
അടിമാലി ∙ ദേശീയപാത 85–ന്റെ വികസനം അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ഒളിഞ്ഞും തെളിഞ്ഞും എതിർ കക്ഷികൾക്ക് പിന്തുണ നൽകുകയാണെന്ന് കെ.ഫ്രാൻസിസ് ജോർജ് എംപി.ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം കോടതി തടസ്സപ്പെടുത്തിയ നവീകരണ ജോലികൾ പുനരാരംഭിക്കാൻ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡീൻ കുര്യാക്കോസ് എംപി നടത്തിയ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദേശീയപാത വികസനം അട്ടിമറിക്കാൻ വനംവകുപ്പ് തുടക്കം മുതൽ രംഗത്തുണ്ട്. ബിജെപിക്കും ഇതിൽ ചെറുതല്ലാത്ത പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിയോജക മണ്ഡലം ചെയർമാൻ എം.ബി സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.
ഡീൻ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, മുൻ എംഎൽഎമാരായ എ.കെ.മണി, ഇ.എം.ആഗസ്തി, മുൻ ഡിസിസി പ്രസിഡന്റുമാരായ ജോയി തോമസ്, റോയി കെ.പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, കേരള കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ അപു ജോൺ ജോസഫ്, യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി, എ.പി.ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
മന്ത്രിമാർ ഉദ്യോഗസ്ഥരുടെ അടിമകൾ: ഡീൻ
അടിമാലി ∙ മന്ത്രിമാർ ഉദ്യോഗസ്ഥരുടെ അടിമകളായതു നാടിനു ശാപമായെന്നും അതിന് ഒടുവിലത്തെ ഉദാഹരണമാണു ദേശീയപാതയിലെ നവീകരണ ജോലികൾ കോടതി വഴി തടസ്സപ്പെട്ടതെന്നും ഡീൻ കുര്യാക്കോസ് എംപി.മന്ത്രിമാർ ഉദ്യോഗസ്ഥ ദുർനടപടികളുടെ ന്യായീകരണ തൊഴിലാളികളായി മാറുകയാണ്.നിർമാണ ജോലികൾ നടക്കുന്ന സ്ഥലം മലയാറ്റൂർ ഫോറസ്റ്റ് റിസർവിന്റെ ഭാഗമാണെന്ന് അഡിഷനൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത് സർക്കാർ തീരുമാനത്തോടുള്ള വെല്ലുവിളിയാണ്.ഹൈക്കോടതിയിൽ റിവ്യു പെറ്റീഷൻ ഫയൽ ചെയ്ത് ദേശീയപാതയുടെ നിർമാണം പുനരാരംഭിക്കാൻ സർക്കാർ തയാറാകണമെന്നും ഡീൻ ആവശ്യപ്പെട്ടു.ദേശീയപാത സംരക്ഷണസമിതി ചെയർമാൻ പി.എം.ബേബി, റസാക്ക് ചൂരവേലി, ഡയസ് പുല്ലൻ എന്നിവർ എംപിയുടെ സത്യഗ്രഹത്തിന് പിന്തുണ അർപ്പിച്ച് പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]