
അനൗൺസ്മെന്റ് നടത്തിയാൽ പോര; ചാക്കപ്പൻ കവലയിലെ കിണർ വൃത്തിയാക്കണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉടുമ്പന്നൂർ ∙ അമയപ്ര ചാക്കപ്പൻ കവലയിലെ പഞ്ചായത്ത് കിണർ ശുചീകരിച്ചിട്ടു വർഷങ്ങൾ. 1, 2, 16 വാർഡുകളിലെ വീടുകളിലും ചാക്കപ്പൻ കവലയിലെ കടകളിലും ഈ കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. മൂവാറ്റുപുഴ– തേനി റോഡിന്റെയും പാറേക്കവല അമയപ്ര റോഡിനോടും ചേർന്നാണ് കിണറുള്ളത്.നാലു ഭാഗത്തു നിന്നും റോഡിലൂടെ ഒഴുകി വരുന്ന മലിനജലം കെട്ടി നിന്ന് കിണറിലേക്ക് എത്തുന്ന സാഹചര്യമാണുള്ളത്. ഈ ഭാഗത്തെ റോഡിൽ ഓട നിർമിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് ഒട്ടേറെത്തവണ ഗ്രാമസഭകൾ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.
മഴ ശക്തമായാൽ വെള്ളക്കെട്ട് മൂലം ഇതുവഴി കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ പോലും കഴിയില്ല. അമയപ്ര ഭാഗത്ത് മഞ്ഞപ്പിത്തം വ്യാപകമായതിനെ തുടർന്ന് കഴിഞ്ഞ വർഷം ഒന്നിലധികം തവണ ആരോഗ്യ വിഭാഗം ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.ഈ വർഷത്തെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു ആഴ്ചക്കാലം പഞ്ചായത്തിലുടനീളം വാഹനത്തിൽ അനൗൺസ്മെന്റ് നടത്തിയെങ്കിലും ഇത്തരം വിഷയങ്ങളിൽ ഭരണസമിതി ശ്രദ്ധിക്കുന്നില്ലെന്നാണ് ആക്ഷേപം. പഞ്ചായത്ത് കാടുകയറി വൃത്തിഹീനമായി കിടക്കുന്ന പൊതുകിണർ പരിപാലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധവും ശക്തമാണ്. കിണർ ശുചീകരിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.