തൊടുപുഴ ∙ കഴിഞ്ഞ ടേമിൽ വീണുകിട്ടിയ ആറുമാസക്കാലത്തെ മാത്രം ഭരണം, മികവിലൂടെ 5 വർഷത്തേക്ക് ഉറപ്പോടെ നീട്ടിയെടുത്തു നഗരസഭയിൽ യുഡിഎഫിന്റെ തേരോട്ടം. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിടത്താണ് ഇത്തവണ യുഡിഎഫിന്റെ വൻ മുന്നേറ്റം.
ആകെയുള്ള 38 വാർഡിൽ 21 ഇടത്ത് യുഡിഎഫ് വിജയിച്ചു. രണ്ടു വാർഡുകളിൽ കോൺഗ്രസ് വിമതരും വിജയിച്ചു.
കഴിഞ്ഞ തവണ സ്വതന്ത്രരെ കൂട്ടി നാലു വർഷത്തിലേറെ ഭരണം നടത്തിയ എൽഡിഎഫ് മൂന്നാം സ്ഥാനത്തായി. എൽഡിഎഫിന് 6 സീറ്റ് മാത്രമാണ് കിട്ടിയത്.
അതേസമയം, കഴിഞ്ഞ തവണ 8 സീറ്റ് ഉണ്ടായിരുന്ന ബിജെപി 9 സീറ്റ് നേടി മുഖ്യ പ്രതിപക്ഷത്തേക്ക് എത്തി. ഇത് എൽഡിഎഫിനു കനത്ത തിരിച്ചടിയായി.
22 വാർഡിൽ മത്സരിച്ച കോൺഗ്രസ് 10 വാർഡുകളിലും 9 വാർഡിൽ മത്സരിച്ച മുസ്ലിം ലീഗ് 8 വാർഡിലും വിജയിച്ചു. അതേസമയം, 8 വാർഡിൽ മത്സരിച്ച കേരള കോൺഗ്രസിന് ഒരു സ്വതന്ത്രൻ ഉൾപ്പെടെ 3 പേർ മാത്രമാണ് വിജയിച്ചത്.
2015ലും 2020 ലും നഗരസഭയിൽ മൂന്നു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
എന്നാൽ രണ്ടു തവണയും രണ്ടു സീറ്റ് കൂടുതൽ ലഭിച്ച യുഡിഎഫ് 2015ൽ ഭരണം നടത്തിയെങ്കിലും ഇടയ്ക്ക് ആറു മാസം എൽഡിഎഫിനു ഭരണം നടത്താനായി. ചെയർമാൻ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഒരു വോട്ട് അസാധുവായതിനെത്തുടർന്നായിരുന്നു ഇത്. കഴിഞ്ഞ തവണ നഗരസഭയിൽ യുഡിഎഫ് –13, എൽഡിഎഫ് –12, ബിജെപി –8, സ്വതന്ത്രർ–2 എന്ന നിലയിലായിരുന്നു വിജയം.
എന്നാൽ ചെയർമാൻ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനെയും യുഡിഎഫ് സ്വതന്ത്രയെയും ഒപ്പം കൂട്ടി എൽഡിഎഫ് ഭരണം നടത്തുകയായിരുന്നു. മൂന്നര വർഷത്തിനു ശേഷം കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് അധ്യക്ഷൻ രാജിവയ്ക്കേണ്ടി വന്നു.
തുടർന്നു നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ ലീഗ് പിന്തുണയോടെ സിപിഎം അംഗം ചെയർപഴ്സനായി.
ആറു മാസത്തിനു ശേഷം യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ഒരു വിഭാഗം ബിജെപി അംഗങ്ങളുടെ പിന്തുണയോടെ പാസായി. തുടർന്നു നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.ദീപക് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് നഗരസഭയിൽ യുഡിഎഫ് നേതൃത്വത്തിൽ ആറു മാസം നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു വലിയ ഗുണം ചെയ്തുവെന്നാണ് തിരഞ്ഞെടുപ്പുഫലം നൽകുന്ന സൂചന.
യുഡിഎഫിൽ ചുരുക്കം ചില വാർഡുകളിൽ ഒഴികെ വിമതസ്ഥാനാർഥികളും മറ്റു പ്രശ്നങ്ങളും ഇല്ലാതിരുന്നതും ഒറ്റക്കെട്ടായ പ്രവർത്തനങ്ങളും കൂടുതൽ ഗുണകരമായി. എന്നാൽ ചില വാർഡുകളിൽ സ്ഥാനാർഥികളെ നിശ്ചയിച്ചതിലുണ്ടായ അഭിപ്രായ അനൈക്യം രണ്ടു വാർഡുകളിൽ യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥികളുടെ പരാജയത്തിന് ഇടയാക്കി.
കേരള കോൺഗ്രസ് മത്സരിച്ച ചില വാർഡുകളിൽ അവരുടെ തന്നെ മുൻ നേതാക്കളുടെ ഇടപെടലും പരാജയത്തിന് ഇടയാക്കി. സ്ഥാനാർഥിനിർണയത്തിലും യുഡിഎഫ് മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ മുന്നോട്ടു പോയി.
