തൊടുപുഴ ∙ ജില്ലയിലെ പല മൃഗാശുപത്രികളിലും സ്ഥിരം ഡോക്ടറുടെ സേവനം ഇല്ലാതായിട്ടു മാസങ്ങൾ. കാലികൾക്ക് രോഗം വന്നാൽ കൃത്യമായ ചികിത്സ ലഭിക്കാതെ വലയുകയാണ് കർഷകർ.
അരുമ മൃഗങ്ങളെ വളർത്തുന്നവരും ബുദ്ധിമുട്ടുകയാണ്. പലപ്പോഴും അടിയന്തര ചികിത്സയ്ക്കു വളർത്തു മൃഗങ്ങളുമായി ആശുപത്രികളിൽ എത്തുമ്പോഴാണ് ഡോക്ടർ ഇല്ലെന്നു മനസ്സിലാവുന്നത്.
ഡോക്ടർമാരില്ലാത്ത മൃഗാശുപത്രികളിൽ സമീപ പഞ്ചായത്തിലെ ഡോക്ടർമാർക്കാണു ചുമതല. ചുമതലയുള്ള പഞ്ചായത്തുകളിൽ ഡോക്ടർമാർ കൃത്യമായി എത്താത്തതു കർഷകർക്കു കൂടുതൽ ദുരിതമാകുകയാണ്.
മൃഗാശുപത്രികളിൽ ഡോക്ടറില്ലാത്തതിന്റെ പഴി കേൾക്കേണ്ടി വരുന്നത് ആശുപത്രിയിലെ മറ്റു ജീവനക്കാരാണ്.
കട്ടപ്പനയിലും കർഷകർക്ക് ദുരിതം
കട്ടപ്പന സർക്കാർ വെറ്ററിനറി പോളി ക്ലിനിക്കൽ 3 ഡോക്ടർമാരുടെയും തസ്തികകളിൽ ആളില്ലാതായിട്ട് മാസങ്ങളായി. മറ്റ് മൂന്നിടങ്ങളിൽനിന്നുള്ള ഡോക്ടർമാരെ ആഴ്ചയിൽ രണ്ടുദിവസം വീതം ഇവിടേക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും കർഷകർക്ക് കാര്യമായ പ്രയോജനം ഉണ്ടാകുന്നില്ല.
സീനിയർ വെറ്ററിനറി സർജൻ, വെറ്ററിനറി സർജൻ എന്നീ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഒരു ഡോക്ടർ പ്രസവാവധിയിലുമാണ്.
2024 മേയിൽ ഒരു ഡോക്ടർ വിരമിച്ചശേഷം പകരം നിയമനം നടന്നിട്ടില്ല.
മറ്റൊരു ഡോക്ടർക്ക് ഏപ്രിലിൽ സ്ഥലംമാറ്റമായെങ്കിലും പകരം ആളെത്തിയില്ല. മറ്റൊരു ഡോക്ടർ മേയ് മുതൽ പ്രസവാവധിയിലാണ്.
അതോടെയാണ് വെളളയാംകുടി, പുറ്റടി, ഇരട്ടയാർ എന്നീ ക്ലിനിക്കുകളിൽ നിന്നുള്ള ഡോക്ടർമാർക്ക് പകരം ചുമതല നൽകിയത്. ഒപിയിൽ ദിവസേന 60 മുതൽ 80 വരെ മൃഗങ്ങളെ പരിശോധനയ്ക്കും മറ്റുമായി എത്തിക്കുന്ന ആശുപത്രിക്കാണ് ഈ ദുരവസ്ഥ.
കൽത്തൊട്ടി, വളകോട്, തങ്കമണി തുടങ്ങി ഹൈറേഞ്ച് മേഖലയിലെ പല മൃഗാശുപത്രികളിലും സ്ഥിരം ഡോക്ടറുടെ തസ്തികയിൽ ആളില്ല.
പട്ടയക്കുടി ഉപകേന്ദ്രത്തിലും ആളില്ല
ഒരു മാസമായി പട്ടയക്കുടി ആനക്കുഴി മൃഗസംരക്ഷണ ഉപകേന്ദ്രത്തിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറുടെ സേവനം ഇല്ല. കാലി വളർത്തൽ ഉൾപ്പെടെയുള്ള മൃഗ പരിപാലനത്തിൽനിന്ന് കിട്ടുന്ന ഉൽപന്നങ്ങൾ വിറ്റാണ് ഇവിടെയുള്ളവർ ഉപജീവനം നടത്തുന്നത്.
