
വേനൽമഴയും കാറ്റും: കർഷകർക്ക് വൻനഷ്ടം; കൂടുതൽ കൃഷിനാശം കട്ടപ്പന, രാജാക്കാട്, വണ്ണപ്പുറം മേഖലകളിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ∙ ജില്ലയിൽ ശക്തമായ വേനൽമഴയിലും കാറ്റിലും കർഷകർക്കുണ്ടായതു ലക്ഷങ്ങളുടെ നഷ്ടം.എയിംസ് പോർട്ടൽ മുഖേന ലഭിച്ച അപേക്ഷകളിൽനിന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസ് തയാറാക്കിയ നഷ്ടക്കണക്ക് 6 ലക്ഷത്തോളം വരും. എന്നാൽ യഥാർഥ നഷ്ടം അതിലും വളരെ കൂടുതലാണെന്നു കർഷക സംഘടനകൾ പറയുന്നു. റിപ്പോർട്ട് ചെയ്യപ്പെടാത്ത നാശനഷ്ടങ്ങളും ഒട്ടേറെ.എയിംസിൽ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കണക്കു പ്രകാരം ജില്ലയിൽ 1350 ഏത്തവാഴകൾ നശിച്ചു. കട്ടപ്പന, രാജാക്കാട്, വണ്ണപ്പുറം മേഖലകളിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം.
∙ കട്ടപ്പനയ്ക്ക് ഏറെ നഷ്ടം
കട്ടപ്പനയിൽ 50, ഉപ്പുതറയിൽ 250 വീതം ഏത്തവാഴകൾ കാറ്റിൽ നിലംപൊത്തി. സർക്കാർ നഷ്ടപരിഹാരമായ 400 രൂപ നിരക്കിൽ ഇവിടെ മാത്രം 1,20,000 രൂപയുടെ നഷ്ടമാണു ജില്ലാ കൃഷിവകുപ്പ് കണക്കാക്കിയിരിക്കുന്നത്. കൂടുതൽ നഷ്ടങ്ങൾ ഉണ്ടോ എന്നതു വരും ദിവസങ്ങളിൽ പോർട്ടലിൽ ലഭിക്കുന്ന അപേക്ഷകളിൽ നിന്നേ വ്യക്തമാകുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
∙കണക്കിൽ പെടാതെ കാഞ്ചിയാർ
വേനൽ മഴക്കെടുതിയിൽ കട്ടപ്പന മേഖലയിൽ നഷ്ടപ്പെട്ടതായി കണക്കാക്കപെട്ടിട്ടുള്ള വാഴകളുടെ എണ്ണത്തെക്കാൾ കൂടുതലാണ് കാഞ്ചിയാറിലെ നഷ്ടം. കാഞ്ചിയാർ പള്ളിക്കവല കിടങ്ങുഭാഗത്ത് ഒന്നേകാൽ ഏക്കറിൽ കൃഷി ചെയ്തിരുന്ന 450 ഏത്തവാഴകളാണ് ഒടിഞ്ഞു വീണത്.കുരിശിങ്കൽ ജോർജുകുട്ടി, ചൂരക്കുഴിയിൽ മാത്യു, നെല്ലുപടവിൽ സണ്ണി, കാഞ്ഞിരത്തിങ്കൽ മോനച്ചൻ എന്നീ നാലു കർഷകർ ചേർന്നു സ്ഥലം പാട്ടത്തിനെടുത്ത് ചെയ്തിരുന്ന കൃഷിയാണു നശിച്ചത്.കഴിഞ്ഞ വർഷം മാർച്ചിൽ ചെയ്ത കൃഷിയിൽനിന്ന് വിളവെടുക്കാറായപ്പോഴാണു നഷ്ടം സംഭവിച്ചത്.
∙നഷ്ടം സഹിച്ച് രാജാക്കാട്
രാജാക്കാട് മേഖലയിൽ ഉണ്ടായ വേനൽ മഴയിൽ 50 ഏത്തവാഴകൾ നശിച്ചതായി മാത്രമേ കൃഷി വകുപ്പിനു കണക്ക് ലഭിച്ചിട്ടുള്ളുവെങ്കിലും ലക്ഷങ്ങളുടെ നഷ്ടങ്ങളുണ്ടായതായി കർഷക സംഘടനകൾ പറയുന്നു. പന്നിയാർകുട്ടി മേഖലയിലാണു മഴയും കാറ്റും ഏറെ നാശം വിതച്ചത്. വിവിധ കൃഷികൾ നശിച്ചതിലൂടെ കുറഞ്ഞത് 7 ലക്ഷം രൂപയുടെ നഷ്ടമെങ്കിലും സംഭവിച്ചിട്ടുണ്ടാകാമെന്നു കർഷകർ പറയുന്നു.വാഴക്കൃഷി കൂടാതെ ഏലം, കുരുമുളക്, കൊക്കോ തുടങ്ങിയവയും വ്യാപകമായി നശിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാജാക്കാട് പ്രദേശത്ത് പെയ്ത ശക്തമായ മഴയിലും കാറ്റിലും ഒട്ടേറെ കൃഷിനാശമുണ്ട്. നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ.
∙വണ്ണപ്പുറത്ത് വൻനഷ്ടം
ആദിവാസി മേഖലയായ പട്ടയക്കുടിയിൽ ഗോത്രവിഭാഗവും അല്ലാത്തതുമായ 20ലേറെ കർഷകരുടേതായി ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് വേനൽമഴയിൽ ഉണ്ടായത്. എയിംസ് പോർട്ടലിൽ പത്തോളം കർഷകരുടെ നഷ്ടവിവരങ്ങൾ മാത്രമേ ഇന്നലെ വരെ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളൂ. ഇതുപ്രകാരം വാഴ –1000, കായ്ഫലമുള്ള ജാതി – 10, ഏലം കൃഷി – 25 സെന്റ് എന്നിങ്ങനെയാണ് നഷ്ടം. ഒട്ടേറെ കർഷകരുടെ റബർക്കൃഷിയും നശിച്ചിട്ടുണ്ട്. കാളിയാർ പ്രദേശത്തും റബർത്തോട്ടങ്ങൾക്കു നാശമുണ്ടായിട്ടുണ്ട്. എയിംസ് പോർട്ടലിൽ ലഭിക്കുന്ന അപേക്ഷകളുടെ ഫീൽഡ് പരിശോധന പൂർത്തിയായി വരികയാണെന്നു വണ്ണപ്പുറം കൃഷി ഓഫിസർ പി.എച്ച്.അഭിജിത് അറിയിച്ചു.