ഇടുക്കി ജില്ലയെ സാരമായി ബാരിക്കുന്ന വിവിധ വിഷയങ്ങളിൽ ശാശ്വത പരിഹാരം തേടി സിപിഎം നേതൃത്വത്തിൽ ഈ വരുന്ന 16-ാം തീയതി പ്രഖ്യാപിച്ചിരിക്കുന്ന ജില്ലാ ഹർത്താലിന് കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ സമ്പൂർണ്ണ പിന്തുണ. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പരിസ്ഥിതിലോല പ്രദേശം (ഇഎസ്എ) വനഭൂമിയിൽ മാത്രമായി ചുരുക്കണമെന്നായിരുന്നു നിലപാട്.
എന്നാൽ ഈ നിലപാട് തള്ളിക്കളഞ്ഞുകൊണ്ട് യുഡിഎഫ് സർക്കാർ സമർപ്പിച്ച പുതിയ നിർദേശങ്ങളിലെ അവ്യക്തത ഉടൻ പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കൂടാതെ, കാർഡമം ഹിൽ റിസർവ് (സിഎച്ച്ആർ) വനപ്രദേശമാണെന്ന തരത്തിലുള്ള നിലപാടുകൾക്കെതിരെയും, വന്യജീവി സഞ്ചാരപാത പുനഃസ്ഥാപിക്കുന്നതിന്റെ മറവിൽ കർഷകരുടെ ഭൂമി പിടിച്ചെടുക്കാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെയും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ജില്ലയിലെ ജനജീവിതം ദുസ്സഹമാക്കുന്ന കലക്ടറുടെ ജനദ്രോഹ ഉത്തരവുകൾ പിൻവലിക്കണമെന്നും കർഷകസംഘം നേതാക്കൾ ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാർ പുതുതായി സമർപ്പിച്ച നിർദേശങ്ങളിൽ കടുത്ത അവ്യക്തത നിലനിൽക്കുന്നുണ്ട്.
മുൻ എൽഡിഎഫ് സർക്കാർ വനവിസ്തൃതിയായി കണക്കാക്കിയിരുന്ന 98 വില്ലേജുകളിലെ 8590.69 ചതുരശ്ര കിലോമീറ്റർ പരിധി ഇപ്പോൾ സമ്പൂർണ പശ്ചിമഘട്ട ഇഎസ്എ ലാൻഡ്സ്കേപ്പായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
മുൻപ് ഒഴിവാക്കപ്പെട്ട 33 വില്ലേജുകളിൽ വനഭൂമി ഇല്ലെന്ന എൽഡിഎഫ് നിലപാട് തിരുത്തി, അവിടെ വനഭൂമിയും വന്യജീവി സങ്കേതങ്ങളും സംരക്ഷിത പ്രദേശങ്ങളും ഉൾപ്പെടുന്നുണ്ടെന്നാണ് യുഡിഎഫ് നിലപാടെടുത്തിരിക്കുന്നത്.
പുതിയ റിപ്പോർട്ടിൽ സിഎച്ച്ആർ വനമാണെന്ന തരത്തിലുള്ള പരാമർശങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കേന്ദ്ര സർക്കാരിന് യുഡിഎഫ് സർക്കാർ സമർപ്പിച്ച നിർദേശങ്ങളും, കഡസ്ട്രൽ മാപ്പ് അടക്കമുള്ള എല്ലാ അനുബന്ധ രേഖകളും പരസ്യപ്പെടുത്താൻ തയ്യാറാകണം.
സിഎച്ച്ആർ വനഭൂമിയായി വിജ്ഞാപനം ചെയ്യപ്പെട്ടിരുന്ന പ്രദേശമാണെന്നും ഇപ്പോൾ കേന്ദ്ര-സംസ്ഥാന വന നിയമങ്ങൾ ബാധകമായ പ്രദേശമാണെന്നുമാണ് ഇതിൽ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ പ്രധാന ജനവാസ മേഖലകൾ മുൻകാലങ്ങളിൽ റിസർവ് വനമായിരുന്നെന്നും പിന്നീട് ഡീ നോട്ടിഫൈ ചെയ്തതാണെന്നുമുള്ള പരാമർശങ്ങൾ തികച്ചും തെറ്റാണ്.
ഇത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള സിഎച്ച്ആർ കേസിനെ സാരമായി ദുർബലപ്പെടുത്താൻ ഇടയാക്കും. വന്യജീവി കോറിഡോർ എന്ന ആശയത്തിന്റെ മറവിൽ സാധാരണക്കാരുടെ ജനവാസ കേന്ദ്രങ്ങളിലെ വേലികളും മതിലുകളും നീക്കംചെയ്യാൻ അധികാരം നൽകുന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
തോട്ടം മേഖലകളിൽ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല സഞ്ചാര നിയന്ത്രണങ്ങളും പ്രദേശത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. മുൻപ് ഉമ്മൻചാണ്ടി സർക്കാർ കരാർ ഒപ്പിടുകയും പിന്നീട് എൽഡിഎഫ് സർക്കാർ ഉപേക്ഷിക്കുകയും ചെയ്ത ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ് പദ്ധതി രഹസ്യമായി നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നിലവിലെ കലക്ടറുടെ ഉത്തരവുകൾ എന്ന് കർഷകസംഘം ആരോപിച്ചു.
ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലയിലെ മുഴുവൻ വില്ലേജ് കേന്ദ്രങ്ങളിലും വരുന്ന 13-ാം തീയതി ശക്തമായ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം മാത്യു ജോർജ് എന്നിവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

