രാജകുമാരി∙ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലുള്ള ജില്ലയിലെ മൂന്നാമത്തെ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിനോട് പൊതുമരാമത്ത്, ധന വകുപ്പുകളുടെ ചിറ്റമ്മനയം.
2018ൽ ശാന്തൻപാറയിൽ അനുവദിച്ച ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിന് സ്വന്തമായി കെട്ടിടമില്ല; വാടകയ്ക്കെടുക്കാൻ തീരുമാനിച്ച കുളപ്പാറച്ചാലിലെ കിൻഫ്രയുടെ കെട്ടിടം വിട്ടുനൽകാനും നടപടിയുമില്ല.
7 വർഷം കഴിഞ്ഞിട്ടും പരിമിത സൗകര്യങ്ങൾ മാത്രമുള്ള പൂപ്പാറയിലെ പഞ്ചായത്ത് എൽപി സ്കൂൾ കെട്ടിടത്തിലാണ് കോളജ് പ്രവർത്തിക്കുന്നത്.
റവന്യു വകുപ്പ് കോളജ് കെട്ടിടം നിർമിക്കുന്നതിന് പൂപ്പാറയിൽ സ്ഥലം വിട്ടുനൽകിയിട്ട് വർഷങ്ങളായി. നിർമാണ പ്രവർത്തനങ്ങൾക്ക് സർക്കാർ ആദ്യം 7 കോടി രൂപ അനുവദിച്ചെങ്കിലും 3 വർഷം കഴിഞ്ഞിട്ടും നിർമാണം ആരംഭിക്കാത്തതിനാൽ ഭരണാനുമതി നഷ്ടമായി.
2020–21ൽ മാസ്റ്റർ പ്ലാൻ തയാറാക്കാൻ ഉൗരാളുങ്കൽ സൊസൈറ്റിയെ ഏൽപിച്ചു. 10 ലക്ഷം രൂപ ഫീസ് ഇൗടാക്കിയാണ് ഉൗരാളുങ്കൽ മാസ്റ്റർ പ്ലാൻ തയാറാക്കിയത്.
എന്നാൽ 105 കോടി രൂപ ചെലവ് വരുന്ന ഇൗ പ്ലാൻ അനുസരിച്ച് കെട്ടിടങ്ങൾ നിർമിക്കാനുള്ള സ്ഥലസൗകര്യം കോളജിന് അനുവദിച്ച ഭൂമിയിൽ ഇല്ലെന്ന് പൊതുമരാമത്ത് വിഭാഗം കണ്ടെത്തി. തുടർന്ന് പൊതുമരാമത്ത് (കെട്ടിടം) വിഭാഗം തന്നെ 40 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി.
പദ്ധതിക്ക് ധനവകുപ്പിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ടെൻഡർ നടപടികളിലേക്കു കടക്കാൻ കഴിയൂ.
എന്നാൽ ഫണ്ട് അനുവദിച്ചുവെന്ന് പറയുന്നതല്ലാതെ തുടർനടപടികളുണ്ടായില്ല. ഇത്തവണത്തെ ബജറ്റിൽ 30 കോടി രൂപയെങ്കിലും വകയിരുത്തി കെട്ടിട
നിർമാണത്തിന് ഭരണാനുമതി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കോളജിന്റെ പ്രവർത്തനം അവതാളത്തിലാകും. കോളജ് കെട്ടിടം നിർമിക്കാനായി 10 കോടി രൂപ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടുണ്ട്.
കെട്ടിടം വിട്ടുനൽകാൻ നടപടിയില്ല
പൂപ്പാറയിൽ കെട്ടിടം നിർമിക്കുന്നത് വരെ കോളജ് കുളപ്പാറച്ചാലിലെ കിൻഫ്ര അപ്പാരൽ പാർക്ക് കെട്ടിടത്തിലേക്ക് മാറ്റാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയിരുന്നു.
ഇതുപ്രകാരം കിൻഫ്ര പാർക്കിലെ 36,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം പ്രതിമാസം മൂന്നര ലക്ഷം രൂപ വാടക നൽകി ഏറ്റെടുക്കാൻ ഒരു വർഷം മുൻപ് നടപടി സ്വീകരിച്ചു. എന്നാൽ പാെതുമരാമത്ത് വകുപ്പ് വാടക സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ ഇതു മുടങ്ങി. കുളപ്പാറച്ചാലിലെ കിൻഫ്ര കെട്ടിടം വിട്ടുനൽകാത്തതിനു പിന്നിൽ ബാഹ്യ ഇടപെടലുകളുള്ളതായി ആരോപണമുണ്ട്.
സൗകര്യങ്ങളില്ല, വിദ്യാർഥികൾ കുറവ്
എംകോം, ബികോം, ബിഎ ഇംഗ്ലിഷ്, ബിഎസ്സി മാത്സ് എന്നീ കോഴ്സുകളാണ് നിലവിൽ കോളജിലുള്ളത്.
പിജി, യുജി കോഴ്സുകളിലായി 340 സീറ്റുകളുണ്ടെങ്കിലും പഠനം നടത്തുന്നത് ആകെ 75 വിദ്യാർഥികൾ മാത്രം. പുതുതലമുറ കോഴ്സുകൾ ആരംഭിക്കുകയും ഹോസ്റ്റൽ സൗകര്യമുൾപ്പെടെ ഏർപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഇൗ ഗവ.കോളജിനെ അടച്ചുപൂട്ടലിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയൂ.
കംപ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയൻസ്, ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് എന്നിവയിലേതെങ്കിലും കോഴ്സുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോളജ് അധികൃതർ വകുപ്പ് മന്ത്രിക്കും കൊളീജിയറ്റ് ഡയറക്ടറേറ്റിലും അപേക്ഷ നൽകിയിട്ടുണ്ട്. കോളജിനോടനുബന്ധിച്ച് ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തിയാൽ തോട്ടം മേഖലയിൽ നിന്നുൾപ്പെടെ കൂടുതൽ വിദ്യാർഥികൾക്ക് ഉപരിപഠനം സാധ്യമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

