
തൊടുപുഴ∙ തൊടുപുഴ – പാലാ റൂട്ടിലെ ചൂരപ്പട്ട വളവിലും കുഴിവേലി വളവിലും നിറയെ വാഹനങ്ങളുടെ ഛിന്നഭിന്നമായ ഭാഗങ്ങൾ ചിതറിക്കിടക്കുകയാണ്.
ഇവിടെ അപകടത്തിൽപെട്ടിട്ടുള്ള വാഹനങ്ങളുടേതാണ് അവ. യാത്രക്കാർക്ക് പേടിസ്വപ്നമായി മാറിയ ചൂരപ്പട്ടവളവിൽ തിങ്കളാഴ്ച രാത്രി ഉണ്ടായ അപകടമാണ് ഒടുവിലത്തേത്.
ഈ റൂട്ടിൽ എവിടെയും എപ്പോഴും അപകമുണ്ടാകാം എന്നതാണ് അവസ്ഥ . കാരണങ്ങൾ ഉറപ്പിച്ചു പറയാനാകില്ലെങ്കിലും ചില സാധ്യതകൾ ഇവയാണ്.
∙വെളിച്ചമില്ല.
പതിവായി ഇതുവഴി പട്രോളിങ് നടത്തുന്ന ഹൈവേ പൊലീസും പറഞ്ഞ കാരണം ഇരുട്ടാണ്. ഇലക്ട്രിക് പോസ്റ്റുകളിൽ പോലും ബൾബുകൾ സ്ഥാപിച്ചിട്ടില്ല.
പൊതുമരാമത്ത് റോഡായതിനാൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ പിഡബ്ല്യുഡിയുടെ എൻഒസി ലഭിക്കണമെന്ന് സ്ഥലം മെംബർ പറയുന്നു. വാർഡിലെ മറ്റു റോഡുകൾക്കു പോലും ഫണ്ട് തികയാത്തതിനാൽ പിഡബ്ല്യുഡി റോഡിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും മെംബർ.
∙സ്ഥലപരിചയമില്ലാത്തവർ പ്രതീക്ഷിക്കുന്നതിനേക്കാൾ കൊടുംവളവുകളാണ് രണ്ടും.
പാലാ ഭാഗത്തേക്കു പോകുമ്പോൾ രണ്ടു വളവുകളിലേക്കും ഇറക്കമിറങ്ങി ചെല്ലുന്നതിനാൽ വേഗം കൂടുതലായിരിക്കും. ∙താഴ്ചയുള്ള ഭാഗങ്ങളിൽ പലയിടത്തും ബാരിക്കേഡുകൾ ഇല്ല.
സ്ഥാപിച്ചിരിക്കുന്ന റിഫ്ലക്ടർ കുറ്റികൾ കാടുകയറി കാണാനാകാത്ത നിലയിൽ. ∙ചൂരപ്പട്ട
വളവിൽ പാലാ ഭാഗത്തു നിന്നു വരുന്നവർക്ക് കാണാൻ പാകത്തിൽ വളവ് സൂചിപ്പിക്കുന്ന ബോർഡുകളുടെ കുറവ്.
∙തകരാറിലായ സൂചനാ ലൈറ്റുകൾ. കുഴിവേലി വളവിനു സമീപം സ്ഥാപിച്ചിരിക്കുന്ന മഞ്ഞ സിഗ്നൽ ലൈറ്റ് ഇളകി തൂങ്ങി.
∙മാലിന്യം തള്ളലും അപകടത്തിനു കാരണമാകുമെന്നാണ് ചില ഇരുചക്രവാഹന യാത്രക്കാരുടെ അനുഭവം. രാത്രി ഇരുളിന്റെ മറവിൽ വേസ്റ്റുമായി റോഡിലേക്കിറങ്ങുന്ന തെരുവുനായ്ക്കളാണ് ഇവിടെ വില്ലന്മാരാകുന്നത്.
ഇവയെല്ലാം പതിവു യാത്രക്കാർക്ക് അനുഭവപ്പെട്ട
കാരണങ്ങളാണ്. ശാസ്ത്രീയമായ കാരണങ്ങൾ വേറെയും ഉണ്ടാകാം.
അത് കണ്ടെത്തി പരിഹരിക്കാൻ അധികൃതർക്ക് മാത്രമേ കഴിയൂ. അല്ലാത്ത പക്ഷം അപകടങ്ങൾ ആവർത്തിക്കും, ജീവനുകൾ പൊലിയും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]