
ഉപ്പുകുന്ന് വ്യൂപോയിന്റ്; ഇക്കോ പദ്ധതി അവഗണനയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉടുമ്പന്നൂർ∙ ഉപ്പുകുന്ന് വ്യു പോയിന്റിൽ നടപ്പാക്കാൻ വനം വകുപ്പ് തയാറാക്കിയ ഇക്കോ പദ്ധതിക്ക് പരിഗണനയില്ല. വിശദമായ പദ്ധതി കോതമംഗലം ഡിഎഫ്ഒയ്ക്കു സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതുവരെ തുടർ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. വനം വകുപ്പിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പദ്ധതി തയാറാക്കിയത്. ഉപ്പുകുന്ന് വ്യു പോയിന്റിൽ നിന്ന് വനത്തിനുള്ളിലൂടെ കാഴ്ചകൾ കണ്ട് പാറമടവരെ നടക്കാൻ നടപ്പാത ഉണ്ടാക്കി ടൈൽ വിരിക്കുക, പാതയോരത്ത് ചായക്കട, വ്യു പോയിന്റിൽ സുരക്ഷാക്രമീകരണങ്ങൾ ഇവയാണ് ഉപ്പുകുന്നിൽ നടപ്പാക്കാൻ വിഭാവനം ചെയ്ത പദ്ധതികൾ .ഇതിന് പുറമേ പൂമാലയിലുള്ള വനംവകുപ്പ് കെട്ടിടം നവീകരിച്ച് ഫോറസ്റ്റ് ഐബി ആക്കുക എന്നതും നിർദേശത്തിൽ ഉണ്ടായിരുന്നു. ഈ നിർദേശങ്ങൾക്കൊന്നും ഇതുവരെ അംഗീകാരം കിട്ടിയിട്ടില്ല. ഉപ്പുകുന്നിലേക്ക് ദിവസവും നൂറുകണക്കിന് സഞ്ചാരികൾ എത്തുന്നുണ്ട്. ഇവിടം ആകർഷകമാക്കാനും സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കാനും നടപടിയില്ല. വനം വകുപ്പിന് ഫണ്ടില്ല എന്നതാണ് പദ്ധതികൾ വൈകാൻ കാരണം.
അനുമതി നൽകില്ല
വനം വകുപ്പിന്റെ കീഴിലാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടുതലും. ഇവയൊക്കെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും കൂടുതൽ ആകർഷകമാക്കുകയും ചെയ്താൽ ധാരാളം സഞ്ചാരികൾ എത്തും. ഇത് സർക്കാരിന് വരുമാനവും പ്രദേശത്തിന്റെ വികസനത്തിനും ഇടയാക്കും. എന്നാൽ ഇവയൊക്കെ വികസിപ്പിക്കാൻ വനം വകുപ്പിന് ആവശ്യമായ ഫണ്ടില്ല. നല്ല പ്രോജക്ട് തയാറാക്കാനുള്ള സാങ്കേതിക വൈദഗ്ധ്യം ഉള്ള ഉദ്യോഗസ്ഥരുമില്ല. പദ്ധതി തയാറാക്കുന്നത് വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ്.ഇവർ തയാറാക്കി നൽകുന്ന പദ്ധതികളാണ് വനം വകുപ്പിന്റെ കീഴിൽ വരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നടപ്പാക്കുക. ശുചിമുറി, ഇക്കോ ഷോപ്പ്, സുരക്ഷാ വേലികൾ മുതലായവ. ഇവയ്ക്കപ്പുറം വനത്തിന്റെ സ്വഭാവികത നിലനിർത്തി സഞ്ചാരികളെ ആകർഷിക്കുന്ന ഒരു പദ്ധതികളും തയാറാക്കി നടപ്പാക്കില്ല. ഇനി ഏതെങ്കിലും വകുപ്പുകളോ ഏജൻസികളോ പണം മുടക്കാൻ തയാറായാൽ അംഗീകാരം നൽകുകയില്ല. വന മേഖലയിലെ ചെറുകിട വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നടത്തിപ്പ് വനം വകുപ്പിൽ നിന്ന് മാറ്റി പ്രത്യേക ഏജൻസികൾക്ക് ദീർഘ കാലത്തേക്ക് കരാർ അടിസ്ഥാനത്തിൽ നൽകിയാൽ മാത്രമേ ഇവയുടെ വികസനവും അതുവഴി നല്ല വരുമാനവും കിട്ടുകയുള്ളൂ എന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. വനം വകുപ്പ് ഇപ്പോൾ നടപ്പാക്കുന്നത് എല്ലാം ഉദ്യോഗസ്ഥ താൽപര്യ പദ്ധതികൾ എന്നും ആക്ഷേപമുണ്ട്. വകുപ്പിന് ഫണ്ട് ഇല്ലാത്തതിനാൽ വികസന മുരടിപ്പ് നേരിടുന്ന തൊമ്മൻകുത്ത് ഇക്കോ ടൂറിസം, മൂന്ന് വർഷമായി പ്രവേശനം നിരോധിച്ചിരിക്കുന്നു. മീനുളിയാൻ പാറ തുടങ്ങി ഒട്ടേറെ സ്ഥലങ്ങൾ ഇത്തരത്തിൽ തൊടുപുഴ മേഖലയിൽ ഉണ്ട്.