
ഗ്യാപ് റോഡിൽ വീണ്ടും ഗതാഗത നിരോധനം; 17 വരെ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും നിർദേശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജകുമാരി∙ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ ഭാഗത്തുൾപ്പെടുന്ന ദേവികുളം ഗ്യാപ് റോഡിൽ വീണ്ടും ഗതാഗത നിരോധനം ഏർപ്പെടുത്തിയതിൽ നാട്ടുകാർക്ക് ആശങ്ക. കോടികൾ മുടക്കി നിർമാണം പൂർത്തിയാക്കിയിട്ടും ചെറിയ മഴ പെയ്താൽ പോലും ഗ്യാപ് റോഡിൽ ഗതാഗതം നിരോധിക്കേണ്ട അവസ്ഥയാണിപ്പോൾ. ഇൗ വർഷം 2 തവണ മലയിടിച്ചിലുണ്ടായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു.
മഴ കനക്കുന്ന സാഹചര്യത്തിൽ അടുത്ത 17 വരെയാണ് നിലവിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളത്. റോഡിന്റെ മുകൾ ഭാഗത്തു നിന്നു പാറക്കഷണങ്ങൾ താഴേക്ക് പതിക്കാൻ സാധ്യതയുണ്ടെന്നതിനാൽ 17 വരെ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും നിർദേശമുണ്ട്. മഴക്കാലത്ത് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് റവന്യു വിഭാഗം ജില്ലാ ഭരണകൂടത്തിനു റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ഗതാഗത നിരോധനം ഏർപ്പെടുത്തിയതെന്നാണ് വിവരം. 380 കോടിയിലധികം രൂപ മുടക്കി 7 വർഷത്തോളം സമയമെടുത്ത് ദേശീയ നിലവാരത്തിൽ നിർമിച്ച റോഡ് മഴ പെയ്താൽ അടച്ചിടേണ്ട ദുരവസ്ഥയ്ക്ക് കാരണം കണ്ടെത്തി പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
2023 ഏപ്രിൽ 29ന് ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പിടികൂടി പെരിയാറിലേക്കു കൊണ്ടുപോയ റോഡിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പൊതുമരാമത്ത് മന്ത്രിയുൾപ്പെടെയുള്ളവർ ഇൗ വിഡിയോ ദൃശ്യം പങ്കു വയ്ക്കുകയും ചെയ്തു. അന്ന് റീൽസും ചിത്രങ്ങളും പങ്കു വച്ച് ദേശീയപാത വികസനത്തിന് അവകാശവാദമുന്നയിച്ച ജനപ്രതിനിധികളും മുൻ ജനപ്രതിനിധികളുമാെന്നും ഇപ്പോൾ മിണ്ടുന്നില്ല.
ഗ്യാപ് റോഡിലെ അശാസ്ത്രീയമായ പാറ പൊട്ടിക്കലാണ് മലയിടിച്ചിലുകൾക്കു കാരണമെന്നു റിപ്പോർട്ടുണ്ടായിട്ടും ഉത്തരവാദികൾക്കെതിരെ ചെറുവിരൽ അനക്കുന്നില്ല. മലയിടിച്ചിൽ സാധ്യതകൾ മുൻകൂട്ടി കണ്ടെത്തി വിവരം നൽകുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ ഗ്യാപ് റോഡിൽ ഒരുക്കുമെന്ന ദേശീയപാത വിഭാഗത്തിന്റെ വാഗ്ദാനവും പാഴ്വാക്കായി.