
ചെറുതോണി ∙ പ്രതിഷേധം ശക്തമാകുന്നതിനിടെ ജില്ലയിൽ ജീപ്പ് സഫാരി, ഓഫ് – റോഡ് പ്രവർത്തനങ്ങൾ നാളെ മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിനു കലക്ടർ വി.വിഘ്നേശ്വരി ഉത്തരവിട്ടു. സുരക്ഷാ ഭീഷണിയെത്തുടർന്ന് കഴിഞ്ഞ 5 മുതലാണ് ജീപ്പ് സഫാരിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
ഇടുക്കി, ദേവികുളം സബ്ഡിവിഷനു കീഴിലുള്ള 9 റൂട്ടുകൾക്കാണു ആദ്യഘട്ടത്തിൽ പ്രവർത്തനാനുമതി നൽകുന്നത്. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ (കെഎടിപിഎസ്) സുരക്ഷാ മാനദണ്ഡങ്ങളും റൂട്ട് അടിസ്ഥാനമാക്കിയുള്ള അനുമതികളും പാലിച്ചായിരിക്കണം പ്രവർത്തനം.
റൂട്ട് മോണിറ്ററിങ് ആൻഡ് റഗുലേഷൻ കമ്മിറ്റി
റൂട്ടുകളും സുരക്ഷാ മാനദണ്ഡങ്ങളും നിർണയിക്കുന്നതിനായി ഇടുക്കി, ദേവികുളം സബ് കലക്ടർമാർ അധ്യക്ഷരായി റൂട്ട് മോണിറ്ററിങ് ആൻഡ് റഗുലേഷൻ കമ്മിറ്റി രൂപീകരിച്ചു.
റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ (ആർടിഒ), റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ എൻഫോഴ്സ്മെന്റ്, അതത് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ഡിടിപിസി സെക്രട്ടറി എന്നിവർ അംഗങ്ങളാണ്. കമ്മിറ്റികൾ റൂട്ടുകൾ പരിശോധിച്ച് ഏതു തരം വാഹനങ്ങൾ (2×2 /4×4) ഓടിക്കണമെന്നു നിർദേശിക്കും.
കൂടാതെ വാഹനങ്ങൾ, ഡ്രൈവർമാർ, യാത്രകളുടെ എണ്ണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. നിയന്ത്രണം, സുരക്ഷ, ഡിജിറ്റൽ ബുക്കിങ്, ചാർജ് എന്നിവ വിശദീകരിച്ച് ഡിടിപിസിക്ക് റൂട്ട് തിരിച്ചുള്ള നിർദേശങ്ങൾ ഇന്ന് സമർപ്പിക്കും.
വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഇന്നു മുതൽ ജില്ലാതല റജിസ്ട്രേഷൻ ഡ്രൈവ് നടത്തും. നിർദിഷ്ട
നിബന്ധനകൾ പാലിച്ചിരിക്കുന്ന ഓപ്പറേറ്റർമാർക്ക് മാത്രമേ നാളെ മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകൂ.
നിബന്ധനകൾ
ഡ്രൈവർക്ക് സാധുവായ ഡ്രൈവിങ് ലൈസൻസും കുറഞ്ഞത് 3 വർഷത്തെ പരിചയവും വേണം. കൂടാതെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയും ഉണ്ടാകണം.
വാഹന ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, ഡിടിപിസി റജിസ്ട്രേഷൻ, ഫയർ എക്സ്റ്റിംഗ്വിഷർ, ഫസ്റ്റ് എയ്ഡ് കിറ്റ്, ജിപിഎസ്, സ്പീഡ് ഗവേണർ, യാത്രക്കാർക്ക് സീറ്റ് ബെൽറ്റുകൾ എന്നിവ നിർബന്ധമാണ്. റജിസ്റ്റർ ചെയ്യാത്തതോ അംഗീകാരമില്ലാത്തതോ ആയ വാഹനവും ഡ്രൈവറും പ്രവർത്തിക്കാൻ അനുവദിക്കില്ല.
റൂട്ട് മോണിറ്ററിങ് കമ്മിറ്റി തീരുമാനിക്കുന്ന പ്രകാരം ട്രിപ്പുകൾ രാവിലെ 4നും വൈകുന്നേരം 6നും ഇടയിലുള്ള സമയത്തായിരിക്കണം. ടിക്കറ്റ് വരുമാനത്തിന്റെ ഒരു ഭാഗം ഡ്രൈവർമാരുടെ മെഡിക്കൽ / അപകട
ഇൻഷുറൻസ് പരിരക്ഷയ്ക്കായി ഡ്രൈവർ വെൽഫെയർ ഫണ്ടിലേക്ക് മാറ്റിവയ്ക്കണം. ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ വാഹനങ്ങൾക്ക് നിർബന്ധിത സുരക്ഷാ ഓഡിറ്റും പെർമിറ്റ് പുതുക്കലും ഫിറ്റ്നസ് പരിശോധനയും നടത്തും.
നിബന്ധനകൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. അലംഭാവം മൂലമുള്ള അപകടങ്ങളിൽ റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയും നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്യും.
കാലാവസ്ഥാ മുന്നറിയിപ്പുകൾ ഉള്ളപ്പോൾ പ്രവർത്തനങ്ങൾ സ്വയമേ നിർത്തിവയ്ക്കണം.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ പാടുള്ളൂ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]