഎസ് മൂന്നാറിലെത്തിയത്.
ആർഒ കവലയിലെ സമരത്തിൽ രാവിലെയെത്തിയ വിഎസ് തൊഴിലാളികളെത്തിച്ചു നൽകിയ കസേരയിൽ മണിക്കൂറുകളോളം ഇരുന്നു.
ശമ്പളവും ബോണസും വർധിപ്പിക്കുന്നത് വരെ താനും ഇവരോടൊപ്പം സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. അന്ന് ഉച്ചകഴിഞ്ഞ് കമ്പനി അധികൃതരുമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയെ തുടർന്നാണ് വൈകിട്ട് ശമ്പളവും ബോണസും വർധിപ്പിച്ച പ്രഖ്യാപനമുണ്ടായത്.
ഇതിനു ശേഷമാണ് വിഎസ് മൂന്നാറിൽനിന്നും മടങ്ങിയത്. പിന്നീട് ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് 2018ൽ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായിരിക്കെയാണ് വിഎസ് ഏറ്റവും അവസാനം മൂന്നാറിലെത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]