
ജില്ലാ പഞ്ചായത്ത് നിർമിച്ച യുവജനക്ഷേമ കേന്ദ്രം
തൊടുപുഴ ∙ ആസൂത്രണമില്ലാതെ 10 ലക്ഷം രൂപ മുടക്കി ജില്ലാ പഞ്ചായത്ത് പണിത അരിക്കുഴയിലുള്ള യുവജനക്ഷേമ കേന്ദ്രം, ഹരിതകർമ സേനയുടെ മാലിന്യം തള്ളൽ കേന്ദ്രമായി. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2021–ൽ നിർമിച്ച കെട്ടിടം ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.കോൺക്രീറ്റ് പില്ലറുകൾക്കു മുകളിലുള്ള കെട്ടിടം, റോഡിൽ നിന്നു അഞ്ചടി ദൂരത്താണു നിർമിച്ചിരിക്കുന്നത്.
അതിനാൽ കെട്ടിടത്തിലേക്ക് കടക്കുന്നത് റാംപ് വഴിയാണ്. ഇതുതന്നെയാണു പ്രധാന പ്രശ്നവും.
കെട്ടിടം മുകളിലായതിനാൽ പില്ലറുകളുടെ ചുവട്ടിൽ ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം ചാക്കുകളിലാക്കി കൂട്ടിയിടുകയാണ്. മാലിന്യം കൂട്ടിയിടാൻ വേറെ സ്ഥലം ഇല്ലാത്തതു കൊണ്ടാണ് ഇവിടെ തള്ളുന്നതെന്നും വാഹനം വരുമ്പോൾ മാലിന്യം നീക്കം ചെയ്യാറുണ്ടെന്നും വാർഡ് അംഗം പറയുന്നു.
കെട്ടിടം നിർമിച്ച് ഫണ്ട് മാറി 4 വർഷമായിട്ടും ഇതുവരെയും കെട്ടിടത്തിന്റെ ഇരുവശങ്ങളിലും മുൻഭാഗത്തുമായി കൈവരികൾ സ്ഥാപിച്ചിട്ടില്ല. അതിനാൽ വരാന്തയിൽ നിൽക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ താഴെ വീഴാം. പ്ലമിങ്, വയറിങ് എന്നീ പ്രവൃത്തികളും നടന്നിട്ടില്ല.
സൗകര്യപ്രദമായ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാതെ കെട്ടിടം നിർമിച്ചു എന്നല്ലാതെ യുവജനങ്ങൾ ഇവിടേക്കു തിരിഞ്ഞു നോക്കാറില്ല.
കൂടാതെ, ജില്ലാ പഞ്ചായത്ത് ഇതുവരെയും സ്ഥലം ഏറ്റെടുത്തിട്ടുമില്ല.ജില്ലാ പഞ്ചായത്ത് ആസൂത്രണമില്ലാതെ നിർമിച്ച വിവിധ പദ്ധതികൾ ജനങ്ങൾക്ക് ഉപകാരമില്ലാതെ നശിക്കുകയാണ്. കെടുകാര്യസ്ഥതയുടെ ഇടമായി മാറുന്ന ജില്ലാ പഞ്ചായത്തിൽ ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് പോലും ഉദ്യോഗസ്ഥർ വില കൽപിക്കാറില്ല.
ജില്ലാ പഞ്ചായത്ത് നിർമിച്ച വനിതാ റിക്രിയേഷൻ സെന്റർ
ചെറുതോണി ∙ ജില്ലാ പഞ്ചായത്ത് 34 ലക്ഷം രൂപ ചെലവഴിച്ചു വാഴത്തോപ്പ് പഞ്ചായത്തിൽ നിർമിച്ച വനിതാ റിക്രിയേഷൻ സെന്റർ കാടുകയറി. 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകളുടെ മാനസിക, ശാരീരിക ഉല്ലാസത്തിനാണ് കെട്ടിടം നിർമിച്ചത്. ആദ്യഘട്ട
നിർമാണത്തിനു ശേഷം മൂന്നു വർഷത്തോളം ആരും തിരിഞ്ഞുനോക്കാതെ കിടന്ന കെട്ടിടത്തിനായി തുടർന്നുള്ള വർഷങ്ങളിലും ജില്ലാ പഞ്ചായത്ത് തുക ചെലവഴിച്ചു.
എന്നാൽ ഒരു ദിവസം പോലും ഉപയോഗിക്കാതെ വന്നതോടെ കെട്ടിടം കാടുകയറി മൂടി. ഇതോടെ പദ്ധതിയെ പാഴ്ച്ചെലവിന്റെ പട്ടികയിൽ സംസ്ഥാന ഓഡിറ്റ് വിഭാഗം ഉൾപ്പെടുത്തി.
നാട്ടുകാർക്കു പദ്ധതി കൊണ്ടു പ്രയോജനമില്ലെന്നു കണ്ടെത്തിയതോടെ 2023–24 സാമ്പത്തികവർഷം അനുവദിച്ചിരുന്ന 4.49 ലക്ഷം രൂപ ഓഡിറ്റ് വിഭാഗം തടഞ്ഞിരുന്നു.
പദ്ധതിക്കായി ആകെ വിനിയോഗിച്ച തുക ധനദുർവിനിയോഗമായി കണക്കാക്കി ഉത്തരവാദികളിൽ നിന്ന് ഈടാക്കാനും ഓഡിറ്റ് വിഭാഗം കഴിഞ്ഞ ഡിസംബറിൽ നിർദേശിച്ചു. വാഴത്തോപ്പ് ഗവ.
എൽപി സ്കൂളിനു സമീപം ഇടുക്കി–ഉടുമ്പന്നൂർ റോഡരികിൽ സ്വകാര്യ വ്യക്തിയിൽ നിന്നു വാങ്ങിയ സ്ഥലത്താണു റിക്രിയേഷൻ സെന്റർ നിർമിച്ചിരിക്കുന്നത്.
ഫണ്ട് പോയ വഴി
∙ 2019–20 വാർഷിക പദ്ധതിയിൽ 24 ലക്ഷം രൂപ. വനിതാ റിക്രിയേഷൻ സെന്റർ നിർമാണം.
∙ പണി പൂർത്തിയാകാത്തതിനാൽ ഉദ്ഘാടനം പോലും നടത്താത്ത സെന്ററിന് അറ്റകുറ്റപ്പണികളുടെ പേരിൽ 2021–22 വർഷത്തിൽ 4.56 ലക്ഷം രൂപ കൂടി അനുവദിച്ചു.
∙ പിന്നീട് ശുചിമുറി നിർമാണത്തിനായി 5.39 ലക്ഷം രൂപയും ചെലവഴിച്ചു.
∙ ആകെ: 33.95 ലക്ഷം രൂപ
അവസാനഘട്ട
പണികൾ പൂർത്തിയാകാത്തതിനാലാണു കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്തു നിർമിച്ച വനിതാ റിക്രിയേഷൻ സെന്റർ തുറന്നുകൊടുക്കാതിരുന്നത്.
കെ.ജി.സത്യൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെംബർ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]