അടിമാലി ∙ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസ് പരിധിയിൽ വനം വകുപ്പ് തയാറാക്കിയ കയ്യേറ്റക്കാരുടെ പട്ടികയിൽ പട്ടയം ലഭിച്ചവരും. മന്നാങ്കണ്ടം വില്ലേജ് പരിധിയിൽ വരുന്ന പെരിശക്കല്ല്, പടിക്കപ്പ്, ഒഴുവത്തടം പ്രദേശങ്ങളിൽ പട്ടയം ലഭിച്ച 33 പേർ വനംവകുപ്പ് നീക്കത്തിനെതിരെ രംഗത്തെത്തി.
ഇതോടൊപ്പം കാഞ്ഞിരവേലി മേഖലയിലും പട്ടയം ലഭിച്ചവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.
പതിറ്റാണ്ടുകളായി പ്രദേശത്ത് താമസിക്കുന്ന തങ്ങളെ കുടിയിറക്കാൻ വനം വകുപ്പ് നടത്തുന്ന രഹസ്യ നീക്കത്തെ എങ്ങനെയും പ്രതിരോധിക്കുമെന്ന് കർഷകർ പറഞ്ഞു. 1970 കാലഘട്ടത്തിൽ കോതമംഗലം ചാത്തമറ്റത്തു നിന്നെത്തി പടിക്കപ്പിൽ താമസം തുടങ്ങിയ മംഗലത്ത് വർഗീസ് ഐസക്കിന് 2021ലാണ് 1.45 ഏക്കർ ഭൂമിക്ക് പട്ടയം ലഭിച്ചത്.
എന്നാൽ കയ്യേറ്റക്കാരുടെ പട്ടികയിൽ താൻ ഉൾപ്പെടെയുള്ള കർഷകരെ ഉൾപ്പെടുത്തിയത് കർഷകരോടുള്ള വനം വകുപ്പിന്റെ വെല്ലുവിളിയുടെ ഭാഗമാണെന്ന് വർഗീസ് പറഞ്ഞു.
നേര്യമംഗലത്ത് 547.0263 ഹെക്ടർ കൃഷിഭൂമിയുമായി ബന്ധപ്പെടുത്തിയാണ് കയ്യേറ്റക്കാരുടെ പട്ടിക തയാറാക്കി അനന്തര നടപടിക്കായി റേഞ്ച് ഓഫിസിൽ സൂക്ഷിച്ചിരിക്കുന്നത്. 978 കർഷക കുടുംബങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.
കൂടാതെ അടിമാലി റേഞ്ച് പരിധിയിൽ 546.5634 ഹെക്ടർ ഭൂമി കർഷകർ കയ്യേറിയിട്ടുണ്ടന്ന രേഖകളും പുറത്തുവന്നു. കൂടാതെ മാങ്കുളത്ത് 358.4255 ഹെക്ടർ ഭൂമിയിലും കയ്യേറ്റം നടന്നിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ അവകാശവാദം.
നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ മന്നാങ്കണ്ടം വില്ലേജിൽ ഉൾപ്പെടുന്ന കാഞ്ഞിരവേലിയിൽ 174 കർഷക കുടുംബങ്ങളെയാണ് കയ്യേറ്റ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇടുക്കി – കഞ്ഞിക്കുഴി വില്ലേജിൽ ഉൾപ്പെടുന്ന തട്ടേക്കണ്ണിയിൽ 161 പേർ പട്ടികയിലുണ്ട്. കുട്ടമ്പുഴ, മന്നാങ്കണ്ടം വില്ലേജുകളിൽ ഉൾപ്പെട്ടു കിടക്കുന്ന മാമലക്കണ്ടത്ത് 187 പേരാണ് പട്ടികയിലുള്ളത്.
പെരിശക്കല്ല്–96, പടിക്കപ്പ്–43, കമ്പിലൈൻ–38, കുളമാൻകുഴി–17, പാട്ടയിടുമ്പ്–18, നേര്യമംഗലം 46, ഇഞ്ചത്തൊട്ടി–50, പാംബ്ല–36, പനംകുട്ടി–3, ഏഴാംകൂപ്പ്–2, കുടകല്ല്–26 എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിലെ പട്ടിക നേര്യമംഗലം റേഞ്ച് അധികൃതർ തയാറാക്കിയിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]