
ചെറുതോണി ∙ ഓണക്കാലം അടുത്തെത്തിയിട്ടും ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സഞ്ചാരികൾക്കായി തുറന്നു നൽകാത്തതിൽ പ്രതിഷേധം. അറ്റകുറ്റപ്പണികളുടെ പേരിൽ മേയ് അവസാന വാരത്തോടെയായിരുന്നു അണക്കെട്ടുകൾ താൽക്കാലികമായി അടച്ചത്.
കുറവൻ, കുറത്തി മലകളിൽ നിന്നു പാറ അടർന്നു വീഴുന്നതു തടയുന്നതിനുള്ള ജോലികൾ പൂർത്തിയാക്കുന്നതിനും ചെറുതോണി അണക്കെട്ടിലെ ഷട്ടറുകൾ പരിശോധിക്കുന്നതിനുള്ള റാംപുകൾ നിർമിക്കുന്നതിനുമായിരുന്നു പദ്ധതി. എന്നാൽ മഴ ശക്തമായി അണക്കെട്ടിൽ വെള്ളം ഉയർന്നതോടെ ജോലികൾ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
ഓണം ടൂറിസം വാരാഘോഷങ്ങളോടനുബന്ധിച്ചും ക്രിസ്മസിനും മധ്യവേനൽ അവധിക്കാലത്തുമാണ് ഇടുക്കി അണക്കെട്ടിൽ സന്ദർശകർ കൂടുതലായി എത്തുന്നത്.
എന്നാൽ, സന്ദർശനാനുമതി ഇല്ലെന്ന് അറിയാതെ ദിവസവും ഒട്ടേറെ സഞ്ചാരികൾ ഇവിടേക്ക് എത്തുന്നുണ്ടെന്നു നാട്ടുകാർ പറയുന്നു. ഈ സാഹചര്യത്തിൽ ഓണക്കാലത്ത് അണക്കെട്ടുകളിലേക്ക് സഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകുന്നതിനു തടസ്സമില്ലെന്നാണ് കെഎസ്ഇബിയുടെ നിലപാട്.
സർക്കാരാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.
സുരക്ഷാ പ്രശ്നങ്ങളുടെ പേരിൽ അണക്കെട്ടുകൾക്കു മുകളിലൂടെ കാൽനട യാത്ര വിലക്കിയതോടെ ഹൈഡൽ ടൂറിസം വിഭാഗം ബഗ്ഗി കാറുകളിലൂടെയായിരുന്നു അണക്കെട്ടുകളിലേക്ക് സഞ്ചാരികളെ എത്തിച്ചിരുന്നത്.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന 8 ബഗ്ഗി കാറുകളാണ് ഇതിനായി വാങ്ങിയത്. ഏറെനാൾ പ്രവർത്തിക്കാതിരുന്നാൽ ഈ വാഹനങ്ങൾ നശിച്ചു പോകുമെന്നും ജീവനക്കാർ പറയുന്നു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2377.16 അടി
തൊടുപുഴ ∙ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2377.16 അടിയായി ഉയർന്നു.
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. അണക്കെട്ടിൽ ഇപ്പോൾ സംഭരണശേഷിയുടെ 71 ശതമാനം വെള്ളമുണ്ട്.
ഇന്നലെ മഴപ്രദേശത്ത് 27.8 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ ഡാമിൽ 17.70 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. മൂലമറ്റം വൈദ്യുത നിലയത്തിൽ 14.00 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.
ഡാമിൽ കഴിഞ്ഞ വർഷത്തെക്കാൾ 9.5 അടി വെള്ളം കൂടുതലുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]