നെടുങ്കണ്ടം ∙ പൂർണമായി തകർന്നെങ്കിലും നാട്ടുകാരും വാഹനപ്രേമികളും ചേർന്ന് ‘വിനായക’യെ കൂട്ടാർ പുഴയിൽ നിന്നു വീണ്ടെടുത്തു. കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലിൽ കൂട്ടാറിൽ ഒഴുക്കിൽപെട്ട
ട്രാവലർ 9 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് റോഡിൽ കയറ്റിയത്.
കൂട്ടാർ സ്വദേശി കേളൻത്തറയിൽ ബി.റെജിമോന്റെ ഭാര്യ അബിജിതയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് ഒഴുകിപ്പോയത്. ശനിയാഴ്ച രാവിലെ ആറോടെ വാഹനം പുഴയിൽ പതിച്ച പാലത്തിൽ നിന്ന് 300 മീറ്ററോളം അകലെ ഉച്ചയ്ക്ക് രണ്ടിനാണു കണ്ടെത്തിയത്.
കുത്തൊഴുക്കുള്ള പുഴയിലിറങ്ങി പ്രദേശവാസികളായ സുമേഷ്, കെ.എസ്.രതീഷ് സുധീഷ് എന്നിവർ ചേർന്ന് വീണ്ടും ഒഴുകിപ്പോകാതെ വാഹനം വടത്തിൽ കെട്ടിനിർത്തി.
തുടർന്ന് ഞായർ രാവിലെ എട്ടോടെ ആരംഭിച്ച ദൗത്യം വൈകിട്ട് 5ന് അവസാനിച്ചു. പുഴയിലെ കൽക്കൂട്ടത്തിനിടയിൽ തങ്ങിനിന്നിരുന്ന വാഹനം ട്രാക്ടറിന്റെ സഹായത്തോടെയാണ് കരയ്ക്കു കയറ്റിയത്.
പുഴയിൽ നിന്ന് കുത്തു കയറ്റമുള്ള റോഡിലേക്ക് കയറ്റാൻ നാട്ടുകാരുടെ മണിക്കൂറുകൾ നീണ്ട ശ്രമംവേണ്ടി വന്നു.
മഴയെടുത്തത് 3 പേരുടെ ഉപജീവനമാർഗം
‘വിനായക’ ട്രാവലറിന്റെ ഉടമ റെജിമോനെ കൂടാതെ ഡ്രൈവർമാരായ കൂട്ടാർ പുളിന്തറ സന്തോഷ്, രാജകൃഷ്ണ (അപ്പു) എന്നിവരുടെ കൂടി ഉപജീവനമായിരുന്നു ഈ വാഹനം.
നഴ്സിങ് ട്യൂട്ടറായ ഭാര്യ അബിജിതയ്ക്കൊപ്പം കണ്ണൂരിലെ കാടാച്ചിറയിലാണ് റെജിമോൻ താമസിക്കുന്നത്. കൂട്ടാറിലെ സന്തോഷിന്റെയും അപ്പുവിന്റെയും കൈകളിൽ തന്റെ വാഹനം ഭദ്രമായിരുന്നുവെന്ന് റെജിമോൻ പറയുന്നു.
അറ്റകുറ്റപ്പണികളുൾപ്പെടെ പൂർണമായും വാഹനം നോക്കി നടത്തിയിരുന്നത് സന്തോഷും അപ്പുവുമായിരുന്നു. വാഹനം വാങ്ങിയ 2021 മുതൽ ഇതുവരെ തന്റെ വാഹനം ഓടിച്ചിട്ടില്ലെന്നും റെജിമോൻ പറയുന്നു.
വെള്ളിയാഴ്ച തമിഴ്നാട്ടിലെ ക്ഷേത്രത്തിലേക്ക് ഓട്ടം പോയ ശേഷം വൈകിട്ട് ഏഴോടെ തിരികെയെത്തി പാർക്ക് ചെയ്ത വാഹനമാണ് ശനിയാഴ്ച രാവിലെ ഒഴുക്കിൽപെട്ടത്.
പത്തര ലക്ഷം രൂപയ്ക്ക് വാങ്ങിയ വാഹനത്തിൽ അഞ്ചര ലക്ഷം രൂപയുടെ അധിക ജോലികളും ചെയ്തിട്ടുണ്ട്. 22,250 രൂപ പ്രതിമാസം അടവുള്ള വാഹന വായ്പ ഇനിയും രണ്ടര വർഷം ബാക്കിയുണ്ട്.
കഴിഞ്ഞ മാസം വരെ തേഡ്ക്യാംപ് ഗവ.എൽപി സ്കൂൾ വാഹനമായും വിനായക ഓടിയിരുന്നു.
സ്കൂളിലേക്ക് പുതിയ ബസ് വാങ്ങിയതോടെയാണ് ഓട്ടം നിർത്തിയത്. വിനായകയെന്ന മറ്റൊരു ബസ് കൂടി റെജിമോനുണ്ട്.
സന്തോഷിനും അപ്പുവിനും വേണ്ടി എല്ലാ വിഘ്നങ്ങളും നീക്കി വിനായക ട്രാവലർ വീണ്ടും നിരത്തിലിറക്കുമെന്നു റെജിമോൻ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

