
മലമുകളിൽ ഒറ്റപ്പെട്ട് ആ വീട്; ദുരന്തവാർത്തയറിഞ്ഞ് നടുങ്ങി നാട്
അടിമാലി∙ ഒരു കുടുംബത്തിലെ കുട്ടിയുൾപ്പെടെ 3 പേർ വെന്തുമരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്ത വാർത്തയറിഞ്ഞ് നാട് നടുങ്ങി. കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാൽ നോർത്തിൽ നിന്ന് 500 മീറ്റർ ദൂരെ മലമുകളിൽ ഒറ്റപ്പെട്ടതാണ് തെള്ളിപടവിൽ വീട്.
അതിൽ 350 മീറ്റർ ഇറക്കമുള്ള റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. 150 മീറ്റർ കയറ്റത്തോടുകൂടിയ നടപ്പുവഴിയിലൂടെയാണ് വീട്ടിലേക്ക് എത്തേണ്ടത്.
ഇന്നലെ വൈകിട്ട് 5നു വിവരമറിഞ്ഞതോടെ നാട്ടുകാരെല്ലാം ഓടിയെത്തി. സമീപവാസിയായ സാബു വള്ളിക്കാട്ടിൽ എസ്എൻഡിപി മുനിയറ ശാഖ വൈസ് പ്രസിഡന്റ് സജി മുട്ടത്തുകുന്നേലിനെ വിളിച്ചറിയിക്കുകയും 6 മണിയോടെ സ്ഥലത്തേക്ക് ജീപ്പിൽ എത്തുകയും ചെയ്തു. അപ്പോഴേക്കും അഭിനവിനെയെടുത്ത് അയൽവാസിയായ നെല്ലിയാനികുന്നേൽ മധു, ഭാര്യ രജനി എന്നിവർ ഓടിവന്നു. തുടർന്ന് ഇവർ അഭിനവിനെ അടിമാലി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തീപിടിച്ചു മണിക്കൂറുകൾക്കു ശേഷമാണ് വിവരം നാട്ടുകാർ അറിഞ്ഞത്.
മേൽക്കൂര പൂർണമായും കത്തി നശിച്ചിരുന്നു. ഒരു കുടുംബത്തിലെ മൂന്നു പേർ വെന്തുമരിച്ചു; ഒരാളെ കാണാതായി
അടിമാലി ∙ പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ ഒരു കുടുംബത്തിലെ കുട്ടിയുൾപ്പെടെ 3 പേർ വെന്തുമരിച്ചു.
ഒരാളെ കാണാതായി. ഓടു മേഞ്ഞ വീട് പൂർണമായി കത്തിനശിച്ചു.
വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ തെള്ളിപടവിൽ വീട്ടിലാണ് ദാരുണസംഭവം. ശുഭ (44), മക്കളായ അഭിനന്ദ് (10), അഭിനവ് (4) ശുഭയുടെ മാതാവ് പൊന്നമ്മ(70) എന്നിവരാണ് വീട്ടിലുണ്ടായിരുന്നതെന്നാണു വിവരം.
ഇതിൽ അഭിനവിന്റെ മൃതദേഹം നാട്ടുകാർ ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കണ്ടെത്തിയ ഉടൻ ജീവനുണ്ടെന്ന സംശയത്തിലാണ് നാട്ടുകാർ അഭിനവിനെ ആശുപത്രിയിലെത്തിച്ചത്.
വീട്ടിൽ 2 മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയെന്ന് അടിമാലി ബ്ലോക് പഞ്ചായത്ത് മെംബർ സി.കെ.പ്രസാദ് പറഞ്ഞു. വെള്ളിയാഴ്ചയാണ് വീടിനു തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിലുള്ള ഒരാളെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. ഫൊറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ ഇന്ന് വീട്ടിൽ പരിശോധന നടത്താനാണ് തീരുമാനം.
ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് സംഭവസ്ഥലത്തെത്തി. കനത്ത പൊലീസ് കാവലിലാണിപ്പോൾ വീട്.
പരേതനായ അനീഷാണ് ശുഭയുടെ ഭർത്താവ്. ടാക്സി ഡ്രൈവറായിരുന്ന അനീഷ് മൂന്നു വർഷംമുൻപ് കോവിഡ് ബാധിച്ചു മരിച്ചിരുന്നു.
അനീഷിന്റെ മൂന്നാം ചരമവാഷികദിനം കഴിഞ്ഞ ഏഴിനായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]