
ഈ വഴി വന്നാൽ പെട്ടു; കുത്തിറക്കം, കൊടും വളവ്, അശാസ്ത്രീയ റോഡ് നിർമാണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ണപ്പുറം ∙ ഓൺലൈൻ മാപ്പ് മാത്രം നോക്കി വണ്ണപ്പുറം –കഞ്ഞിക്കുഴി വഴി ഇടുക്കിയിലേക്കുള്ള യാത്ര അപകട സാധ്യത വർധിപ്പിക്കുന്നു. റോഡിന്റെ സ്ഥിതി അറിയാതെ ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരാണ് കുത്തിറക്കവും കൊടും വളവുകളും നിറഞ്ഞ അശാസ്ത്രീയമായി നിർമിച്ച റോഡിൽ കുടുങ്ങുന്നത്. ഒട്ടേറെ അപകടങ്ങളാണ് ഇങ്ങനെ കുറച്ചു മാസങ്ങൾക്കിടെ ഈ റൂട്ടിൽ ഉണ്ടായിട്ടുള്ളത്.എറണാകുളത്തു നിന്നും മറ്റ് ജില്ലകളിൽ നിന്നും ഇടുക്കിയിലേക്ക് പോകുന്നവർക്കുളള എളുപ്പ മാർഗമായി ഗൂഗിൾ മാപ്പ് കാണിക്കുന്നത് വണ്ണപ്പുറം –കഞ്ഞിക്കുഴി –ചേലച്ചുവട് കൂടിയുള്ള വഴിയാണ്. തുടരെ തുടരെയുള്ള ഹെയർപിൻ വളവുകളും സംരക്ഷണ ഭിത്തികൾ ഇല്ലാത്തതുമാണ് അപകട സാധ്യത വർധിപ്പിക്കാനുള്ള പ്രധാന കാരണങ്ങൾ. ലോഡ് കയറ്റി വരുന്ന വലിയ ചരക്ക് വാഹനങ്ങളാണ് ഈ റൂട്ടിൽ എത്തുന്നതോടെ കെണിയിൽ പെടുന്നത്. വളവുകൾ തിരിക്കാനും കുത്തനെയുള്ള ഇറക്കവുമാണ് ഈ ലോഡ് വാഹനങ്ങളെ അപകടത്തിൽ പെടുത്തുന്നത്.
കൂടാതെ പരിചയമില്ലാതെ ഡ്രൈവർമാർ ഈ റൂട്ടിലൂടെ വരുമ്പോൾ കുത്തനെയുള്ള കയറ്റം കയറാൻ ബുദ്ധിമുട്ടുന്നതും ചില വാഹനങ്ങൾ നിയന്ത്രണം വിടുന്നതും പതിവാണ്.അധികൃതർ യാതൊരു സുരക്ഷ മുന്നൊരുക്കങ്ങളും ഇവിടെ നടത്തുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. അടിയന്തരമായി ഈ റൂട്ടിൽ സുരക്ഷ മുന്നൊരുക്കങ്ങൾ നടത്തുകയും സംരക്ഷണ ഭിത്തി സ്ഥാപിക്കുകയും ചെയ്യണം.നാൽപതേക്കർ എസ് വളവിൽ വാഹനം ഇടിച്ച് ക്രാഷ് ബാരിയർ ഒടിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. ഇത് ശരിയാക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് ഈ റൂട്ടിൽ അപകടങ്ങൾ നിത്യസംഭവമാണ്. കൂടാതെ ഈ റൂട്ടിൽ രാത്രി ആയാൽ വഴി മനസ്സിലാക്കാൻ വെളിച്ചം പോലുമില്ല. കൂടാതെ യാതൊരു സിഗ്നൽ ബോർഡുകളും ഇല്ല. അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.