തൊടുപുഴ∙ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയ സർക്കാരിന്റെ വികസന പദ്ധതികൾക്കെതിരെ ജനം വോട്ട് ചെയ്തു. ജില്ലയിൽ തകർന്നടിഞ്ഞ് എൽഡിഎഫ്.
കോൺഗ്രസിന്റെ ചിറകിലേറി യുഡിഎഫിന് വൻജയം. കേരള കോൺഗ്രസ്, മുസ്ലിം ലീഗ് കക്ഷികളുടേതടക്കം കരുത്തും നേട്ടത്തിനു വിത്തുപാകി.ആകെ 52 പഞ്ചായത്തുകളിൽ 36ൽ ഭരണം ഉറപ്പാക്കിയാണ് യുഡിഎഫിന്റെ കുതിപ്പ്.
ഇതിൽ പലയിടത്തും എൽഡിഎഫ് സീറ്റ് ഒറ്റ സംഖ്യയിൽ ഒതുങ്ങി. 11 ഇടത്ത് മാത്രമാണ് എൽഡിഎഫിന് വ്യക്തമായ ലീഡ്.
കഴിഞ്ഞ തവണ 32 പഞ്ചായത്തുകളിൽ എൽഡിഎഫ് ഭരണം നേടിയിരുന്നു.
ആകെ 8 ബ്ലോക്ക് പഞ്ചായത്തുകളിൽ ദേവികുളം ഒഴികെ ഏഴിലും യുഡിഎഫ് ജയം നേടി. കഴിഞ്ഞ തവണ ഇരുമുന്നണികളും 4 വീതമാണ് ജയിച്ചത്.
തൊടുപുഴ, കട്ടപ്പന നഗരസഭകളിൽ വ്യക്തമായ ആധിപത്യത്തോടെയാണ് യുഡിഎഫിന്റെ ജയം. തൊടുപുഴയിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തായി.
ജില്ലാ പഞ്ചായത്തിൽ ആകെ 17 ഡിവിഷനുകളിൽ 14ലും യുഡിഎഫ് ജയിച്ചു. കഴിഞ്ഞ തവണ 16 ഡിവിഷനുകൾ എൽഡിഎഫ് –10, യുഡിഎഫ് –6 എന്നിങ്ങനെയായിരുന്നു കക്ഷിനില. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സെമി ഫൈനലിലെ മിന്നുംജയം യുഡിഎഫ് ക്യാംപുകളിൽ ഊർജം പകർന്നു.
പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും രണ്ടു നഗരസഭകളിലുമായി സമ്പൂർണജയമാണ് ജില്ലയിൽ യുഡിഎഫ് സ്വന്തമാക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലാ പഞ്ചായത്തും നഗരസഭകളും ജയിക്കേണ്ടത് സംസ്ഥാന തലത്തിലെ ആവശ്യമാണെന്ന് യുഡിഎഫിന്റെ കോർ കമ്മിറ്റി യോഗത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ പറഞ്ഞത് പൂർണമായി സ്വീകരിച്ച നിലയിലായിരുന്നു പ്രചാരണം. സ്ഥാനാർഥിത്വം വൈകിയെങ്കിലും പരസ്യപ്രചാരണം അവസാനിക്കുമ്പോൾ മുന്നിലെത്താൻ യുഡിഎഫിനായതു ഗുണം ചെയ്തു.
ജില്ലാ പഞ്ചായത്ത് ഭരണസമിതി കോടിക്കണക്കിനു രൂപ വിനിയോഗിക്കാതെ പാഴാക്കിയത് കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ യുഡിഎഫിനു കഴിഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തിവോട്ടുകളാണ് വിജയം നിശ്ചയിക്കുന്നത് എന്നതിൽനിന്ന് മാറിയാണ് ഇത്തവണ ഇടുക്കിയിൽ വോട്ട് വീണതെന്ന് വ്യക്തം. വികസനമില്ലായ്മ, കർഷകവിരുദ്ധ നടപടികൾ, കുടിയേറ്റക്കാരോടുള്ള അവഗണന, വന്യമൃഗശല്യം എന്നിങ്ങനെ ഓരോ പ്രദേശത്തെ പ്രശ്നങ്ങൾ വോട്ടിൽ സ്വാധീനിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തിലും ഒപ്പം നിൽക്കുന്ന തോട്ടം മേഖലയിലും എൽഡിഎഫിന് വൻ തോതിൽ വോട്ട് ചോർന്നു.
വർഷങ്ങളോളം പ്രഖ്യാപനം നടത്തിയിട്ട് ലയങ്ങൾ പുതുക്കിപ്പണിയാത്തതും തോട്ടം തൊഴിലാളികളെ നിരന്തരമായി വന്യമൃഗങ്ങൾ ആക്രമിക്കുന്ന സംഭവങ്ങൾക്കു സർക്കാർ വലിയ പരിഗണന നൽകാത്തതും തോട്ടം മേഖലയിലെ വോട്ടിനെ ബാധിച്ചു.
പ്രതിഷേധങ്ങൾ ഫലം കണ്ടു
യുഡിഎഫ് നടത്തിയ പ്രതിഷേധങ്ങൾ ജയത്തെ തുണച്ചു.ബ്ലോക്ക് തലങ്ങളിലാണ് കൂടുതൽ പ്രതിഷേധങ്ങൾ യുഡിഎഫ് നടത്തിയത്. ഇതു സംഘടനയെ ബലപ്പെടുത്തിയതായി നേതാക്കൾ പറയുന്നു.
പ്രാദേശിക പ്രതിഷേധങ്ങൾ ജനങ്ങൾക്കൊപ്പമുണ്ടെന്ന് ഉറപ്പിക്കാൻ മുന്നണിക്കു സാധിച്ചു. സിപിഎമ്മിന്റെ കോട്ടയായ പല പഞ്ചായത്തുകളിലും വിള്ളൽ വീഴ്ത്താൻ ഇതിലൂടെ യുഡിഎഫിനായി. പ്രാദേശികപിന്തുണയുള്ള നേതാക്കൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചതും നേട്ടത്തിനു കാരണമായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

