
ചിന്നക്കനാൽ∙ ഹൈക്കോടതി ഇടപെടലിനു വരെ കാരണമായ ചിന്നക്കനാലിലെ മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുന്നു. വർഷങ്ങൾ നീണ്ട
കാത്തിരിപ്പിനുശേഷം ചിന്നക്കനാൽ വിലക്കിന് സമീപം മാലിന്യ പ്ലാന്റിന്റെ നിർമാണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ ശുചിത്വ മിഷനിൽനിന്ന് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്ലാന്റ് നിർമാണം ആരംഭിക്കുന്നത്. ഒരു കോടി രൂപ നിർമാണ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാലിന്യ പ്ലാന്റ് നിർമാണം പൂർത്തിയാകുന്നതോടെ ജൈവ മാലിന്യങ്ങൾ സംസ്കരിച്ച് പ്ലാന്റിൽനിന്നു ജൈവവളം ഉൽപാദിപ്പിച്ച് കർഷകർക്ക് ഉപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കുന്നതിനും പ്ലാന്റിൽ സൗകര്യമുണ്ടാകും. ദിവസേന നൂറു കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന ചിന്നക്കനാലിൽ മാലിന്യ സംസ്കരണത്തിന് സംവിധാനമുണ്ടായിരുന്നില്ല. വഴിയോരത്തും പാെതുസ്ഥലങ്ങളിലും മാലിന്യം തള്ളിയത് വന്യമൃഗശല്യവും വർധിക്കാൻ കാരണമായി.
വേസ്റ്റ് കുഴി ഭാഗത്ത് മാലിന്യം തള്ളിയിരുന്ന സ്ഥലത്ത് കാട്ടാനകൾ തീറ്റ തേടുന്ന ചിത്രം മാധ്യമങ്ങളിൽ വന്നതിന് പിന്നാലെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും വിശദീകരണം നൽകാൻ പഞ്ചായത്തിനും വനം വകുപ്പിനും നിർദേശം നൽകുകയും ചെയ്തു.
തുടർന്ന് മാലിന്യ പ്ലാന്റ് നിർമിക്കാൻ പഞ്ചായത്ത് തീരുമാനമെടുത്തെങ്കിലും അനുയോജ്യമായ സ്ഥലം ലഭിച്ചിരുന്നില്ല. ഒടുവിൽ റവന്യു വകുപ്പ് വിട്ടുനൽകിയ ഒരേക്കർ സ്ഥലത്താണ് ഇപ്പോൾ മാലിന്യ പ്ലാന്റ് നിർമിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]