തൊടുപുഴ ∙ പാചകവാതകം ലഭിക്കാതായതോടെ ഷട്ടറിടുന്ന ഹോട്ടലുകളുടെ എണ്ണം ജില്ലയിൽ കൂടി. ഇനങ്ങൾ കുറച്ച് അടച്ചുപൂട്ടൽ പരമാവധി ഒഴിവാക്കാൻ ചില ഹോട്ടലുകൾ ശ്രമിക്കുന്നുണ്ടെങ്കിലും എത്ര ദിവസത്തേക്ക് പിടിച്ചു നിൽക്കാനാകുമെന്ന് പറയാനാകില്ല.
ഗ്രാമപ്രദേശങ്ങളിൽ ചെറിയ ചായക്കടകൾ പോലും അടച്ചിടുകയോ പ്രവർത്തന സമയം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ജില്ലയിൽ യാത്ര ചെയ്യുന്നവർ ലഘുഭക്ഷണമെങ്കിലും കയ്യിൽ കരുതണമെന്ന സ്ഥിതിയാണ്.
ജില്ലാ ആസ്ഥാനത്ത് പ്രതിസന്ധി രൂക്ഷം
ജില്ലാ ആസ്ഥാന മേഖലയിലെ വിവിധ ടൗണുകളിൽ ഹോട്ടലുകളുടെ പ്രവർത്തനം അവതാളത്തിലായി.
തോപ്രാംകുടി ടൗണിലെ എല്ലാ ഹോട്ടലുകളും അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ടു ദിവസങ്ങളായപ്പോൾ മുരിക്കാശേരിയിലും കഞ്ഞിക്കുഴിയിലും കരിമ്പനിലും തടിയമ്പാടും ചെറുതോണിയിലും പൈനാവിലും തങ്കമണിയിലുമെല്ലാം പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. ടൗണുകളിൽ ഇടവിട്ട് ഹോട്ടലുകൾ പ്രവർത്തനരഹിതമാകുന്നുണ്ടെന്നു വ്യാപാരി വ്യവസായി അസോസിയേഷൻ അംഗങ്ങൾ പറയുന്നു.
പ്രതിസന്ധി ഇങ്ങനെ നീളുകയാണെങ്കിൽ പലയിടത്തും ഹോട്ടലുകൾ അനിശ്ചിതമായി അടച്ചുപൂട്ടേണ്ടി വരും.
പൂട്ടിട്ട് കട്ടപ്പനയിലെ 3 ഹോട്ടലുകൾ
പാചക വാതക ക്ഷാമത്തെ തുടർന്ന് കട്ടപ്പന മേഖലയിൽ മൂന്നു ഹോട്ടലുകൾ പൂട്ടി. വെള്ളയാംകുടി റൂട്ടിലുള്ള ശരവണഭവൻ, മാസ് ഹോട്ടൽ, പുളിയൻമലയിലെ നിഗാര ഹോട്ടൽ എന്നിവയാണ് അടച്ചത്.
പുതിയ ബസ് സ്റ്റാൻഡിലെ ആര്യാസ്, അൽഫോൻസ അടക്കമുള്ള ഹോട്ടലുകളിൽ ഊണ് നിർത്തി. ദിവസം മൂന്നു ഗ്യാസ് സിലിണ്ടർ വരെ ഉപയോഗിച്ചിരുന്ന ഹോട്ടലുകളിൽ ഊണും കറികളുമെല്ലാം നിർത്തിയതോടെ ഒന്നര സിലിണ്ടറാക്കി ചുരുക്കാൻ സാധിച്ചിട്ടുണ്ട്.
എന്നാൽ പ്രതിസന്ധി നീണ്ടുപോയാൽ കടകൾ അടയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് ഉടമകൾ പറയുന്നത്. സ്ഥാപനങ്ങൾ അടച്ചാൽ തൊഴിലാളികൾക്ക് പണിയില്ലാതാകും.
അതിഥി തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിയാൽ, കടകൾ തുറന്നാലും ഇവർ തിരിച്ചെത്തുമോയെന്ന ആശങ്കയുമുണ്ട്.
വിറക് മാത്രം ശരണം
രാജാക്കാട് ടൗണിലെ 5 ഹോട്ടലുകൾ പാചകവാതക ക്ഷാമം മൂലം അടച്ചു. രാജകുമാരി ടൗണിലെ പ്രധാനപ്പെട്ട
2 ഹോട്ടലുകളും അടച്ചു. തോട്ടം മേഖലയിൽ വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾ മാത്രമാണ് തുറക്കുന്നത്.
പീരുമേട്ടിൽ പൂട്ടൽ തുടരുന്നു
പീരുമേട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടി പാമ്പനാർ, കുട്ടിക്കാനം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ ആണ് ഹോട്ടലുകൾ അടഞ്ഞത്.
സിലിണ്ടറുകൾ തീർന്നതിനു പിന്നാലെ ഉടമകൾ സ്ഥാപനങ്ങൾ അടയ്ക്കാൻ നിർബന്ധിതരാകുകയായിരുന്നു.
വലയുന്നത് രോഗികളും
നെടുങ്കണ്ടത്തെ ഹോട്ടലുകളിലധികവും അടച്ചു പൂട്ടൽ ഭീഷണിയിലാണ്. ഏതാനും ചില ഹോട്ടലുകളിൽ മാത്രമാണ് വിറകടുപ്പുള്ളത്.
നെടുങ്കണ്ടം താലൂക്ക് ആശുപത്രി കന്റീൻ കഴിഞ്ഞ വ്യാഴാഴ്ച അടച്ചിരുന്നു. ഇതോടെ ആശുപത്രിയിലെത്തുന്ന നൂറുകണക്കിന് രോഗികളും ബന്ധുക്കളും ദുരിതത്തിലായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

