
സർക്കാർ ചെലവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് റോഡ് നിർമാണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ ∙ പാർട്ടി നിർദേശം ലംഘിച്ച് സർക്കാർ ഫണ്ട് ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്തംഗം നടത്തിവന്ന, സ്വന്തം വീട്ടിലേക്കുള്ള റോഡ് നിർമാണം പാർട്ടി പ്രവർത്തകർ തടഞ്ഞു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും നിലവിൽ അംഗവുമായ വനിതാ നേതാവാണ് കുട്ടിയാർവാലിയിൽ നിർമിച്ച വീട്ടിലേക്ക് റോഡ് നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള 20 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നിർമിക്കുന്നത്.
ഒട്ടേറെയാളുകൾ താമസിക്കുന്ന സ്ഥലമാണെന്നും നടക്കാൻ പോലും വഴിയില്ലെന്നും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് മുൻ ബ്ലോക്ക് പ്രസിഡന്റ് റോഡ് നിർമാണത്തിനുള്ള ഫണ്ട് അനുവദിപ്പിച്ചത്. എന്നാൽ പ്രധാന റോഡിൽ നിന്ന് 250 മീറ്ററിലധികം ദൂരത്ത് ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ ഒരു വീട് മാത്രമാണുള്ളത്.
സ്വന്തം വീട്ടിലേക്ക് റോഡ് നിർമിച്ച് കോൺക്രീറ്റ് ചെയ്യാനുള്ള അംഗത്തിന്റെ രഹസ്യ നീക്കമറിഞ്ഞതോടെ പാർട്ടി നേതാക്കൾ ഇടപെട്ട് തടഞ്ഞിരുന്നു. എന്നാൽ ഇത് അവഗണിച്ച് കഴിഞ്ഞ ദിവസം യന്ത്രസഹായത്തോടെ റോഡ് നിർമിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സിപിഐ ലോക്കൽ സെക്രട്ടറി പ്രവീൺ കുമാർ, പി.കാമരാജ് എന്നിവരുടെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ് റോഡിൽ കൊടി കുത്തിയത്.
ധാരണ പ്രകാരം രണ്ടു വർഷം മുൻപ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ ഇതു നിരസിച്ച് കോൺഗ്രസിനൊപ്പം ചേരുകയും പിന്നീട് മടങ്ങിയെത്തി സ്ഥാനം രാജിവയ്ക്കുകയും ചെയ്ത ഇവർ പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി അത്ര രസത്തിലായിരുന്നില്ല.