
തിരിച്ചടവ് തുക 8000 രൂപ രണ്ടു മാസമായി മുടങ്ങി: ധനകാര്യ സ്ഥാപനത്തിൽനിന്ന് ഭീഷണി; നാലംഗ കുടുംബം മരിച്ചനിലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കട്ടപ്പന∙ രണ്ടു കുട്ടികൾ ഉൾപ്പെടെ നാലംഗ കുടുംബത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ ഒൻപതേക്കർ എംസി കവലയ്ക്കു സമീപം പട്ടത്തമ്പലം സജീവ് മോഹനൻ (36), ഭാര്യ രേഷ്മ (25), മക്കളായ ദേവൻ (5), ദിയ (4) എന്നിവരാണ് മരിച്ചത്. വാഹനം പണയപ്പെടുത്തി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതാണ് മരണത്തിനു കാരണമെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് പറഞ്ഞു.
ആത്മഹത്യക്കുറിപ്പിൽ, കട്ടപ്പനയിൽ പ്രവർത്തിക്കുന്ന കല്ലട ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരുള്ളതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സ്ഥാപനത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. ഇന്നലെ വൈകിട്ട് നാലരയോടെ വീട്ടിലെ ഹാളിനുള്ളിലാണ് നാലുപേരെയും തൂങ്ങിയനിലയിൽ കണ്ടെത്തിയത്.
ഓട്ടോറിക്ഷാ ഡ്രൈവറായ സജീവ് വാഹനം പണയപ്പെടുത്തി കട്ടപ്പനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്തിരുന്നു. ഇതിന്റെ തവണ മുടങ്ങിയതോടെ ധനകാര്യ സ്ഥാപന ജീവനക്കാർ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. വാഹനം പണയപ്പെടുത്തി ധനകാര്യ സ്ഥാപനത്തിൽനിന്ന് മൂന്നു ലക്ഷം രൂപയാണ് വായ്പയെടുത്തിരുന്നത്.
പ്രതിമാസ തിരിച്ചടവ് തുകയായ 8000 രൂപ രണ്ടു മാസമായി മുടങ്ങിയിരുന്നു. ഇതോടെ ധനകാര്യ സ്ഥാപന ജീവനക്കാർ സജീവിനെയും പിതാവ് മോഹനനെയും ഫോണിൽ വിളിച്ച് പലതവണ ഭീഷണിപ്പെടുത്തിയതായാണ് വിവരം. കടബാധ്യത തീർക്കാൻ ഭൂമി വിൽക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ സജീവ് അസ്വസ്ഥനായിരുന്നു.
തൊഴിലുറപ്പ് ജോലിക്കു പോയിരുന്ന അമ്മ സുലോചന ഇന്നലെ വൈകിട്ട് വീട്ടിലെത്തിയപ്പോൾ വാതിൽ അടച്ച നിലയിലായിരുന്നു. സമീപവാസിയുടെ സഹായത്തോടെ വീടിന്റെ വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ ഹാളിൽ അടുത്തടുത്തായാണ് നാലു പേരെയും തൂങ്ങിയ നിലയിൽ കണ്ടത്.
പിതാവ് മോഹനൻ കൂലിപ്പണിക്കു പോയിരുന്നതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഉപ്പുതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ സജീവ് രണ്ടു മാസമായി വാഹനം മറ്റൊരാൾക്ക് ഓടിക്കാൻ നൽകിയ ശേഷം കോട്ടയത്ത് കൂലിപ്പണി ചെയ്യുകയായിരുന്നു. ഉപ്പുതറ ഒഎംഎൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് ദേവൻ. ദിയ അങ്കണവാടിയിലാണ് പഠിക്കുന്നത്.
ഭീഷണിപ്പെടുത്തിയെന്ന് പിതാവ്
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള ഭീഷണിമൂലമാണ് മകൻ മരിച്ചതെന്ന് സജീവിന്റെ പിതാവ് മോഹനൻ. ”വാഹനത്തിന് ഫിനാൻസ് ഉണ്ടായിരുന്നു. മൂന്നുലക്ഷം രൂപയായിരുന്നു വായ്പ. 1,40,000 രൂപ അടച്ചിരുന്നു. ബാക്കിത്തുക അടയ്ക്കാനുണ്ട്. രണ്ടുമാസത്തെ അടവ് കുടിശികയായതോടെ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരൻ വിളിച്ച് അസഭ്യം പറയാൻ തുടങ്ങി. മകനെയും തന്നെയും വിളിച്ച് ഭീഷണിപ്പെടുത്തി.
ഭീഷണിപ്പെടുത്തുകയാണെന്നു പറഞ്ഞ് മകൻ കരഞ്ഞപ്പോൾ വീട് വിറ്റിട്ട് പോകാമെന്നു താൻ പറഞ്ഞിരുന്നു. വീട് വിറ്റിട്ടാണെങ്കിലും പണം അടയ്ക്കാമെന്ന് ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരനോടു പറഞ്ഞപ്പോഴും അസഭ്യം പറഞ്ഞു. മകന്റെ പേരിലാണ് വാഹനം. ചെക്കും കരമടച്ച രസീതുമെല്ലാം താനാണ് കൊടുത്തത്”-മോഹനൻ പറഞ്ഞു.