വണ്ണപ്പുറം∙ ആയിരക്കണക്കിനു സഞ്ചാരികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായ കോട്ടപ്പാറയിലും വനം വകുപ്പിന്റെ ‘ചെക്ക്’.
ഇവിടെ പ്രവേശനം നിരോധിച്ച് ബോർഡ് വച്ചു. ദിവസവും നൂറുകണക്കിനു സഞ്ചാരികളെത്തി പുലർകാല കാഴ്ചകൾ കണ്ടുമടങ്ങുന്ന കോട്ടപ്പാറയിലേക്കാണ് പ്രവേശനം നിരോധിച്ചത്.
നാട്ടിൽ ഒരു വികസന പ്രവർത്തനവും നടത്താൻ തയാറാകാത്ത വനം വകുപ്പ് മറ്റു വകുപ്പുകൾ നടത്തുന്ന വികസന പ്രവൃത്തികൾ തടയുന്നവരായി അധഃപതിച്ചെന്നു പഞ്ചായത്ത് അംഗങ്ങൾ കുറ്റപ്പെടുത്തി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ ഒന്നും ചെയ്യാത്ത വകുപ്പാണ് നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒന്നൊന്നായി അടച്ചു പൂട്ടുന്നതെന്നാണ് പരാതി.
ഇവയൊക്കെ അടച്ചു പൂട്ടുന്നതിനു മുൻപ് സ്ഥലത്തെ ജനപ്രതിനിധികളോട് ആലോചിക്കാൻ പോലും തയാറായില്ല.
നൂറുകണക്കിനു സഞ്ചാരികൾ എത്തിയിരുന്ന മീനുളിയാൻപാറ അടച്ചുപൂട്ടിയിട്ട് 4 വർഷം കഴിഞ്ഞു. ഇതുവരെ തുറന്നു കൊടുത്തിട്ടില്ല.
കാറ്റാടിക്കടവിൽ പ്രവേശന നിരോധന ഫലകം സ്ഥാപിച്ചിട്ട് 3 വർഷമായി. ഇതിനു പുറമേയാണ് ഇപ്പോൾ കോട്ടപ്പാറയിലും പ്രവേശന നിരോധന ഫലകം വച്ചത്.വനം വകുപ്പിന്റെ ജനവിരുദ്ധ സമീപനത്തിൽ മാറ്റം വരുത്താൻ സർക്കാർ തയാറാകുന്നില്ലെന്നും നാട്ടുകാർക്കു പരാതിയുണ്ട്.
വന നിയമത്തിന്റെ പഴുതു പറഞ്ഞാണ് അനാവശ്യ കടന്നുകയറ്റം. വനം വകുപ്പിന്റെ കീഴിൽ നിന്ന് മാറ്റി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പ്രത്യേക ബോർഡിന്റെ കീഴിലാക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
എന്നാൽ സർക്കാർ ഇക്കാര്യത്തിൽ നടപടി എടുത്തിട്ടില്ല.
വേനൽക്കാലത്ത് ഇവിടെയെത്തുന്നവർ പുകവലിച്ചും മറ്റും ഇടുന്ന തീയിൽ നിന്ന് പുൽമേടുകളിൽ ഉൾപ്പെടെ തീ പിടിക്കാനുള്ള സാധ്യതയുണ്ട്. ഇതിനെതിരെയുള്ള മുന്നറിയിപ്പാണ് സ്ഥാപിച്ചതെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു.
അനുമതി കൂടാതെ വനഭൂമിയിൽ പ്രവേശിക്കുന്നത് വനനിയമ പ്രകാരം തെറ്റാണെന്നും ഈ മേഖലയിൽ തീ പടരാൻ സാധ്യത ഏറെയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

