
ചെറുതോണി ∙ ജില്ലയിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് പ്രഥമ പരിഗണന നൽകുമെന്നു കലക്ടർ ഡോ.ദിനേശൻ ചെറുവാട്ട്. ഇതിനു വേണ്ടി വിവിധ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമായി നിർവഹിക്കും.
വികസന ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ കക്ഷികളുടെയും പൊതുജനങ്ങളുടെയും സഹകരണം കലക്ടർ അഭ്യർഥിച്ചു. കൃഷി വകുപ്പ് അഡിഷനൽ സെക്രട്ടറിയായി സ്ഥലം മാറിപ്പോകുന്ന വി.വിഘ്നേശ്വരിയിൽ നിന്നു ചുമതല ഏറ്റെടുത്ത ശേഷം ജില്ലയിലെ വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു കലക്ടർ.
സംസ്ഥാനത്തിന്റെ സുഗന്ധവ്യഞ്ജന ഉദ്യാനമാണ് ഇടുക്കി.
ടൂറിസം രംഗത്തും ജില്ല മികച്ച സംഭാവനകൾ നൽകുന്നു. ഈ മേഖലകളിലെ വികസനത്തിന് പ്രാധാന്യം നൽകും.
ഇടമലക്കുടി ഉൾപ്പെടെയുള്ള ആദിവാസി ഗോത്ര മേഖലകളുടെ ഉന്നമനത്തിനും പ്രത്യേക ശ്രദ്ധ നൽകും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ, അഡിഷനൽ ജില്ലാ മജിസ്ട്രേട്ട് ഷൈജു പി.ജേക്കബ്, ഡപ്യൂട്ടി കലക്ടർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയുടെ 42 -ാമത്തെ കലക്ടറായ ഡോ.ദിനേശൻ ചെറുവാട്ടിനെ ജില്ലാ ആസ്ഥാനത്തേക്ക് സ്വീകരിച്ചത്. തുടർന്ന് ചേംബറിലെത്തി വി.
വിഘ്നേശ്വരിയിൽ നിന്നു ചുമതല ഏറ്റെടുത്തു.
സബ് കലക്ടർമാരായ അനൂപ് ഗാർഗ്, വി.എം.ആര്യ എന്നിവർ സന്നിഹിതരായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ അടക്കമുള്ളവർ കലക്ടറെ സന്ദർശിച്ചു.
തിരുവനന്തപുരത്ത് ഹോമിയോപ്പതി വകുപ്പിൽ ചീഫ് മെഡിക്കൽ ഓഫിസറായ ഭാര്യ ഡോ.ശ്രീകല, മക്കളായ അഞ്ജലി, അരവിന്ദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രിയ വിഘ്നേശ്വരി, ഇടുക്കി ഒപ്പമുണ്ടാകും, ഇളംകാറ്റുപോലെ…
ചെറുതോണി ∙ മുൻ കലക്ടർ വി.വിഘ്നേശ്വരി ഇടുക്കിയിൽനിന്നു മടങ്ങുന്നതിനു തൊട്ടുമുൻപ് ജില്ലയോടു ഹൃദയപൂർവം പറഞ്ഞ വാക്കുകൾക്ക് സമൂഹമാധ്യമത്തിൽ ‘ഹാർട്സ് ലൈക്ക്’. ‘എന്റെ പ്രിയപ്പെട്ട ഇടുക്കി’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടു തുടങ്ങുന്ന അവർ, ഇത്ര മനോഹരമായ സ്ഥലത്ത്, സ്നേഹമുള്ള ജനങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു നല്ല സ്വപ്നം പോലെ ആയിരുന്നു എന്നാണ് തുടർന്നു പറയുന്നത്.
കഴിഞ്ഞ ഒരു വർഷം എന്നും മനസ്സിൽ സൂക്ഷിക്കാനാകുന്ന അമൂല്യ നിധിയാണ് എന്ന് ഹൃദയത്തിൽ തട്ടി പറയുന്ന അവർ ഇടുക്കിയും ഇവിടത്തെ ജനങ്ങളും നൽകിയ എല്ലാ സ്നേഹത്തിനും നന്ദി പറയുന്നു– ഞാൻ എവിടെയായിരുന്നാലും, ഇടുക്കിയും ഇവിടത്തെ പച്ചപ്പും എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും. ‘ഇവിടത്തെ കാറ്റാണ് കാറ്റ്!’ എന്ന വരികൾ ഓർമിച്ചുകൊണ്ട് കൊണ്ട് അവർ വാക്കുകൾക്ക് അർധവിരാമമിടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]