
കാലവർഷം: ജലാശയങ്ങൾ ജലസമൃദ്ധം; പൊന്മുടി അണക്കെട്ടിൽ ബ്ലൂ അലർട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജകുമാരി∙ കാലവർഷം ശക്തമാകും മുൻപേ ജില്ലയിലെ ഇടുക്കി അണക്കെട്ട് ഒഴികെയുള്ള ജലാശയങ്ങൾ ജലസമൃദ്ധമായി. 2403 അടി പരമാവധി സംഭരണ ശേഷിയുള്ള ഇടുക്കി അണക്കെട്ടിൽ ഇന്നലത്തെ ജലനിരപ്പ് 2343.24 അടിയായിരുന്നു. ജലനിരപ്പ് 2365 അടി എത്തിയാൽ ബ്ലൂ അലർട്ടും 2371–ൽ എത്തിയാൽ ഓറഞ്ച് അലർട്ടും, 2372–ൽ റെഡ് അലർട്ടും പ്രഖ്യാപിക്കും.പരമാവധി സംഭരണശേഷി പിന്നിട്ടതിനെ തുടർന്ന് കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളിൽ നിന്ന് വെള്ളം ഒഴുക്കി വിടുന്നുണ്ട്. 456.59 മീറ്റർ പരമാവധി സംഭരണ ശേഷിയുള്ള കല്ലാർകുട്ടി അണക്കെട്ടിൽ 456.20 ആയിരുന്നു ഇന്നലത്തെ ജലനിരപ്പ്.
ലോവർ പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 253 മീറ്ററിലെത്തി. 707.75 മീറ്റർ പരമാവധി സംഭരണ ശേഷിയുള്ള പൊന്മുടി അണക്കെട്ടിൽ ജലനിരപ്പ് 704.55 പിന്നിട്ടതോടെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത മണിക്കൂറുകളിൽ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചാൽ പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കേണ്ടി വരും.
മാട്ടുപ്പെട്ടി അണക്കെട്ടിൽ 1592.50 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ് (പരമാവധി ജലനിരപ്പ് 1599.59 മീറ്റർ), ആനയിറങ്കൽ അണക്കെട്ടിൽ 1199.16 മീറ്റർ (പരമാവധി ജലനിരപ്പ് 1207.02), കുണ്ടള 1741 മീറ്റർ (1758.69 മീറ്റർ), ഇരട്ടയാർ 748 മീറ്റർ (748 മീറ്റർ), കല്ലാർ 820.50 മീറ്റർ (824.48 മീറ്റർ) എന്നിങ്ങനെയാണ് ജില്ലയിൽ കെഎസ്ഇബിയുടെ കീഴിലുള്ള മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ്. ജലവിഭവ വകുപ്പിന്റെ കീഴിലുള്ള മലങ്കര അണക്കെട്ടിൽ 39.56 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. 42 മീറ്ററാണ് മലങ്കരയിലെ പരാമവധി ജലനിരപ്പ്.