അടിമാലി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പാലായിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ.മാണിയുടെ മറുപടി.
ഉടൻ അദ്ദേഹത്തിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങി ‘ജോസ് കെ.മാണി പാലായിൽത്തന്നെ മത്സരിക്കും. അത് പാർട്ടിയുടെ തീരുമാനമാണ്, സമയത്ത് പ്രഖ്യാപിക്കും.
നല്ല വിജയം എല്ലാ മേഖലയിലും ഉണ്ടാകും’ എന്നു റോഷി ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് മൈക്ക് തിരിച്ചു വാങ്ങാൻ ജോസ് കെ.മാണി ശ്രമിക്കുന്നതും കാണാമായിരുന്നു.എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയുടെ ഇടുക്കിയിലെ പര്യടനത്തിന്റെ ഭാഗമായി അടിമാലിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
പാലായിൽ മാണി സി.കാപ്പൻ എംഎൽഎ വികസന പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ഈ പോരായ്മ പ്രചാരണവേളയിൽ ചൂണ്ടിക്കാട്ടുമെന്നും ജോസ് പറഞ്ഞു.
‘സ്വന്തം കഴിവുകേടുകൾ പുറത്തു പറയാനും അതു ന്യായീകരിക്കാനും മാണി സി.കാപ്പന് ഒരു ജാള്യവുമില്ല. പാലായിൽ വികസനമില്ലാത്തതിനെപ്പറ്റിയുള്ള ചോദ്യങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനാണ് കാപ്പൻ ആരോപണം ഉന്നയിക്കുന്നത്.
മാതാവിനെ പ്രാർഥിക്കുന്ന ആളാണു ഞാനും. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നവരോട് മറുപടിയില്ല’– ജോസ് പറഞ്ഞു.
യുഡിഎഫുമായി ചർച്ച നടത്തിയോ എന്ന കാര്യം ജോസ് കെ.മാണി പാലായിലെ കുരിശുപള്ളി മാതാവിനു മുന്നിൽ വച്ചു പറയട്ടെ എന്ന മാണി സി.
കാപ്പന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്കായിരുന്നു ഈ മറുപടി.കഴിഞ്ഞ മാസം കോട്ടയത്തു ചേർന്ന പാർട്ടിയുടെ സുപ്രധാന സ്റ്റീയറിങ് കമ്മിറ്റി യോഗത്തിനു ശേഷവും പാലായിൽത്തന്നെ ജോസ് കെ.മാണി മത്സരിക്കുമെന്ന കാര്യം റോഷി അറിയിച്ചിരുന്നു.
തൊടുപുഴ മണ്ഡലത്തിൽ വികസന മുരടിപ്പ്: ജോസ് കെ.മാണി എംപി
കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പി.ജെ.ജോസഫിന്റെ മണ്ഡലമായ തൊടുപുഴയിൽ വികസന മുരടിപ്പാണെന്ന് ആരോപിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് ഒരുക്കിയ സ്വീകരണത്തിലാണ് വിമർശനം.
ഇടുക്കിയിലെ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് ഇവിടെ വികസനമില്ല. പക്ഷേ ഈ മണ്ഡലത്തിലെ ജനങ്ങളെ തങ്ങൾക്ക് ഉപേക്ഷിക്കാനാവില്ലെന്നും എറണാകുളത്തിന്റെ ഉപഗ്രഹ നഗരമായി തൊടുപുഴയെ വികസിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കണക്ക് പ്രകാരം തൊടുപുഴ നഗരസഭയിലെ 5365 പേർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ നൽകിയിട്ടുണ്ട്. ഒരു വർഷം 12 കോടി രൂപയോളം പെൻഷൻ ഇനത്തിൽ മാത്രം തൊടുപുഴയിൽ സർക്കാർ ചെലവഴിക്കുന്നുണ്ടെന്നും ഇടുക്കിയിൽ എൽഡിഎഫിന് അനുകൂല ട്രെൻഡാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ അടിമാലിയിൽ നിന്നു തുടങ്ങിയ ജാഥ സ്വീകരണം ഏറ്റുവാങ്ങിയതിനു ശേഷം ചെറുതോണിയിലെത്തി.
അവിടെനിന്നു വൈകിട്ട് ആറിനാണ് തൊടുപുഴയിൽ എത്തിയത്. തൊടുപുഴ കെഎസ്ആർടിസി ജംക്ഷനിൽ നിന്നു തുറന്ന ജീപ്പിൽ ഗാന്ധി സ്ക്വയറിലേക്കു ജാഥയായി എത്തിയതിനു ശേഷമാണ് ജോസ് കെ.മാണി പ്രവർത്തകരെ അഭിസംബോധന ചെയ്തത്.
തുടർന്ന് പ്രവർത്തകർ ഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. പൊതുസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ വി.ആർ.പ്രമോദ് അധ്യക്ഷനായി.
കൺവീനർ മുഹമ്മദ് ഫൈസൽ, എൽഡിഎഫ് നേതാക്കളായ കെ.കെ.ജയചന്ദ്രൻ, കെ.പി.മേരി, സി.വി.വർഗീസ്, വി.വി.മത്തായി, ടി.ആർ.സോമൻ, പി.പി.സുമേഷ്, ടി.കെ.ശിവൻ നായർ, ലിനു ജോസ്, കെ.സലിംകുമാർ, കെ.ഐ.ആന്റണി, ജിമ്മി മറ്റത്തിപ്പാറ, റെജി കുന്നംകോട്ട്, അനിൽ കൂവപ്ലാക്കൽ, കെ.എം.ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

