തൊടുപുഴ ∙ പുതുവർഷത്തിലും ജില്ലയെ വിടാതെ പനിയും പകർച്ചവ്യാധികളും. വൈറൽ പനിയാണു കൂടുതലായും പടരുന്നത്.
എലിപ്പനി, ഡെങ്കിപ്പനി, ചിക്കൻപോക്സ്, വയറിളക്ക രോഗങ്ങൾ എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ മാസം 3810 പേർ പനി ബാധിച്ച് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം കൂടി നോക്കിയാൽ പനിബാധിതരുടെ എണ്ണം ഇരട്ടിയിലേറെ വരും. പകർച്ചപ്പനിയുടെ തുടക്കം ജലദോഷമായാണ്.
പിന്നീട് തൊണ്ടവേദനയാകുകയും പനി ശക്തമാകുകയും ചെയ്യുന്നു. നൂറുകണക്കിനു പേരാണ് ദിനംപ്രതി പനിയും ചുമയുമായി ചികിത്സ തേടുന്നത്.
പനി മാറിയാലും വരണ്ട ചുമ പലർക്കും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന സ്ഥിതിയാണ്.
പനിലക്ഷണം ഉണ്ടെങ്കിൽ എത്രയും പെട്ടെന്നു ഡോക്ടറുടെ സേവനം തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
കൃത്യസമയത്ത് ചികിത്സ തേടാത്തതും മുൻകരുതൽ എടുക്കാത്തതും രോഗപ്പകർച്ച കൂടാൻ ഇടയാക്കും. തണുപ്പും ചൂടും മാറിമാറി വരുന്ന കാലാവസ്ഥയാണ് ഇപ്പോൾ പനിബാധിതരുടെ എണ്ണം ഉയരാൻ പ്രധാന കാരണമായി ആരോഗ്യവിദഗ്ധർ പറയുന്നത്.
ജലദോഷം, പനി, ചുമ ലക്ഷണം ഉള്ളവർ കഴിയുന്നതും മാസ്ക് ഉപയോഗിക്കുക. ജനക്കൂട്ടത്തിൽ നിന്നു വിട്ടുനിൽക്കുക.
മലിനജലവുമായും മറ്റും സമ്പർക്കത്തിലുള്ളവർ പനിലക്ഷണം ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം. എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം.
ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം പ്രതിരോധ മരുന്ന് കഴിക്കണം.
ജില്ലയിൽ ഈ മാസം 4 പേർക്ക് എലിപ്പനിയും 4 പേർക്കു ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 29 പേർക്കു ചിക്കൻപോക്സും റിപ്പോർട്ട് ചെയ്തു.
കുട്ടികളിൽ മുണ്ടിനീര് രോഗവും ജില്ലയിൽ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. 7 പേർക്ക് മുണ്ടിനീര് സ്ഥിരീകരിച്ചു.
ശുദ്ധജല ലഭ്യത കുറഞ്ഞതോടെ ജലജന്യ രോഗങ്ങൾക്കെതിരെയും ജാഗ്രത പുലർത്തണമെന്നു നിർദേശമുണ്ട്. ജില്ലയിൽ ഈ മാസം രണ്ടുപേർക്ക് മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ് എ) 708 പേർക്കു വയറിളക്ക രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

