
കമ്പംമെട്ട്- വണ്ണപ്പുറം മലയോര ഹൈവേ: ഈ വേഗം പോരാ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെടുങ്കണ്ടം ∙ കമ്പംമെട്ട്- വണ്ണപ്പുറം മലയോര ഹൈവേയുടെ ആദ്യ റീച്ചായ കമ്പംമെട്ട്-ആശാരിക്കവല റോഡിന്റെ നിർമാണം അവസാനഘട്ടത്തിലെത്തിയിട്ടും ബാക്കിയായ നിർമാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നു. ക്രാഷ് ബാരിയറുകളുടെ നിർമാണവും അശാസ്ത്രീയം. കമ്പംമെട്ട് മുതൽ കല്ലാർ വരെയുള്ള റോഡ് നിർമാണം പൂർത്തീകരിച്ചെങ്കിലും ചേമ്പളം മുതൽ എഴുകുംവയൽ-ആശാരിക്കവല വരെയുള്ള ഭാഗത്തെ അവസാന ഘട്ട പ്രവർത്തനങ്ങളാണ് ഇഴഞ്ഞുനീങ്ങുന്നത്.മാസങ്ങൾക്ക് മുൻപു തന്നെ രണ്ടു ഘട്ട ടാറിങ് കഴിഞ്ഞെങ്കിലും ചേമ്പളം മുതലുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള കോൺക്രീറ്റിങ് ജോലികൾ ഇതുവരെയും പൂർത്തിയാക്കിയിട്ടില്ല. മിക്കയിടത്തും റോഡിന്റെ ഒരു വശം മാത്രമാണ് ഇതിനോടകം കോൺക്രീറ്റ് ചെയ്തിരിക്കുന്നത്.
ചേമ്പളം മുതൽ എഴുകുംവയൽ വരെയുള്ള റോഡിൽ അപകട സാധ്യതയുള്ള ഭാഗങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചെങ്കിലും ഏതാനും ചിലത് മാത്രമാണ് കോൺക്രീറ്റിൽ ഉറപ്പിച്ചിരിക്കുന്നത്. ശേഷിക്കുന്ന ഭാഗത്ത് വെറും മണ്ണിലാണ് ബാരിയറുകൾ സ്ഥാപിച്ചിരിക്കുന്നത്.റോഡിൽനിന്നു തെന്നിമാറുന്ന വാഹനങ്ങൾ കൊക്കയിലേക്ക് വീഴാതെ തടയുന്നതിനും അപകടത്തിന്റെ ആഘാതം കുറയ്ക്കാനുമായാണ് ബാരിയറുകൾ സ്ഥാപിക്കുന്നതെങ്കിൽ വെറുതേ മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന ബാരിയറുകൾ എങ്ങനെ അപകടം തടയുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
റോഡ് നിർമാണത്തിന്റെ ഏറ്റവുമൊടുവിലത്തെ ഘട്ടമായി ഇരുവശവും കോൺക്രീറ്റ് ചെയ്യുന്നതോടെ ക്രാഷ് ബാരിയറുകൾ ബലപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷ. സംരക്ഷണഭിത്തികളുടെ കോൺക്രീറ്റിങ് ജോലികളും ഇനിയും പൂർത്തിയാകാനുണ്ട്.മഴക്കാലത്തിനു മുൻപായി കോൺക്രീറ്റിങ് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം സംരക്ഷണഭിത്തികൾക്കും റോഡിന് സമീപത്തെ വീടുകൾക്കും ഭീഷണിയാകും. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി യാതൊരുവിധ നിർമാണ പ്രവർത്തനങ്ങളും നടക്കുന്നില്ല.