മൂന്നാർ ∙ രണ്ടാഴ്ച മുൻപ് തകർത്ത പച്ചക്കറിക്കട വീണ്ടും തകർത്ത് പടയപ്പ പച്ചക്കറികൾ തിന്നു നശിപ്പിച്ചു.
മൂന്നാർ നഗർ സ്വദേശി ബാലുവിന്റെ ഉടമസ്ഥതയിൽ മാട്ടുപ്പെട്ടി പഞ്ചായത്ത് ഓഫിസിനു മുൻപിൽ പ്രവർത്തിക്കുന്ന കടയാണ് ഇന്നലെ പുലർച്ചെ രണ്ടിന് പടയപ്പയെത്തി നശിപ്പിച്ചത്. കട തകർത്ത ശേഷം അകത്തു സൂക്ഷിച്ചിരുന്ന ഏത്തക്കുലകൾ, പച്ചക്കറികൾ എന്നിവ തിന്നു. സ്ഥലത്തെത്തിയ മൂന്നാർ, പെട്ടിമുടി ആർആർടി സംഘമാണ് പടയപ്പയെ ഓടിച്ചത്.
ഇന്നലെ പകൽ ഗുണ്ടുമല ഭാഗത്തായിരുന്നു പടയപ്പ. ഡിസംബർ രണ്ടിന് പുലർച്ചെയും പടയപ്പ ബാലുവിന്റേതുൾപ്പെടെ രണ്ട് കടകളും സമീപത്തെ മാവേലി സ്റ്റോറും തകർത്തിരുന്നു.
സെൽഫി: മുന്നറിയിപ്പുമായി വനംവകുപ്പ്
പുലർച്ചെ പടയപ്പ ഉൾപ്പെടെയുള്ള കാട്ടാനകളെ കാണാൻ എത്തുന്ന വിനോദ സഞ്ചാരികളടക്കമുള്ളവർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്.
ഇന്നലെ പുലർച്ചെ രണ്ടിന് മാട്ടുപ്പെട്ടിയിലിറങ്ങിയ പടയപ്പയെ ഓടിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ഒട്ടേറെ വിനോദ സഞ്ചാരികളും നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നു. സഞ്ചാരികൾ അതിസാഹസികമായി അടുത്തുചെന്ന് പടയപ്പയുടെ ചിത്രങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു. കുറച്ചുപേർ കാഴ്ചക്കാരായി സമീപത്തുമുണ്ടായിരുന്നു.
സ്ഥലത്തെത്തിയ ആർആർടി സംഘം സന്ദർശകരെ ആദ്യം പിന്തിരിപ്പിച്ച ശേഷമാണ് ആനയെ തുരത്തിയത്. പ്രകോപിപ്പിക്കുന്ന തരത്തിൽ രാത്രി സമയത്ത് കാട്ടാനയുടെ സമീപത്ത് പോകുന്നതിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

