കട്ടപ്പന ∙ മന്ത്രിസഭാ തീരുമാനം കൊണ്ട് കട്ടപ്പനയിലടക്കമുള്ള ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാൻ കഴിയുമോയെന്ന് മന്ത്രി റോഷി അഗസ്റ്റിനും ജില്ലയിലെ ഇടതുനേതാക്കളും വ്യക്തമാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത്. എല്ലാ തടസ്സങ്ങളും നീക്കിയെന്നും ഷോപ്പ് സൈറ്റുകളുടെ പട്ടയവിതരണം ഉടൻ ആരംഭിക്കുമെന്നുമാണ് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്.
എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നുണ പ്രചരണമാണിതെന്ന് വസ്തുതകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി പറഞ്ഞു. സിഎച്ച്ആറിൽ ഉൾപ്പെടുന്ന വില്ലേജുകളിലാണ് ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാനുള്ളത്. ജില്ലയിൽ 26 വില്ലേജുകൾ സിഎച്ച്ആറിന്റെ പരിധിയിലാണ്.
ഈ വില്ലേജുകളിലെ പട്ടയ വിതരണം സുപ്രീംകോടതി 2024 ഒക്ടോബർ 24ന് കോടതി തടഞ്ഞിരുന്നു. നാളിതുവരെ ഈ വിധി പുനഃപരിശോധിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല.
സുപ്രീംകോടതി വിധി നിലനിൽക്കേ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാൻ കഴിയില്ല. ഷോപ്പ് സൈറ്റുകളുടെ പട്ടയ വിതരണം ഇടതുസർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണ്.
ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാൻ 2016ൽ ഉമ്മൻചാണ്ടി സർക്കാർ തീരുമാനമെടുക്കുകയും ഇതിനായി സർവേ നടത്തുന്നതിന് 2016 ഫെബ്രുവരി 22ന് ഉത്തരവ് ഇറക്കുകയും ചെയ്തു.
എന്നാൽ തുടർന്ന് വന്ന ഇടതുസർക്കാർ 6 വർഷം വൈകിപ്പിച്ച് 2022 -23 കാലഘട്ടത്തിലാണ് സർവേ ആരംഭിക്കുന്നത്. കൂടാതെ ഷോപ്പ് സൈറ്റുകളിൽ പട്ടയം അനുവദിക്കാവുന്ന കടമുറികളുടെ വിസ്തീർണം എത്ര വരെയാകാമെന്ന് വ്യക്തത വരുത്തി സർക്കാർ ഉത്തരവിറക്കണമെന്ന് 2022 ജൂൺ 24ന് കളക്ടർ റവന്യു അഡിഷനൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികൾ സ്വീകരിക്കുന്നത് 3 വർഷം വൈകി കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിലാണ്.
സർവേ നടപടികൾ നേരത്തെ നടത്തി തുടർ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ വർഷങ്ങൾക്ക് മുൻപ് തന്നെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാൻ കഴിയുമായിരുന്നെന്ന് കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നു. ഓണത്തിന് മുൻപ് ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന റവന്യു മന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കായതുപോലെ പോലെ മന്ത്രിസഭാ തീരുമാനവും നടപ്പിലാക്കാൻ കഴിയില്ലെന്ന് വ്യക്തമാണെന്ന് കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ എന്നിവർ പറഞ്ഞു.
ഷോപ്പ് സൈറ്റുകൾക്ക് പട്ടയം: നാടകമെന്ന് ബിജെപി
കട്ടപ്പന ∙ കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം നൽകാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായി ഇടുക്കിയിലെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന പ്രചാരണം തിരഞ്ഞെടുപ്പ് നാടകം മാത്രമാണെന്ന് ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി.വർഗീസ്. ജില്ലയിലെ ജനങ്ങളോട് എൽഡിഎഫ് കാട്ടിയ വഞ്ചന മറച്ചുപിടിക്കാനാണ് ഇത്തരമൊരു പ്രഖ്യാപനം. സിഎച്ച്ആർ മേഖലയിലെ പട്ടയ നടപടികൾ സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്.
ഈ ഉത്തരവ് നീക്കിയെങ്കിൽ മാത്രമേ സിഎച്ച്ആറിലെ ടൗൺഷിപ്പുകളിൽ പട്ടയം നൽകാൻ സാധിക്കുകയുള്ളൂ. സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള തടസ്സം നീക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തേണ്ടതെന്നും പ്രസിഡന്റ് വി.സി.വർഗീസ്, ജനറൽ സെക്രട്ടറി കെ.കുമാർ, വൈസ് പ്രസിഡന്റ് രതീഷ് വരകുമല എന്നിവർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]