
മൂന്നാറിലെ മാലിന്യം: ഉദ്യോഗസ്ഥരെ ശാസിച്ച് മന്ത്രി; പ്രദേശം ചവറുകൂനയാക്കാൻ അനുവദിക്കില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ ∙ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിനെ മാലിന്യമുക്തമായി സംരക്ഷിക്കാത്തതിന് എതിരെ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ശാസന. പഞ്ചായത്ത് സെക്രട്ടറിയെ നേരിൽ വിളിച്ചാണ് മന്ത്രി എം.ബി.രാജേഷ് ശാസിച്ചത്. ഇടമലക്കുടി പഞ്ചായത്ത് ഓഫിസ് ഉദ്ഘാടനത്തിനായി മൂന്നാറിൽ രണ്ടു ദിവസം തങ്ങിയ മന്ത്രി ടൗണിലും പരിസരങ്ങളിലും മാലിന്യങ്ങൾ വൻതോതിൽ വലിച്ചെറിഞ്ഞിട്ടുള്ളത് നേരിൽ കണ്ടതിനെ തുടർന്നായിരുന്നു പ്രതികരണം.
മൂന്നാറിനെ ചവറുകൂനയാക്കാൻ അനുവദിക്കില്ലെന്നും മൂന്നാറിലെ മാലിന്യക്കാഴ്ച അരോചകമുണ്ടാക്കുന്നതായും മേഖലയെ മാലിന്യമുക്തമായി നിലനിർത്താൻ സർക്കാർ സമഗ്രമായ കർമപദ്ധതികൾ നടപ്പാക്കുമെന്നും പിന്നീട് മന്ത്രി പറഞ്ഞു. മാലിന്യം വലിച്ചെറിയുന്നവർ എത്ര ഉന്നതരായാലും കണ്ണിൽ ചോരയില്ലാത്ത വിധത്തിൽ പിഴ ചുമത്തണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പാരിതോഷികം ഉയർത്തും
പിഴത്തുകയുടെ നാലിലൊന്ന് വിവരം നൽകുന്നവർക്ക് നൽകാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. നിലവിൽ 2500 രൂപയാണ് മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച് വിവരം നൽകുന്നവർക്കുള്ള പാരിതോഷികം.എന്നാൽ ഇനി മുതൽ പിഴത്തുക വർധിപ്പിക്കുന്നതോടൊപ്പം ഈ തുകയുടെ നാലിലൊന്ന് പാരിതോഷികം നൽകുന്നതിനുള്ള തീരുമാനം ഉടൻ സർക്കാർ പ്രഖ്യാപിക്കും. തൊഴിലില്ലാത്ത ചെറുപ്പക്കാർക്കും മറ്റും ഇത്തരക്കാരായ ഫോണിൽ പകർത്തി വിവരം അതതു പഞ്ചായത്തുകളെ അറിയിച്ചാൽ പാരിതോഷിക ഇനത്തിൽ മികച്ച വരുമാനം നേടാൻ കഴിയുമെന്നും മന്ത്രി മൂന്നാറിൽ പറഞ്ഞു.