ചെറുതോണി ∙ ജില്ലയിൽ നടക്കുന്ന കെട്ടിടങ്ങളുടെയും റോഡുകളുടെയും നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
നിർമാണ പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ചുള്ള റിപ്പോർട്ട് കലക്ടർ മുഖാന്തരം സർക്കാരിനു ലഭ്യമാക്കണമെന്നും വകുപ്പ് മേധാവികളോട് മന്ത്രി നിർദേശിച്ചു.
സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായി ജില്ലയിലെ അൺഫിറ്റ് ആയ എല്ലാ സ്കൂൾ കെട്ടിടങ്ങളുടെയും വാല്യുവേഷൻ പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ യോഗത്തിൽ അധ്യക്ഷനായ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിർദേശിച്ചു.
കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നു കലക്ടർ പറഞ്ഞു.
പ്രാഥമിക പരിശോധനയിൽ 43 സ്കൂൾ അനുബന്ധ കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്നു അറിയിച്ചിരുന്നു. എന്നാൽ വിശദ പരിശോധനയിൽ 24 കെട്ടിടങ്ങൾ മാത്രമേ അൺഫിറ്റെന്നും മറ്റുള്ളവ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാൻ കഴിയുന്നതാണ് എന്നും കണ്ടെത്തിയിരുന്നു.
അൺഫിറ്റായ കെട്ടിടങ്ങളിൽ 8 എണ്ണം എൽപി / യുപി സ്കൂളുകളിലെ കെട്ടിടങ്ങളാണ്.
അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗ യോഗ്യമാക്കേണ്ട സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ ഏറ്റെടുത്തിട്ടുണ്ടെന്നു എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
യോഗത്തിൽ അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് ഷൈജു പി.ജേക്കബ്, ജില്ലാ പ്ലാനിങ് ഓഫിസർ ടി.ജ്യോതിമോൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
മറ്റ് നിർദേശങ്ങളും തീരുമാനങ്ങളും
∙ ഇടമലക്കുടിയിലെ നിർമാണം പൂർത്തിയാക്കാത്ത 58 വീടുകളുടെ ബലക്ഷമത സംബന്ധിച്ചുള്ള പരിശോധന ജനുവരി ആദ്യ ആഴ്ച പൂർത്തിയാക്കി റിപ്പോർട്ട് ജനുവരി അഞ്ചിനകം സമർപ്പിക്കാൻ മൂന്നാർ ഡിഎഫ്ഒയോടു കലക്ടർ നിർദേശിച്ചു. ∙ ഇടമലക്കുടിയിൽ പൂർത്തിയാക്കാൻ ബാക്കിയുള്ള 3 കിലോമീറ്റർ റോഡ് അടിയന്തരമായി പൂർത്തീകരിക്കണമെന്ന് എ.രാജ എംഎൽഎ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച നിർദേശം കരാറുകാരനു നൽകിയിട്ടുണ്ടെന്നും പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും പൊതുമരാമത്ത് (നിരത്തുകൾ) വിഭാഗം എക്സി. എൻജിനീയർ അറിയിച്ചു.
∙ ഓഫ് റോഡ് ജീപ്പ് സഫാരികൾക്കു നിയന്ത്രണം ഏർപ്പെടുത്തുമെന്നു കലക്ടർ പറഞ്ഞു. ∙ ജില്ലയിൽ ഇതുവരെ നിപ്പ വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വവ്വാലുകൾ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങൾ വൺ ഹെൽത്ത് നോഡൽ ഓഫിസറുടെ കീഴിൽ നിലവിൽ മാപ്പ് ചെയ്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
∙ വന്യമൃഗ ശല്യം ഉള്ള സ്ഥലങ്ങളിൽ ഔഷധ സസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും ഇതിൽ വരുമാന വർധന ഉറപ്പാക്കണമെന്നും കലക്ടർ അറിയിച്ചു.
∙ സ്ഥലം ലഭ്യമല്ലാത്ത വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 61 അംങ്കണവാടികൾക്ക് സ്ഥലം ലഭ്യമാക്കുന്ന വിഷയം ചർച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക യോഗം ജനുവരി എട്ടിന് ചേരാനും തീരുമാനിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