സെന്ററിൽ ജീവനക്കാർ ഇല്ലാത്തതിനാൽ മൃഗങ്ങളുടെ പ്രജനന കുത്തിവയ്പ്പും പ്രതിരോധ കുത്തിവയ്പ്പും ഉൾപ്പെടെ മുടങ്ങിയിരിക്കുകയാണ്. ഒരു മാസം മുൻപാണ് ഇവിടുത്തെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സ്ഥലം മാറിപ്പോയത്.
പകരം ആളെ നിയമിച്ചിട്ടില്ല. മുള്ളരിങ്ങട് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്കാണ് താൽക്കാലിക ചുമതല.
കൂട്ടാറിലും മുണ്ടിയെരുമയിലും ഡോക്ടറില്ല
കരുണാപുരം പഞ്ചായത്തിനു കീഴിൽ കൂട്ടാറിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിയിൽ ഡോക്ടറുടെ കസേര ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
മുൻപുണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറിപ്പോയ ഒഴിവിലേക്ക് ഇതുവരെ നിയമനം നടത്തിയിട്ടില്ല. നെറ്റിത്തൊഴു മൃഗാശുപത്രിയിലെ ഡോക്ടർക്കാണ് കരുണാപുരം മൃഗാശുപത്രിയുടെ അധിക ചുമതല.
പാമ്പാടുംപാറ പഞ്ചായത്തിന് കീഴിൽ മുണ്ടിയെരുമയിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിയിലും ഡോക്ടറില്ലാതായിട്ടു മാസങ്ങളായി. മുൻ ഡോക്ടർ ജനുവരി 31ന് വിരമിച്ച ഒഴിവാണ് ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നത്.
നെടുങ്കണ്ടത്തെ ഡോക്ടർക്കാണ് അധിക ചുമതല.
വട്ടവടയിൽ വളർത്തു മൃഗങ്ങൾ ചാകുന്നു
വട്ടവട പഞ്ചായത്തിലെ മൃഗാശുപത്രിയിൽ മാസങ്ങളായി ഡോക്ടർ ഇല്ലാത്തത് കാരണം വളർത്തുമൃഗങ്ങൾ ചികിത്സ ലഭിക്കാതെ ചാകുന്നത് പതിവാകുന്നു.
വർഷങ്ങളായി ഇവിടേക്ക് ഡോക്ടറെ നിയമിക്കാത്തതിനാൽ ആശുപത്രിയുടെ ചുമതലയിലുള്ള സമീപ പഞ്ചായത്തിലെ ഡോക്ടർ മാസങ്ങളായി വട്ടവടയിലേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വട്ടവട
പഞ്ചായത്തിലെ ഊർക്കാട് പ്രവർത്തിക്കുന്ന ആശുപത്രിയിൽ മാസങ്ങളായി ഒരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറും ഒരു പാർട്ട് ടൈം സ്വീപ്പറും മാത്രമാണുള്ളത്. ഇൻസ്പെക്ടറാകാട്ടെ വല്ലപ്പോഴും മാത്രമാണ് ഓഫിസിലെത്തുന്നത്.
അസുഖം ബാധിച്ച കന്നുകാലികൾ, ആടുകൾ, മറ്റ് വളർത്തുമൃഗങ്ങൾ എന്നിവയുമായി ചികിത്സ തേടി കിലോമീറ്ററുകൾ സഞ്ചരിച്ച് ആശുപത്രിയിലെത്തിയാൽ ചികിത്സിക്കാനാളില്ലാതെ മടങ്ങേണ്ട
അവസ്ഥയിലാണ് നാട്ടുകാർ. യഥാസമയത്ത് ചികിത്സ നൽകാത്തതിനാൽ വട്ടവട
പഞ്ചായത്തിൽ കൃഷിയിടങ്ങളിലും മറ്റും കിടന്ന് മൃഗങ്ങൾ ചാകുന്നതു പതിവാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]