
കുമളി∙ മന്നാക്കുടി ആദിവാസി കോളനിയിൽനിന്ന് കാണാതായ അയ്യപ്പനെക്കുറിച്ച് 55 ദിവസം കഴിഞ്ഞിട്ടും വിവരമൊന്നുമില്ല. പൊലീസ് അന്വേഷണവും നിലച്ചതോടെ അയ്യപ്പന് എന്തു സംഭവിച്ചുവെന്നറിയാതെ വിഷമിക്കുകയാണ് കുടുംബം. മേയ് 12നാണ് അയ്യപ്പനെ കാണാതാകുന്നത്.
തലേദിവസം സഹോദരിയുടെ മകളുടെ വീട്ടിൽ മറന്നുവച്ച മൊബൈൽ ഫോൺ എടുക്കാനായി ഭാര്യയുടെ കയ്യിൽനിന്നു 30 രൂപയും വാങ്ങിയാണ് അയ്യപ്പൻ പോയത്.
വൈകിട്ടായിട്ടും കാണാതായതോടെ സഹോദരിയുടെ മകളെ വിളിച്ച് അന്വേഷിച്ചു. അപ്പോൾ തന്റെ ഭർത്താവിനൊപ്പം വീട്ടിലേക്ക് വന്നിട്ടുണ്ടെന്നറിയിച്ചു.
എന്നാൽ പുലർച്ചെ വരെ കാത്തെങ്കിലും കണ്ടില്ല. അടുത്ത ദിവസം രാവിലെ സഹോദരിയുടെ മകളുടെ ഭർത്താവിനെ ബന്ധപ്പെട്ടെങ്കിലും തനിക്കൊപ്പം വന്നില്ല എന്നായിരുന്നു മറുപടി.
ഇതിനിടെ മകൻ പോയി ഫോൺ വാങ്ങി വന്നു. തുടർന്ന് കുമളി പൊലീസിൽ പരാതി നൽകി.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം വീട്ടിൽ അന്വേഷിച്ചു.
വനത്തിൽ പോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം വനംവകുപ്പിന്റെ സഹായത്തോടെ തിരച്ചിൽ നടത്തി. രാവിലെ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ വീടിനു സമീപത്തുള്ള സിസിടിവിയിൽ നിന്നു കിട്ടിയിരുന്നു.
പൊലീസ് നായയെ എത്തിച്ച് രണ്ടു വീടുകളിലും പരിശോധന നടത്തി. എന്നാൽ അയ്യപ്പനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇതോടെ പൊലീസും പിൻവാങ്ങി. കാണാതായതിന്റെ രണ്ടു ദിവസം മുൻപ് സഹോദരിയുടെ മകളുമായി വഴക്കുണ്ടായതായി പറയപ്പെടുന്നു. അയ്യപ്പൻ ജീവനോടെ തിരിച്ചു വരുമെന്ന വിശ്വാസത്തിലാണ് ഭാര്യയും മകനും.
കോൺഗ്രസ് സമരം നടത്തി
അയ്യപ്പനെ കാണതായതിൽ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട് മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി.റഹിം അധ്യക്ഷത വഹിച്ചു.
പ്രസാദ് മാണി, സനൂപ് സ്കറിയ, ടി.എൻ.ബോസ് തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]