തൊടുപുഴ∙ അപ്രതീക്ഷിതമായെത്തിയ മഴക്കെടുതി ജില്ലയിൽ കനത്ത നാശം വിതച്ചിട്ടും യഥാർഥ നഷ്ടത്തിന്റെ കണക്കെടുപ്പ് ഇഴയുന്നു. പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെ എണ്ണം ജില്ലാ ഭരണകൂടം ഇതുവരെ തിട്ടപ്പെടുത്തിയിട്ടുള്ളത് വളരെ ചുരുങ്ങിയ എണ്ണം മാത്രം.
എന്നാൽ യഥാർഥ നഷ്ടം ഇതിലും വളരെ കൂടുതലാണെന്ന് ദുരിത ബാധിതരും നാട്ടുകാരും പറയുന്നു. വെള്ളപ്പൊക്കത്തിൽ നഷ്ടമായ കൃഷിയുടെയും കൃഷിഭൂമിയുടെയും കണക്ക് ഇതുവരെ തിട്ടപ്പെടുത്താത്തത് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള തുടർ നടപടികൾ ചെയ്യാൻ കർഷകർക്ക് തടസ്സമാകുകയാണ്.
കുമളി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് നഷ്ടം നേരിട്ട വ്യാപാരികൾ ഇന്ന് ദേശീയപാത ഉപരോധിക്കും.
ഭരണകൂടം കണ്ടതല്ല യാഥാർഥ്യം
ജില്ലാ ഭരണകൂടം നടത്തിയ നഷ്ട
കണക്കെടുപ്പ് ഇങ്ങനെ. ഇടുക്കി താലൂക്കിലെ വാത്തിക്കുടി വില്ലേജിൽ ഒരു വീട് ഭാഗികമായി തകർന്നു.
പീരുമേട് താലൂക്കിൽ 2 വീട് ഭാഗികമായി തകർന്നു. ഉടുമ്പൻചോല താലൂക്കിൽ 2 വീട് പൂർണമായും 6 വീടുകൾ ഭാഗികമായും തകർന്നു.
എന്നാൽ വെള്ളം കുത്തിയൊഴുകിയും മണ്ണിടിഞ്ഞു വീണും താമസയോഗ്യമല്ലാതായ വീടുകളുടെ എണ്ണം ഇതിന്റെ പത്തിരട്ടിയോളം വരുമെന്ന് പ്രദേശ വാസികൾ പറയുന്നു. ഉടുമ്പൻചോല താലൂക്കിൽ മാത്രം ഇത്തരത്തിലുള്ളവ 200 നു മുകളിൽ വരുമെന്നാണ് അനൗദ്യോഗിക കണക്ക്.
ഒലിച്ചുപോയത് ആയിരങ്ങളുടെ സ്വപ്നങ്ങൾ
ഉരുൾപൊട്ടലിൽ ഒലിച്ചുപോയ മണ്ണിനും വെള്ളത്തിനുമൊപ്പം കുമളി പഞ്ചായത്തിലെ ഒട്ടേറെ കർഷകരുടെ സ്വപ്നങ്ങളുമാണ് തകർന്നടഞ്ഞത്.
വർഷങ്ങൾ വിയർപ്പ് ഒഴുക്കി തങ്ങൾ വളർത്തിയെടുത്ത ഏലവും, കുരുമുളകും ഒറ്റ രാത്രി കൊണ്ട് ഒലിച്ചുപോയപ്പോൾ നിസ്സഹായരായി മാറിയ കർഷകരെ ചേർത്ത് നിർത്താൻ സർക്കാർ സംവിധാനങ്ങളോ ഉദ്യോഗസ്ഥരെ എത്താതിരുന്നത് ഇവരുടെ വേദന ഇരട്ടിപ്പിച്ചു. കുമളി പഞ്ചായത്തിലെ പത്തുമുറി മേഖലയിൽ ഒറ്റ രാത്രി 2 ഡസനിലധികം ഉരുൾപ്പൊട്ടലുണ്ടായി.
കനത്ത പേമോരിയ്ക്കൊപ്പം ഈ ഉരുൾപൊട്ടലുകളിൽ ഒലിച്ചെത്തിയ മലവെള്ളവും ചേർന്നപ്പോഴാണ് ശനിയാഴ്ച രാത്രി കുമളി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിലായത്. കുമളി പഞ്ചായത്തിലെ പത്തുമുറി, ഒട്ടകത്തലമേട്, വെള്ളാരംകുന്ന് ഭാഗങ്ങളിലാണ് ശനിയാഴ്ച രാത്രി ഉരുൾപൊട്ടൽ ഉണ്ടായത്. പത്തുമുറി, ശാന്തിഗിരി, അട്ടപ്പള്ളം, ഒന്നാം മൈൽ, ചെളിമട, കുഴിക്കണ്ടം, വലിയകണ്ടം, പെരിയാർ കോളനി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചു.
