തൊടുപുഴ∙ ജില്ലയിൽ പോളിങ് ശതമാനം നോക്കി കൂട്ടിയും കിഴിച്ചും പാർട്ടികൾ. ഫലം വരാൻ രണ്ട് ദിവസം കൂടി ശേഷിക്കെ തങ്ങൾ അധികാരത്തിലേറുമെന്ന് മുന്നണികൾ അവകാശപ്പെടുന്നു. ആകെ 71.78% പോളിങ്ങാണ് ജില്ലയിൽ നടന്നത്.
കഴിഞ്ഞ തവണത്തേതിലും മൂന്ന് ശതമാനത്തോളം കുറവ് ഒരു തരത്തിലും തങ്ങളെ ബാധിക്കില്ലെന്ന് ഇവർ പറയുന്നു.
കനത്ത ത്രികോണ മത്സരം നടന്ന തൊടുപുഴ നഗരസഭയിൽ 79.17% ആണ് പോളിങ്. ഓരോ വോട്ടും എത്തിക്കുന്നതിൽ തങ്ങൾ വിജയിച്ചതിന്റെ തെളിവാണ് 80ന് അടുത്തുള്ള പോളിങ് എന്ന് മുന്നണി നേതാക്കൾ പറയുന്നു.
ഇതിൽ കനത്ത മത്സരം നടന്ന പല വാർഡുകളിലും 90%ന് അടുത്തു പോലും പോളിങ് എത്തി. തൊടുപുഴയിൽ പല വാർഡുകളിലും ലീഡ് നില രണ്ടക്കത്തിൽ ഒതുങ്ങുമെന്നും ഇവർ പറയുന്നു.
രണ്ട് തവണയായി യുഡിഎഫ് ഭരിക്കുന്ന കട്ടപ്പനയിൽ 70.67% ആണ് പോളിങ്. വിമതർ വലിയ ഭീഷണിയായിട്ടില്ലെന്ന് പോളിങ് കണക്കുകളിലൂടെ യുഡിഎഫ് നേതാക്കൾ പറയുന്നു.
ശക്തമായ മത്സരം നടന്ന കരിമണ്ണൂരാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഏറ്റവും ഉയർന്ന പോളിങ് നടന്നത്. യുഡിഎഫ്, എൽഡിഎഫ്, ബിജെപി സ്ഥാനാർഥിക്ക് പുറമേ എഎപിയും ഇവിടെ ശക്തമായ പ്രചാരണം നടത്തിയിരുന്നു.
ആംആദ്മി സ്ഥാനാർഥി പിടിക്കുന്ന വോട്ട് ജയപരാജയങ്ങളെ നിശ്ചയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് ജനങ്ങൾ പറയുന്നു.
ഉയർന്ന പോളിങ് ലീഡ് ഉയർത്തുമെന്ന് യുഡിഎഫ് ബൂത്ത് ഏജന്റുമാർ പറയുന്നു. 17 ഡിവിഷനുകളിൽ 12ലും 70% പോളിങ് കടന്നു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും നേർക്കുനേർ ഏറ്റുമുട്ടിയ പൈനാവ് ഡിവിഷനിൽ പോളിങ് കുറഞ്ഞത് (68.7) ഇടതു ക്യാംപുകളിൽ ആശങ്ക പരത്തുന്നു.
ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുമെന്ന് ഇരുമുന്നണികളും ആവർത്തിച്ചു പറയുന്ന സാഹചര്യമാണുള്ളത്. 10 സീറ്റ് ഉറപ്പെന്ന് എൽഡിഎഫും യുഡിഎഫും പറയുന്നു. കരിമണ്ണൂർ, മൂലമറ്റം, അടിമാലി, വണ്ണപ്പുറം തുടങ്ങിയ സീറ്റുകൾ തങ്ങൾക്ക് ഉറപ്പെന്ന് യുഡിഎഫ് നേതാക്കൾ പറയുന്നു.
നെടുങ്കണ്ടം, രാജാക്കാട്, ദേവികുളം, വാഗമൺ എന്നിവ ഏത് സാഹചര്യത്തിലും ഒപ്പം നിൽക്കുന്ന സീറ്റുകളാണെന്ന് എൽഡിഎഫ് നേതാക്കളും പറയുന്നു. ജില്ലാ പഞ്ചായത്തിൽ അക്കൗണ്ട് തുറക്കുകയാണ് എൻഡിഎ ലക്ഷ്യമെങ്കിലും ഇത്തവണ അതിന് സാധ്യത കുറവാണെന്നാണ് സൂചന.
കോൺഗ്രസ് തിരഞ്ഞെടുപ്പ് വിശകലനം ഇന്ന്
ചെറുതോണി ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പു വിശകലനത്തിനായി കോൺഗ്രസ് ജില്ലാ കോർ കമ്മിറ്റിയും ഡിസിസി നേതൃയോഗവും ഇന്ന് മൂന്നിനു തൊടുപുഴ രാജീവ് ഭവനിൽ ചേരുമെന്നു ഡിസിസി ജന.
സെക്രട്ടറി എം.ഡി. അർജുനൻ അറിയിച്ചു.
യോഗം എഐസിസി ജന. സെക്രട്ടറി ദീപ ദാസ് മുൻഷി ഉദ്ഘാടനം ചെയ്യും.
ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷനാകും.
എഐസിസി സെക്രട്ടറി പി.വി.മോഹൻ മുഖ്യപ്രഭാഷണം നടത്തും. കെപിസിസി ഭാരവാഹികൾ, കെപിസിസി അംഗങ്ങൾ, ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.
വട്ടവട
പഞ്ചായത്തിൽ ബിജെപി ഹർത്താൽ
മൂന്നാർ∙ വോട്ടു ചെയ്യാനെത്തിയ പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് വട്ടവട പഞ്ചായത്തിൽ ബിജെപി നടത്തിയ ഹർത്താൽ പൂർണമായിരുന്നു.
രാവിലെ 9 മുതൽ 5 വരെയായിരുന്നു ഹർത്താൽ. കോവിലൂർ അടക്കമുള്ള ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടന്നു.
വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ഹർത്താലനുകൂലികൾ വിവിധ സ്ഥലങ്ങളിൽ തടഞ്ഞെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിലൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