അതേ സമയം എൽഡിഎഫിൽ സ്ഥാനാർഥിനിർണയം അവസാനഘട്ടത്തിലാണ് പൂർത്തിയാക്കിയത്.
ചില വാർഡുകളിൽ സ്ഥാനാർഥികളെ മറ്റു വാർഡുകളിൽനിന്ന് ഇറക്കുമതി ചെയ്യേണ്ടി വന്നതും വിനയായി. അതേ സമയം കഴിഞ്ഞ തവണ വിജയിച്ച രണ്ടു വാർഡുകൾ കൈവിട്ടു പോയെങ്കിലും മറ്റു മൂന്നു വാർഡുകളിൽ കൂടുതലായി വിജയിക്കാനായത് ബിജെപിക്കു നേട്ടമായി.
കട്ടപ്പനയിൽ ഹാട്രിക് നേട്ടം
നഗരസഭയിൽ ഭരണത്തുടർച്ചയിൽ ഹാട്രിക് നേട്ടവുമായി യുഡിഎഫ്.
ആകെയുള്ള 35 സീറ്റിൽ 20 സീറ്റും നേടിയാണ് യുഡിഎഫിന്റെ വിജയം. എൽഡിഎഫ് 13 സീറ്റിലും എൻഡിഎ 2 സീറ്റിലും ജയിച്ചു.
കഴിഞ്ഞ തവണ യുഡിഎഫ് 22 സീറ്റിലും എൽഡിഎഫ് 9 സീറ്റിലും ബിജെപി 2 സീറ്റിലുമാണ് ജയിച്ചത്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയും യുഡിഎഫിനുണ്ടായിരുന്നു.
ഇത്തവണ ഒരു വാർഡ് കൂടി വർധിച്ചതിനാൽ കൂടുതൽ സീറ്റ് നേടി ഭരണത്തുടർച്ചയ്ക്കാണ് യുഡിഎഫ് ലക്ഷ്യമിട്ടതെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. എന്നാൽ എൽഡിഎഫിന് നില മെച്ചപ്പെടുത്താനായി.
യുഡിഎഫിൽ 29 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 19 സീറ്റ് നേടി.
6 വാർഡുകളിൽ മത്സരിച്ച കേരള കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് ജയിക്കാനായത്. ടൗൺ വാർഡിൽ മറ്റൊരു സ്ഥാനാർഥിയെക്കൂടി കേരള കോൺഗ്രസ് മത്സരിപ്പിച്ചിരുന്നെങ്കിലും അതിലും പരാജയപ്പെട്ടു.
എൽഡിഎഫിൽ 14 സീറ്റിൽ മത്സരിച്ച സിപിഎം 7 സീറ്റിൽ ജയിച്ചു. 12 സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ്(എം) നാലിടത്തും 7 സീറ്റിൽ മത്സരിച്ച സിപിഐ രണ്ടിടത്തും ജയിച്ചു.
എൻസിപി, ആർജെഡി എന്നിവർ ഓരോ സീറ്റിൽ മത്സരിച്ചെങ്കിലും ജയിക്കാനായില്ല.
പഞ്ചായത്തായിരുന്നപ്പോൾ 2010 മുതൽ യുഡിഎഫാണ് കട്ടപ്പന ഭരിക്കുന്നത്. ഇത്തവണ ചെയർപഴ്സൻ പദവി ജനറലായതിനാൽ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് എൽഡിഎഫ് പ്രവർത്തനം ശക്തമാക്കിയപ്പോൾ നില മെച്ചപ്പെടുത്താനായെങ്കിലും ഭൂരിപക്ഷം നേടാനായില്ല.
യുഡിഎഫ് ചെയർപഴ്സൻ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ മുൻ എംഎൽഎ ഇ.എം.ആഗസ്തിയെ സി.ആർ.മുരളി പരാജയപ്പെടുത്തിയത് ഇടതിന് നേട്ടമായി.
മുൻ ചെയർമാൻമാരുടെ പോരാട്ടം; ജോയി വെട്ടിക്കുഴിക്ക് ജയം
നഗരസഭയുടെ മുൻ ചെയർമാൻമാർ നേർക്കുനേർ ഏറ്റുമുട്ടിയ പള്ളിക്കവല വാർഡിൽ യുഡിഎഫ് ജില്ലാ ചെയർമാൻ കൂടിയായ ജോയി വെട്ടിക്കുഴിക്ക് ജയം. കോൺഗ്രസിൽനിന്ന് ജോയി വെട്ടിക്കുഴി മത്സരിച്ചപ്പോൾ കേരള കോൺഗ്രസിലെ(എം) മനോജ് എം.തോമസാണ് എൽഡിഎഫിൽനിന്ന് മത്സരിച്ചത്. മറ്റു സ്ഥാനാർഥികൾ ഇല്ലാതിരുന്ന ഈ വാർഡിൽ 64.3 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ഇരുവരും മുൻ ചെയർമാൻമാരായതിനാൽ ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്. ഫലം വന്നപ്പോൾ 275 വോട്ട് നേടിയ ജോയി വിജയിയായി.
222 വോട്ടാണ് മനോജിനു നേടാനായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

