
ചോർന്നൊലിച്ച് നെടുങ്കണ്ടം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെടുങ്കണ്ടം∙ ചോർന്നൊലിച്ച് നെടുങ്കണ്ടം പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പരാതിയുമായി വ്യാപാരികൾ രംഗത്ത്. നെടുങ്കണ്ടം പഞ്ചായത്തിന്റെ കിഴക്കേകവലയിലുള്ള കെട്ടിടമാണ് യഥാകാലം അറ്റകുറ്റപ്പണികൾ നടത്താതെ ചോർന്നൊലിക്കുന്നത്. കേരള ബാങ്ക് ഉൾപ്പെടെ പത്തിലധികം വ്യാപാര സ്ഥാപനങ്ങൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. കുറെ വർഷങ്ങൾക്ക് മുൻപ് പേരിന് മാത്രമാണ് കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയതെന്ന് വ്യാപാരികൾ പറയുന്നു.
കെട്ടിടത്തിന്റെ പല ഭാഗത്തും കോൺക്രീറ്റിനുള്ളിലെ വാർക്കക്കമ്പി തുരുമ്പെടുത്തതോടെ പലയിടത്തും കോൺക്രീറ്റ് പാളികളായി അടർന്നു വീണിട്ടുമുണ്ട്. പ്രധാന തൂണുകളിൽ ഉൾപ്പെടെ വിള്ളലുകൾ വീണതോടെ മഴവെള്ളം വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ വരെ എത്തുന്നുണ്ട്. കെട്ടിടത്തിന്റെ പുറം ഭാഗത്താകട്ടെ മരങ്ങളും ചെടികളും ആഴത്തിൽ വളർന്നു കഴിഞ്ഞു.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്തധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്. ഇതോടെ പഞ്ചായത്തിൽ പരാതിയും നൽകി. സ്ഥാപനങ്ങളിൽ എത്തുന്നവരുടെ തലയിൽ കോൺക്രീറ്റ് പാളികൾ അടർന്നു വീണ് അപായമുണ്ടാകുന്നതിനു മുൻപേ അറ്റകുറ്റപ്പണി നടത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അതേസമയം കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്.