എത്ര ഏക്കറിലെ കൃഷി നശിച്ചു എന്ന് ഇനിയും വ്യക്തമായിട്ടില്ല.
വിളവെടുപ്പിന് പാകമായ നൂറുകണക്കിന് ഏലച്ചെടികൾ ഉരുൾ കൊണ്ടുപോയി. തൂങ്ങംപറമ്പിൽ റെജി, കൊല്ലംപറമ്പിൽ ഷിനോജ്, കാവിൽ പുരയിടത്തിൽ ആന്റണി, ജോയി വരിക്കമാക്കൽ, ബേബിച്ചൻ കാഞ്ഞിരം, ജിൻസ് അറയ്ക്കപ്പറമ്പിൽ, കുമ്പളന്താനം തോമസ്, ജോയി മുട്ടത്തുകുന്നേൽ, കൊല്ലംപറമ്പിൽ മാത്തുക്കുട്ടി,മറ്റത്തിൽ ജോയി, വടക്കേപ്പറമ്പിൽ വിജയൻ, വടക്കേൽ ജയിംസ് തുടങ്ങിയവരുടെ കൃഷിയിടങ്ങളിൽ വലിയ തോതിൽ കൃഷിനാശം സംഭവിച്ചു.
പല സ്ഥലങ്ങളിലും കൃഷി വകുപ്പ് തിരിഞ്ഞു നോക്കിയിട്ടില്ല.
ഇല്ലാതാകുമോ ഇല്ലിപ്പാലം ചപ്പാത്ത്
സേനാപതി–രാജകുമാരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു കാെണ്ട് പന്നിയാർ പുഴയ്ക്കു കുറുകെ നിർമിച്ച ഇല്ലിപ്പാലം ചപ്പാത്തിൽ കഴിഞ്ഞ ദിവസവും വെള്ളം കയറി. ഇൗ പാലം അപകടാവസ്ഥയിലായിട്ട് ഏറെ കാലമായെങ്കിലും പുതുക്കി പണിയാൻ നടപടിയില്ല. മഴക്കാലത്ത് പന്നിയാർ പുഴയിലെ കുത്താെഴുക്കിലെത്തുന്ന മരക്കഷണങ്ങളും ചപ്പുചവറുകളും പാലത്തിന്റെ കാലുകളിൽ തട്ടി നിൽക്കുന്നതും പാലത്തിന്റെ ബലക്ഷയത്തിന് കാരണമായി.
8.700 കിലോമീറ്റർ ദൈർഘ്യമുള്ള മുരിക്കുംതാെട്ടി– ഉടുമ്പൻചോല റോഡിലാണ് 3 പതിറ്റാണ്ടോളം പഴക്കമുള്ള ഇല്ലിപ്പാലം ചപ്പാത്ത് സ്ഥിതി ചെയ്യുന്നത്.
പുതിയ പാലം നിർമിക്കുന്നതിന് നേരത്തെ ബോർഹോൾ പരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയെങ്കിലും തുടർ നടപടികളുണ്ടായില്ല. മേഖലയിൽ ശക്തമായ മഴ പെയ്യുമ്പോൾ പാലത്തിന് സമീപം താമസിക്കുന്നവർ ആശങ്കയോടെയാണ് കഴിയുന്നത്.
മഴക്കാലത്തും ഇൗ പാലത്തിലൂടെ ഭാരവാഹനങ്ങളും സ്കൂൾ– കോളജ് വാഹനങ്ങളും കടന്നു പോകുന്നത് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നു.
വൈഗ ഡാം തുറന്നു; തേനിയും ഭീഷണിയിൽ
ശക്തമായ മഴ മൂലം തേനി ജില്ലയും പ്രളയ ഭീഷണിയിൽ. 71 അടി സംഭരണ ശേഷിയുള്ള വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69 അടിയിലെത്തി.
കുടിവെള്ളത്തിനും ജലസേചനത്തിനുമായി ഇവിടെ നിന്ന് സെക്കൻഡിൽ 1349 ഘനയടി വെള്ളം നേരത്തെ തുറന്നു വിട്ടിരുന്നു. ഇതിന് പുറമേ ഇന്നലെ മുതൽ 1000 ഘനയടി വെള്ളം കൂടി തുറന്നു വിട്ടു.
വൈഗയിലെ വെള്ളം എത്തുന്ന തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം എന്നീ 5 ജില്ലകളിലെ ജനങ്ങൾക്കും മുന്നറിയിപ്പ് നൽകിയ ശേഷമാണ് കൂടുതൽ വെള്ളം തുറന്നു വിട്ടത്. നിലവിൽ അണക്കെട്ടിൽ 5,572 ദശലക്ഷം ഘനയടി വെള്ളമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

